10 വര്‍ഷം വെയിറ്റിംഗ് പീരിയഡുണ്ടായിരുന്ന മൊതല് വരെയുണ്ട്! വിപണിയുടെ തലവര മാറ്റിയ 5 ഐക്കണിക് സ്‌കൂട്ടറുകള്‍
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ സ്‌കൂട്ടറുകള്‍ക്ക് എക്കാലത്തും സവിശേഷമായ സ്ഥാനമാണുള്ളത്. യാത്രാസൗകര്യവും പ്രായോഗികതയും ഒത്തിണങ്ങിയ സ്‌കൂട്ടറുകള്‍ അതിവേഗമാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായത്. ദശാബ്ദങ്ങള്‍ക്കിപ്പുറം മെറ്റല്‍ ബോഡി വാഹനങ്ങളില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിട്ടും ചില മോഡലുകള്‍ ഇന്നും വിപണിയിലെ വിസ്മയങ്ങളായി അവശേഷിക്കുന്നു. അത്തരത്തില്‍ ഇന്ത്യന്‍ നിരത്തുകള്‍ ഭരിച്ച അഞ്ച് ഐക്കണിക് സ്‌കൂട്ടറുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആ ഐതിഹാസിക മോഡലുകള്‍ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ പരിചയപ്പെടാം.
ടിവിഎസ് സ്‌കൂട്ടി
യുവതലമുറയെയും സ്ത്രീകളെയും ലക്ഷ്യം വെച്ച് പുറത്തിറങ്ങിയ ടിവിഎസ് സ്‌കൂട്ടി പെപ്പ് ആണ് പട്ടികയില്‍ അഞ്ചാമത്. യൂത്ത്ഫുള്‍, ലൈറ്റ്‌വെയിറ്റ് ഡിസൈനില്‍ വന്ന സ്‌കൂട്ടര്‍ ഹാന്‍ഡില്‍ ചെയ്യാന്‍ എളുപ്പമായതിനാല്‍ അതിവേഗം ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി. മികച്ച ഇന്ധനക്ഷമത നല്‍കുന്ന 87.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരുന്നു സ്‌കൂട്ടിക്ക് കരുത്ത് പകര്‍ന്നത്. 2023-ല്‍ സ്‌കൂട്ടി സെസ്റ്റിന് വഴിമാറി പെപ്പ് പിന്‍വാങ്ങിയെങ്കിലും ഇന്ത്യയിലെ ഏറ്റവും സ്‌റ്റൈലിഷ് സ്‌കൂട്ടറുകളുടെ പട്ടികയില്‍ എന്നും ഇതിന് സ്ഥാനമുണ്ടാകും.

കൈനറ്റിക് ഹോണ്ട
തൊണ്ണൂറുകളില്‍ സ്ത്രീകളുടെയും യുവാക്കളുടെയും പ്രിയപ്പെട്ട ഇരുചക്രവാഹനമായിരുന്നു കൈനറ്റിക് ഹോണ്ട. സ്‌കൂട്ടറുകളില്‍ ഇന്ന് കാണുന്ന ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ് ഡിസൈന്‍ ആദ്യമായി അവതരിപ്പിച്ചത് ഈ മോഡലിലായിരുന്നു. ഉപയോഗിക്കാന്‍ എളുപ്പമുള്ള ഈ സ്‌കൂട്ടര്‍ ഇന്നും വൃത്തിയില്‍ പരിപാലിച്ച് കൊണ്ടുനടക്കുന്ന നിരവധിയാളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. കൈനറ്റിക്കും ഹോണ്ടയും വേര്‍പിരിഞ്ഞതോടെ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും ഐക്കണിക് ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ ഇലക്ട്രിക് പതിപ്പ് സമീപകാലത്ത് ഇന്ത്യയില്‍ റീഎന്‍ട്രി നടത്തിയിരുന്നു.
ലാംബ്രട്ട (വിജയ് സൂപ്പര്‍)
ഇറ്റാലിയന്‍ പാരമ്പര്യമുള്ള ലാംബ്രെട്ടയാണ് പട്ടികയില്‍ മൂന്നാമത്. ലക്‌നൗവിലെ സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്ന് ലൈസന്‍സ് എടുത്ത് 'വിജയ് സൂപ്പര്‍' എന്ന പേരിലാണ് ഇത് ഇന്ത്യയില്‍ വിറ്റത്. 150 സിസി 2-സ്‌ട്രോക്ക് എഞ്ചിനും 4-സ്പീഡ് ഗിയര്‍ബോക്‌സുമായി എത്തിയ സ്‌കൂട്ടര്‍ 1970-80 കാലഘട്ടത്തില്‍ രാജ്യത്ത് തരംഗമായിരുന്നു. 1970-കളിലും 1980-കളിലുമായിരുന്നു സ്‌റ്റൈലിഷ് ഡിസൈനുമായി വന്ന ഈ ഈടുറ്റ സ്‌കൂട്ടറിന്റെ പ്രതാപകാലം. ഇന്ന് ചില കളക്ടര്‍മാരുടെ ശേഖരത്തിലെ അമൂല്യനിധിയായി ലാംബ്രട്ട കാണാന്‍ പറ്റും.

ബജാജ് ചേതക്
ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബങ്ങളുടെ സ്വപ്നവാഹനമായിരുന്ന ബജാജ് ചേതക്കാണ് പട്ടികയിലെ രണ്ടാമന്‍. മഹാറാണാ പ്രതാപിന്റെ കുതിരയുടെ പേര് ലഭിച്ച ഈ സ്‌കൂട്ടര്‍ പതിറ്റാണ്ടുകളോളം ഇന്ത്യന്‍ നിരത്തുകള്‍ അടക്കിഭരിച്ചു. ഒരുകാലത്ത് 10 വര്‍ഷം വരെ വെയിറ്റിംഗ് പിരീഡ് ഉണ്ടായിരുന്ന സ്‌കൂട്ടര്‍ ആയിരുവെന്നതില്‍ നിന്ന് ചേതക്കിന്റെ റേഞ്ച് നമുക്ക് ഊഹിക്കാമല്ലോ. കരുത്തുറ്റ മെറ്റല്‍ ബോഡിയും ഈടുറ്റ എഞ്ചിനുമായിരുന്നു ചേതക്കിന്റെ കരുത്ത്. ഇലക്ട്രിക് കുപ്പായമണിഞ്ഞ് പുനവതരിച്ച ചേതക് നിലവില്‍ രാജ്യത്തെ ബെസ്റ്റ് സെറ്റിംഗ് ഇ-സ്‌കൂട്ടറുകളില്‍ ഒന്നാണ്.
ഹോണ്ട ആക്ടിവ
സ്‌കൂട്ടര്‍ എന്ന പേരിന്റെ തന്നെ പര്യായമായി മാറിയ ഹോണ്ട ആക്ടിവയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2001-ല്‍ പുറത്തിറങ്ങിയ ആക്ടിവയാണ് കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ആധിപത്യം തകര്‍ത്ത് സ്‌കൂട്ടറുകളെ വീണ്ടും രാജ്യത്ത് ജനപ്രിയമാക്കിയത്. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള രൂപകല്‍പ്പനയും വിശ്വാസ്യതയുമാണ് ആക്ടിവയെ സ്‌കൂട്ടറുകളുടെ രാജാവാക്കിയത്.

ഇന്നും മാസം ലക്ഷക്കണക്കിന് യൂണിറ്റ് വില്‍പ്പനയുമായി രാജ്യത്തെ നമ്പര്‍ 1 സ്‌കൂട്ടറാണ് ആക്ടിവ. മുകളില്‍ പറഞ്ഞ അഞ്ച് മോഡലുകളും ഇന്ത്യന്‍ വാഹന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവയാണ്. സ്‌കൂട്ടറുകളുടെ പരിണാമം പരിശോധിക്കുമ്പോള്‍ ലളിതമായ യാത്രാമാര്‍ഗം എന്ന നിലയില്‍ നിന്ന് അവ അത്യാധുനിക ഫീച്ചറുകളുള്ള സ്മാര്‍ട്ട് വാഹനങ്ങളായി മാറിയത് കാണാം.
ഓരോ കാലഘട്ടത്തിലെയും സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയായിരുന്നു ഇവയുടെ രൂപകല്‍പ്പന. ഇന്ത്യന്‍ വിപണിക്ക് ഇന്നും ഊര്‍ജ്ജം നല്‍കുന്നതാണ് ഇവയുടെ പൈതൃകം. ഇന്ന് പുതിയ സ്‌കൂട്ടറുകള്‍ വാങ്ങുന്ന പഴമക്കാര്‍ പലരും ഈ പഴയ പടക്കുതിരകളുടെ ഈടും കരുത്തും വിസ്മരിക്കാറുണ്ട്. മൈലേജിനും സേഫ്റ്റിക്കും മുന്‍ഗണന നല്‍കുന്ന ആധുനിക കാലത്തും ഈ ഐക്കണിക് മോഡലുകളുടെ സ്വാധീനം വ്യക്തമാണ്.

അതുകൊണ്ടാണ് ഐക്കണിക് നെയിംപ്ലേറ്റുകളും പഴയ മോഡലിന്റെ അതേ ഡിഎന്‍എയുമായി വരുന്ന ചില ഇവികള്‍ മികച്ച വില്‍പ്പനയുമായി മുന്നേറുന്നത്. നിങ്ങളുടെ കുടുംബത്തില്‍ ഈ അഞ്ച് സ്‌കൂട്ടറുകളില്‍ ഏതാണ് ഉണ്ടായിരുന്നത്?. ഈ സ്‌കൂട്ടറുകളില്‍ നിങ്ങളുടെ പ്രിയപ്പെട്ട മോഡല്‍ ഏതാണ്? ഇവയുമായി ബന്ധപ്പെട്ട് മറക്കാനാകാത്ത എന്തെങ്കിലും ഓര്‍മ്മകള്‍ ഉണ്ടെങ്കില്‍ അവ കമന്റ് ചെയ്യാന്‍ മറക്കല്ലേ.


Click it and Unblock the Notifications








