45,000 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ! 'ബാസ്' പദ്ധതിയിലൂടെ പകുതി വിലയിൽ സ്വന്തമാക്കാവുന്ന 5 കരുത്തൻമാർ
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒന്നാണ് 'ബാസ്' (Battery as a Service - BaaS) സ്‌കീം. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ വലിയൊരു ഭാഗം ബാറ്ററിയുടേതാണെന്ന് നമുക്കെല്ലാവര്‍ക്കും അറയാം. ഈ ബാറ്ററി ഉപഭോക്താവിന് വില്‍ക്കുന്നതിന് പകരം കമ്പനികള്‍ വാടകയ്ക്ക് നല്‍കുന്ന രീതിയാണ് ബാസ്. ബാറ്ററിയുടെ വില ഒഴിവാക്കി വാഹനം മാത്രം വാങ്ങാനും, ബാറ്ററിക്ക് മാസാമാസം നിശ്ചിത തുക വരിസംഖ്യയായി നല്‍കാനും സാധിക്കുന്ന ഈ രീതി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രാരംഭ വില ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇതുവഴി പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. പ്രാരംഭ നിക്ഷേപം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ്. ഇന്ത്യയില്‍ 'ബാസ്' (BaaS) പദ്ധതിയിലൂടെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ടിവിഎസ്, ഏഥര്‍, ഹീറോ വിഡ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിലയും ഫീച്ചറുകളും അറിയാം.

1. ഏഥര്‍ 450 സീരീസ്
ഏഥറിന്റെ ജനപ്രിയ മോഡലായ 450 സീരീസ് ബാസ് പദ്ധതിയിലൂടെ വെറും 84,341 രൂപയ്ക്ക് സ്വന്തമാക്കാം. 1.19 ലക്ഷം രൂപയാണ് ഇതിന്റെ സാധാരണ എക്‌സ്-ഷോറൂം വില. 90 കിലോമീറ്റര്‍ വേഗതയുള്ള ഈ ഇവി സ്‌കൂട്ടറിന് 160 കിലോമീറ്റര്‍ ഐഡിസി (IDC) റേഞ്ചുണ്ട്. ഹില്‍ ഹോള്‍ഡ്, ക്രാള്‍ കണ്‍ട്രോള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഏഥര്‍ 450 സീരീസിന്റെ പ്രത്യേകതയാണ്.
2. ഏഥര്‍ റിസ്ത
വിശാലമായ സീറ്റും 56 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസുമായി എത്തിയ ഏഥര്‍ റിസ്ത ഫാമിലി സ്‌കൂട്ടര്‍ ബാസ് പദ്ധതി പ്രകാരം 75,999 രൂപയ്ക്ക് ലഭ്യമാണ്. 1.04 ലക്ഷം രൂപയാണ് ഇതിന്റെ സാധാരണ വില. 159 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ സ്‌കൂട്ടറില്‍ റിവേഴ്‌സ് മോഡ്, സ്‌കിഡ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3. ടിവിഎസ് ഐക്യൂബ്
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടിവിഎസ് ഐക്യൂബ് ബാസ് മാതൃകയില്‍ വെറും 59,999 രൂപയ്ക്ക് സ്വന്തമാക്കാം. 1.02 ലക്ഷം രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 212 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന ഈ സ്‌കൂട്ടറില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും സ്മാര്‍ട്ട് എല്‍ഇഡി ഹെഡ്ലാമ്പുകളും നല്‍കിയിട്ടുണ്ട്.
4. ഹീറോ വിഡ VX2 ഗോ
ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ വിഡ VX2 ഗോ വെറും 44,990 രൂപയ്ക്ക് ബാസ് പദ്ധതിയിലൂടെ ലഭ്യമാകും. 76,740 രൂപയാണ് ഇതിന്റെ സാധാരണ വില. റിമൂവബിള്‍ ബാറ്ററി സംവിധാനമുള്ള ഈ സ്‌കൂട്ടറിന് 92 കിലോമീറ്റര്‍ റേഞ്ചുണ്ട്. എല്‍ഇഡി ഡാഷ്ബോര്‍ഡും റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റും ഇതിലുണ്ട്.

5. ടിവിഎസ് ഓര്‍ബിറ്റര്‍ V1
ഏറ്റവും മികച്ച വാല്യൂ മണി മോഡലായി മാറുന്ന ടിവിഎസ് ഓര്‍ബിറ്റര്‍ V1 ബാസ് വഴി 49,999 രൂപയ്ക്ക് ലഭിക്കുന്നു. 84,500 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. 86 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് വാഹനത്തില്‍ ക്രൂയിസ് കണ്‍ട്രോള്‍, ആന്റി-തെഫ്റ്റ് അലര്‍ട്ട്, 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവ കമ്പനി ഒരുക്കിയിട്ടുണ്ട്.
ബാസ് പദ്ധതിയുടെ ഗുണങ്ങള്‍
പെട്രോള്‍ സ്‌കൂട്ടറുകളുടെ വിലയിലേക്ക് ഇലക്ട്രിക് വാഹനങ്ങളെ എത്തിക്കാന്‍ ഈ പദ്ധതി സഹായിക്കുന്നു. ബാറ്ററിയുടെ ആയുസിനെ കുറിച്ചുള്ള ആശങ്ക ഉപഭോക്താക്കള്‍ക്ക് വേണ്ടതില്ല, കാരണം ഇതിന്റെ ഉത്തരവാദിത്തം കമ്പനിക്കാണ്. എന്നാല്‍ മാസവാടക ഓരോ ബ്രാന്‍ഡുകള്‍ക്കും വ്യത്യസ്തമായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാസവാടക കൂടി കണക്കിലെടുത്ത് വേണം ഉപഭോക്താക്കള്‍ തീരുമാനമെടുക്കാന്‍.
വിപണിയിലെ മാറ്റങ്ങള്‍
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ബാസ് പദ്ധതികള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. പ്രാരംഭ നിക്ഷേപം കുറയുന്നത് സാധാരണക്കാരെ ഇവികളിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. കൂടുതല്‍ കമ്പനികള്‍ ഈ മാതൃക പിന്തുടരുന്നതോടെ വിപണിയില്‍ മത്സരം മുറുകുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാവുകയും ചെയ്യും.


Click it and Unblock the Notifications








