88357 യൂണിറ്റ് ലീഡ്, ടൂവീലറുകളിലെ 'മാരുതി'യായി സ്‌പ്ലെൻഡർ! ഇന്ത്യയിലെ ടോപ് 10 ഇരുചക്ര വാഹനങ്ങൾ
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതിലുള്ള വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ട് മുന്‍നിര ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 ടൂവീലര്‍ മോഡലുകള്‍ ചേര്‍ന്നാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട, ടിവിഎസ്, ബജാജ് എന്നിവയുടെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് ഈ വിപണി മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത്.
ഏറ്റവും പുതിയ വിപണി വിവരങ്ങള്‍ പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 ടൂവീലര്‍ മോഡലുകള്‍ ആകെ 12,54,455 യൂണിറ്റുകളുടെ വില്‍പ്പനയാണ് സ്വന്തമാക്കിയത്. 2025 ഏപ്രില്‍ മാസത്തില്‍ ഇത് 10,05,338 യൂണിറ്റുകള്‍ മാത്രമായിരുന്നു. 2025 ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പോയ മാസം ഇരുചക്ര വാഹന വിപണിയില്‍ മൊത്തത്തില്‍ 25 ശതമാനത്തിന്റെ വമ്പന്‍ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ വിശ്വസ്ത മോഡലായ സ്‌പ്ലെന്‍ഡര്‍ (Hero Splendor) പതിവ് പോലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസം മാത്രം ഹീറോ 3,09,131 സ്‌പ്ലെന്‍ഡര്‍ ബൈക്കുകളാണ് രാജ്യത്തുടനീളം വിറ്റഴിച്ചത്. 2025 ഏപ്രിലിലെ 1,97,893 യൂണിറ്റുകളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ തകര്‍പ്പന്‍ വളര്‍ച്ചയാണ് ഈ ജനപ്രിയ ബൈക്ക് സ്വന്തമാക്കിയത്.
ഇരുചക്ര വാഹന വിപണിയിലെ ആദ്യ 10 മോഡലുകളുടെ ആകെ വില്‍പനയുടെ നാലിലൊന്നും സംഭാവന ചെയ്തത് ഈ ഒറ്റ മോഡലാണ്. സ്‌പ്ലെന്‍ഡറിന് പിന്നില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടിവയാണ് (Honda Activa). പോയ മാസം 2,20,774 യൂണിറ്റ് വില്‍പ്പന നേടിയാണ് ആക്ടിവ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. ഇത് മുന്‍ വര്‍ഷത്തെ 1.94 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് 13 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിക്കുന്നു.
ഈ പട്ടികയില്‍ മൂന്നാം സ്ഥാനം സുരക്ഷിതമാക്കിയത് ഹോണ്ടയുടെ ജനപ്രിയ 125 സിസി ബൈക്കായ ഹോണ്ട ഷൈന്‍ (Honda Shine) ആണ്. ഏപ്രില്‍ മാസത്തില്‍ 1,82,874 ഷൈന്‍ ബൈക്കുകളാണ് കമ്പനി വിറ്റഴിച്ചത്. 2025 ഏപ്രിലിലെ 1,68,908 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഷൈന്‍ വില്‍പ്പനയില്‍ 8 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
യുവതലമുറയുടെ പ്രിയപ്പെട്ട സ്‌പോര്‍ട്ടി ബൈക്ക് റേഞ്ച് ആയ ബജാജ് പള്‍സര്‍ (Bajaj Pulsar) ആണ് ടോപ് 10 ടൂവീലറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. കഴിഞ്ഞ മാസം ആകെ 1,31,031 പള്‍സര്‍ ബൈക്കുകളാണ് ബജാജ് ഇന്ത്യയിലുടനീളം വിറ്റത്. മുന്‍വര്‍ഷത്തെ 1,24,012 യൂണിറ്റുകളെ അപേക്ഷിച്ച് 6 ശതമാനത്തിന്റെ മിതമായ വാര്‍ഷിക വളര്‍ച്ചയാണ് പള്‍സര്‍ സീരീസ് സ്വന്തമാക്കിയത്.

ആദ്യ അഞ്ച് സ്ഥാനക്കാരുടെ പട്ടിക പൂര്‍ത്തിയാക്കിയത് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജനപ്രിയ ഫാമിലി സ്‌കൂട്ടറായ ജുപ്പിറ്റര്‍ (TVS Jupiter) സീരീസ് ആണ്. ഏപ്രിലില്‍ 1,17,383 പുതിയ ഉപഭോക്താക്കളെയാണ് ടിവിഎസ് ജുപ്പിറ്ററിന് നേടാനായത്. 2025 ഏപ്രിലിലെ 1,02,588 യൂണിറ്റുകളെ അപേക്ഷിച്ച് ജനപ്രിയ ഫാമിലി സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ 14 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ദൃശ്യമായിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് HF ഡീലക്‌സ് ആണ്. വിപണിയില്‍ ആറാം സ്ഥാനത്തുള്ള മോഡലിന്റെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. 2025 ഏപ്രിലില്‍ 41,645 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് പോയ മാസം 91977 യൂണിറ്റ് വിറ്റ് ഈ ബൈക്ക് 121 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. ഏപ്രിലിലെ ടോപ് 10 ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതും ഈ മോഡല്‍ ആണ്.

പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത് സുസുക്കി അക്‌സസ് (Suzuki Access) സ്‌കൂട്ടറാണ്. ഏപ്രിലില്‍ 70,339 യൂണിറ്റുകളുടെ വില്‍പ്പനയുമായി 8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ സ്‌കൂട്ടര്‍ സ്വന്തമാക്കിയത്. ടിവിഎസിന്റെ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ നിരയായ അപ്പാച്ചെ 49,390 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്തുണ്ട്. ടിവിഎസ് അപ്പാച്ചെ ബൈക്കുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണ വിപണിയില്‍ വലിയ സ്വാധീനമുള്ള ടിവിഎസ് XL100 മോപെഡ് 42,246 യൂണിറ്റ് വില്‍പ്പനയോടെ ഒമ്പതാം സ്ഥാനത്തുണ്ട്. ഒമ്പത് ശതമാനമാണ് ടിവിഎസ് XL100 മോപെഡിന്റെ വാര്‍ഷിക വളര്‍ച്ച. ഹോണ്ട CB യൂനികോണ്‍ ആണ് പത്താം സ്ഥാനത്തുള്ളത്. ഏപ്രിലില്‍ 39,310 പുതിയ ഉപഭോക്താക്കളെയാണ് യൂനികോണിന് ലഭിച്ചത്. 12 മാസം മുമ്പ് ഉണ്ടായിരുന്ന 26017 യൂണിറ്റില്‍ നിന്ന് 51 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് യൂനികോണ്‍ ടോപ് 10 പട്ടികയിലേക്ക് ശക്തമായി തിരിച്ചെത്തിയത്.
| സ്ഥാനം | ഇരുചക്ര വാഹനം | വിൽപന (ഏപ്രിൽ 2026) | വിൽപന (ഏപ്രിൽ 2025) | വാർഷിക വളർച്ച (YoY) |
|---|---|---|---|---|
| 1 | ഹീറോ സ്പ്ലെൻഡർ | 3,09,131 | 1,97,893 | 56% |
| 2 | ഹോണ്ട ആക്ടിവ | 2,20,774 | 1,94,787 | 13% |
| 3 | ഹോണ്ട ഷൈൻ | 1,82,874 | 1,68,908 | 8% |
| 4 | ബജാജ് പൾസർ | 1,31,031 | 1,24,012 | 6% |
| 5 | ടിവിഎസ് ജൂപ്പിറ്റർ | 1,17,383 | 1,02,588 | 14% |
| 6 | ഹീറോ എച്ച്എഫ് ഡീലക്സ് | 91,977 | 41,645 | 121% |
| 7 | സുസുക്കി അക്സസ് | 70,339 | 70,339 | 8% |
| 8 | ടിവിഎസ് അപ്പാച്ചെ | 49,390 | 49,390 | 8% |
| 9 | ടിവിഎസ് എക്സ്എൽ100 | 42,246 | 42,246 | 9% |
| 10 | ഹോണ്ട സിബി യൂണികോൺ | 39,310 | 39,310 | 51% |


Click it and Unblock the Notifications