ഒറ്റ ചാർജിൽ 400KM ഓടുന്ന സ്കൂട്ടറുകൾ ഇനി കുറഞ്ഞ വിലയിൽ രാജ്യമെങ്ങും! സിമ്പിളിന് 250 കോടിയുടെ പുതിയ നിക്ഷേപം
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരു ആസ്ഥാനമായ സിമ്പിള്‍ എനര്‍ജി പുതിയ നിക്ഷേപം സമാഹരിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ മികച്ച സ്വീകാര്യതയുള്ള ബ്രാന്‍ഡായി മാറിയ സിമ്പിള്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബാറ്ററി നിര്‍മ്മാണ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമായായാണ് നിക്ഷേപകരില്‍ നിന്ന് 250 കോടി രൂപ സമാഹരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് സിമ്പിള്‍ എനര്‍ജി.
വിപണിയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള പ്രമുഖ ബ്രാന്‍ഡുകളെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് കമ്പനികളെല്ലാം പ്രതിമാസം പതിനായിരത്തില്‍ താഴെ യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടി വിപണി വിഹിതം ഉയര്‍ത്താന്‍ സിമ്പിള്‍ എനര്‍ജി ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിമാസം ശരാശരി 1,500 സ്‌കൂട്ടറുകള്‍ മാത്രമാണ് സിമ്പിള്‍ എനര്‍ജി വിറ്റഴിക്കുന്നത്.

കമ്പനിയുടെ ഇപ്പോഴത്തെ വാഹന നിര്‍മാണ പ്ലാന്റിന്റെ പ്രതിമാസ ഉത്പാദന ശേഷി പരമാവധി 3,000 യൂണിറ്റ് ആണ്. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കമ്പനിക്ക് കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ഉള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപണന ശൃംഖല വളരെ കുറവായത് നിലവില്‍ ഇവരുടെ വില്‍പ്പന വോളിയത്തെ ബാധിക്കുന്നുണ്ട്.
ലഭിച്ച പുതിയ 250 കോടി രൂപയുടെ മൂലധന നിക്ഷേപം ഉപയോഗിച്ച് തങ്ങളുടെ പ്ലാന്റിലെ ബാറ്ററി ഉത്പാദനത്തിനുള്ള മെക്കാനിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണമായി നവീകരിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. നിലവില്‍ രാജ്യത്തെ 38 നഗരങ്ങളിലായി 71 ഷോറൂമുകള്‍ മാത്രമാണ് ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കുള്ളത്. വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിമാസ വില്‍പ്പന 10,000 യൂണിറ്റുകളായി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

നിലവില്‍ സിമ്പിള്‍ വണ്‍ (Simple One), സിമ്പിള്‍ വണ്‍ S (Simple One S), സിമ്പിള്‍ അള്‍ട്രാ (Simple Ultra) എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 190 കിലോമീറ്റര്‍ മുതല്‍ പരമാവധി 400 കിലോമീറ്റര്‍ വരെയുള്ള അതിശയിപ്പിക്കുന്ന റൈഡിംഗ് റേഞ്ചാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള ഇവി സ്‌കൂട്ടറുകളില്‍ ഒന്നാണിത്.
സാങ്കേതിക മികവും ഉയര്‍ന്ന മെക്കാനിക്കല്‍ പെര്‍ഫോമന്‍സും മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത ഈ സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ 1.65 ലക്ഷം രൂപ മുതല്‍ 2.35 ലക്ഷം രൂപ വരെയാണ് നിലവില്‍ എക്‌സ്-ഷോറൂം വില വരുന്നത്. ഉയര്‍ന്ന വിലയാണെങ്കിലും സ്‌പോര്‍ട്ടി ലുക്കും ആധുനിക സവിശേഷതകളും ഇതിനെ ന്യായീകരിക്കുന്നു.
നിര്‍മാണ പരിമിതികളും കുറഞ്ഞ സര്‍വീസ് ശൃംഖലയും കാരണമാണ് സിമ്പിള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച കാണാത്തതെന്ന് ഓട്ടോമൊബൈല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രീമിയം സ്‌പോര്‍ട്ടി മോഡലുകള്‍ക്ക് പുറമെ സാധാരണക്കാരായ ഉപഭോക്താക്കളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് പൂര്‍ണമായും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പുതിയൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനും സിമ്പിള്‍ എനര്‍ജിക്ക് പദ്ധതികളുണ്ട്.
നിലവിലുള്ള മോഡലുകളേക്കാള്‍ വളരെ കുറഞ്ഞ വിലായിരിക്കും ഈ പുത്തന്‍ ഇവി സ്‌കൂട്ടര്‍ വിപണിയിലെത്തുക. ഈ പുതിയ ഫാമിലി സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ റോഡുകളില്‍ സജീവമായി നടക്കുകയാണ്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സസ്പെന്‍ഷനും വലിയ സീറ്റിംഗ് സൗകര്യവും ഇതിലുണ്ടാകും. പുതിയ നിക്ഷേപം ലഭ്യമായതോടെ ഈ കുറഞ്ഞ വിലയുള്ള സ്‌കൂട്ടറിന്റെ നിര്‍മ്മാണവും ലോഞ്ചും വരും മാസങ്ങളില്‍ തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications