ഒറ്റചാര്‍ജില്‍ 175KM ഓടും! ഇന്ത്യക്കാരുടെ സ്വന്തം ഫാമിലി സ്‌കൂട്ടറിന് പുത്തന്‍ വേരിയന്റ്; ഇനി കച്ചോടം കൂടും
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (TVS Motor Company) തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബ് (TVS iQube) നിര വിപുലീകരിച്ചു. ഐക്യൂബ് S 4.7 kWh എന്ന പുതിയ വേരിയന്റാണ് കമ്പനി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2026 മെയ് ആറിനാണ് ഈ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇലക്ട്രിക് വാഹനമെന്ന പേര് നിലനിര്‍ത്തുന്ന ടിവിഎസ് ഐക്യൂബ് ഇതിനകം തന്നെ ഒമ്പത് ലക്ഷത്തിലധികം കുടുംബങ്ങളുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ട്.
രാജ്യത്തെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഈ മോഡലിന് സാധിച്ചു. ഈ വിശ്വാസം കൂടുതല്‍ ദൃഢമാക്കാനാണ് ഉയര്‍ന്ന ബാറ്ററി ശേഷിയുള്ള പുതിയ വേരിയന്റ് ഇപ്പോള്‍ കമ്പനി എത്തിച്ചിരിക്കുന്നത്. പുതിയ ടിവിഎസ് ഐക്യൂബ് S 4.7 kWh വേരിയന്റിന് ഡല്‍ഹിയില്‍ 1,37,142 രൂപയാണ് എക്‌സ്-ഷോറൂം വില. കേന്ദ്ര-സംസ്ഥാന സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള വിലയാണ് ഇത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ ദൂരം ഈ സ്‌കൂട്ടറില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ ഇത് സഹായിക്കും. ദൈനംദിന യാത്രകള്‍ക്ക് പുറമെ മുന്‍കൂട്ടി നിശ്ചയിക്കാത്ത ദീര്‍ഘദൂര യാത്രകള്‍ക്കും ഈ വലിയ ബാറ്ററി പായ്ക്കിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഗുണകരമാകും.
പ്രായോഗികതയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഉയര്‍ന്ന കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ നഗരങ്ങളിലൂടെയും പ്രാന്തപ്രദേശങ്ങളിലൂടെയും തടസമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഐക്യൂബ് S 4.7 kWh സഹായിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് രണ്ട് പുതിയ നിറങ്ങളിലും ഈ വേരിയന്റ് ലഭ്യമാണ്.
മാഗ്‌നിഫിസെന്‍സ് പര്‍പ്പിള്‍ ബീജ്, ഹാര്‍ലെക്വിന്‍ ബ്ലൂ ബീജ് എന്നീ ആകര്‍ഷകമായ നിറങ്ങള്‍ക്കൊപ്പം ടൈറ്റാനിയം ഗ്രേ മാറ്റ് കളറിലും ഇലക്ട്രീക് ടൂവീലര്‍ വാങ്ങാം. സ്‌കൂട്ടറിന്റെ റേഞ്ചിനൊപ്പം സ്‌റ്റൈലിനും പുതിയ നിറങ്ങള്‍ വലിയ മാറ്റം നല്‍കുന്നു. ടിവിഎസ് മോട്ടോര്‍ പിന്തുടരുന്ന മൂന്ന് പ്രധാന തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഐക്യൂബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് റേഞ്ച്, സാങ്കേതികവിദ്യ, നിറങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു. സ്‌കൂട്ടറിന്റെ രൂപകല്‍പ്പനയിലും ഫീച്ചറുകളിലും ആധുനികമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വാഹനത്തിന്റെ സുരക്ഷയും ഉപഭോക്താക്കളുടെ സംതൃപ്തിയും ഉറപ്പാക്കുന്ന രീതിയിലുള്ള നിര്‍മ്മാണ ശൈലിയാണ് കമ്പനിയുടേത്. ലളിതവും എന്നാല്‍ ഫലപ്രദവുമായ പ്രവര്‍ത്തന രീതിയും ഐക്യൂബിനെ മറ്റ് സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ ഐക്യൂബിന്റെ ബാറ്ററി പായ്ക്കുകള്‍ തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലുടനീളം ആയിരത്തിലധികം നഗരങ്ങളിലായി 3,300-ലേറെ ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് ഐക്യൂബ് ലഭ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ടിവിഎസ് മോട്ടോര്‍ മുന്‍പന്തിയിലാണ്. പുതിയ വേരിയന്റ് എത്തുന്നതോടെ ഇലക്ട്രിക് വാഹന വിപണിയില്‍ ഐക്യൂബിന്റെ ആധിപത്യം കൂടുതല്‍ ശക്തമാകുമെന്ന് വിപണി നിരീക്ഷകര്‍ കരുതുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications