പെട്രോൾ അടിക്കുന്ന സമയം വേണ്ട, ബാറ്ററി മാറ്റി ഉടനടി പോകാം! 'സ്വാപ്പബിൾ ബാറ്ററി'യുള്ള മികച്ച 5 സ്കൂട്ടറുകൾ
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഇപ്പോള്‍ ഫിക്‌സഡ് ബാറ്ററിയും സ്വാപ്പബിള്‍ ബാറ്ററിയുമായി വരുന്ന സ്‌കൂട്ടറുകള്‍ ലഭ്യമാണ്. ചാര്‍ജ് ചെയ്യാനുള്ള മണിക്കൂറുകളുടെ കാത്തിരിപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്ന സ്വാപ്പബിള്‍ ബാറ്ററി സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രാജ്യത്ത് പ്രിയമേറുകയാണ്. ചാര്‍ജ് തീര്‍ന്ന ബാറ്ററിക്ക് പകരം ചാര്‍ജ് ഉള്ളവ ഉടനടി മാറ്റി സ്ഥാപിക്കാമെന്നതാണ് സ്വാപ്പബിള്‍ ബാറ്ററി പായ്ക്കിന്റെ ഏറ്റവും വലിയ പ്രായോഗിക സവിശേഷത. സ്വാപ്പബിള്‍ ബാറ്ററികളുമായി പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തിച്ച മികച്ച 5 മോഡലുകളുടെ വില, റേഞ്ച്, മറ്റ് പ്രധാന മെക്കാനിക്കല്‍ സവിശേഷതകള്‍ എന്നിവ ഈ റിപ്പോര്‍ട്ടില്‍ വിശദമായി വായിക്കാം.
5. ഹോണ്ട ആക്ടിവ e: (Honda Activa e:)
ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത് 1.19 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഹോണ്ട ആക്ടിവ e: ആണ്. 6kW ഇലക്ട്രിക് മോട്ടോറും 80 km/h ടോപ്പ് സ്പീഡുമുള്ള ഈ മോഡലില്‍ രണ്ട് 1.5 kWh സ്വാപ്പബിള്‍ ബാറ്ററികളാണുള്ളത്. ഇത് 102 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി ലൈറ്റുകള്‍, 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, സ്മാര്‍ട്ട് കീ, നാവിഗേഷന്‍, മൂന്ന് റൈഡിംഗ് മോഡുകള്‍ എന്നിവ ഇതിലുണ്ട്.

4. ഒകിനാവ പ്രൈസ് പ്രോ (Okinawa PraisePro)
84,443 രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒക്‌നാവ പ്രൈസ് പ്രോയില്‍ 2.08 kWh ലിഥിയം-അയണ്‍ ഡിറ്റാച്ചബിള്‍ ബാറ്ററിയാണുള്ളത്. ഇതിന്റെ ഫുള്‍ ചാര്‍ജിംഗിന് 2 മുതല്‍ 3 മണിക്കൂര്‍ വരെ സമയം മതിയാകും. ഒറ്റ ചാര്‍ജിംഗില്‍ 81 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഈ സ്‌കൂട്ടറില്‍ ഡിആര്‍എല്ലോട് കൂടിയ എല്‍ഇഡി ലൈറ്റിംഗ്, അലോയ് വീലുകള്‍, മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുണ്ട്. അതോടൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, കീലെസ് എന്‍ട്രി ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
3. ആമ്പിയര്‍ മാഗ്‌നസ് ഗ്രാന്‍ഡ് (Ampere Magnus Grand)
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആമ്പിയര്‍ മാഗ്‌നസ് ഗ്രാന്‍ഡ് ഫാമിലി സ്‌കൂട്ടറിന് 91,499 രൂപയാണ് വില. 65 km/h ടോപ് സ്പീഡും 118 കിലോമീറ്റര്‍ (IDC) റേഞ്ചുമാണ് സ്‌കൂട്ടറിന് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ഇവികളേക്കാള്‍ 30 ശതമാനം അധിക ബാറ്ററി ലൈഫ് നല്‍കുന്ന ഈ മോഡലിന് 5 വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വരെയുള്ള വിപുലമായ വാറണ്ടിയും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. മികച്ച നിര്‍മാണ നിലവാരവും ഉയര്‍ര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഇതിന്റെ സവിശേഷതയാണ്.

2. ബൗണ്‍സ് ഇന്‍ഫിനിറ്റി e.1 (Bounce Infinity e.1)
ഇന്ത്യയില്‍ ആദ്യമായി സ്വാപ്പബിള്‍ ബാറ്ററിയും ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സ്‌കീമും അവതരിപ്പിച്ച ബ്രാന്‍ഡായ ബൗണ്‍സ് റെട്രോ ശൈലിയില്‍ ഡിസൈന്‍ ചെയ്ത ഇവിക്ക് 1.18 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ ഇവി സ്‌കൂട്ടറിലെ 2.5 kWh സ്വാപ്പബിള്‍ ബാറ്ററി പായ്ക്ക് പരമാവധി 100 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടര്‍ വിപണിയില്‍ ഏറെ ജനപ്രിയമാണ്.
1. ഹീറോ വിഡ VX2 പ്ലസ് (Vida VX2 Plus)
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹീറോയുടെ വിഡ VX2 പ്ലസ് ആണ്. ഇതിന്റെ സ്വാപ്പബിള്‍ ബാറ്ററി വെറും 62 മിനിറ്റുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ഫാസ്റ്റ് ചാര്‍ജ് ചെയ്യാം. 80 km/h വേഗത കൈവരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറിന് 142 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി പറയുന്നത്. സ്വാപ്പബിള്‍ ബാറ്ററിഘടന ലഭിച്ചിട്ടും ഈ സ്‌കൂട്ടറില്‍ 27.2 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് സ്‌പേസ് നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

1,00,290 രൂപ മുതലാണ് ഇ-സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. ബാസ് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ പ്രാരംഭ വില ഏകദേശം 70,000 രൂപയായി കുറയും. 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും കണക്റ്റിവിറ്റി ഫീച്ചറുകളടക്കം വിപുലമായ സൗകര്യങ്ങള്‍ ഇതില്‍ വിഡ ഒരുക്കിയിട്ടുണ്ട്. സ്വാപ്പബിള്‍ ബാറ്ററി ശൃംഖല വ്യാപിപ്പിക്കുന്നതിലൂടെ ഇത്തരം മോഡലുകള്‍ രാജ്യത്തെ ഇവി വിപ്ലവത്തിന് വേഗത പകരും. ചാര്‍ജിംഗിന് അധികം സമയം ചെലവഴിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മുകളില്‍ പറഞ്ഞ ഒരു ഇവി സ്‌കൂട്ടര്‍ ഉറപ്പായും പരിഗണിക്കാം.


Click it and Unblock the Notifications