ടൂവീലര്‍ വിപണിയിൽ വൻ അട്ടിമറി! ഹീറോയെയും ഹോണ്ടയെയും അടിച്ചൊതുക്കി TVS ഒന്നാമത്; ജൂൺ മാസത്തെ കണക്കുകൾ പുറത്ത്
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ ഞെട്ടിച്ച് കഴിഞ്ഞ മാസം വന്‍ അട്ടിമറിയിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. ആഭ്യന്തര വിപണിയിലെയും വിദേശ വിപണികളിലെയും ആകെ വില്‍പ്പന ഒരുമിച്ച് കണക്കാക്കുമ്പോള്‍ രാജ്യത്തെ മറ്റ് വമ്പന്മാരായ ഹീറോ മോട്ടോകോര്‍പ്പിനെയും ഹോണ്ടയെയും ടിവിഎസ് പൂര്‍ണ്ണമായി മറികടന്നു. ആഭ്യന്തര വിപണിയിലെ വില്‍പന നോക്കിയാല്‍ 5,02,890 യൂണിറ്റുകള്‍ വിതരണം ചെയ്ത് ഹീറോ മോട്ടോകോര്‍പ്പ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 4,68,956 യൂണിറ്റുകളുമായി ആഭ്യന്തര വിപണിയില്‍ രണ്ടാമതെത്തിയപ്പോള്‍, 4,11,014 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച ടിവിഎസ് മോട്ടോര്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ വിദേശ വിപണികളിലേക്കുള്ള കയറ്റുമതി (Export Volume) കൂടി ഇതിനോടൊപ്പം ചേര്‍ത്തതോടെ വിപണിയിലെ റാങ്കിംഗ് പൂര്‍ണമായി മാറിമറിഞ്ഞു.

ജൂണ്‍ മാസത്തില്‍ മാത്രം ടിവിഎസ് മോട്ടോര്‍ 1,54,403 ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്നും വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഇത് എതിരാളികളെക്കാള്‍ വളരെ വലിയ മാര്‍ജിനില്‍ മുന്നേറാന്‍ കമ്പനിയെ സഹായിച്ചു. മറ്റു കമ്പനികളുടെ കയറ്റുമതി പരിശോധിച്ചാല്‍ ഹോണ്ടയ്ക്ക് 59,325 യൂണിറ്റുകളും ഹീറോ മോട്ടോകോര്‍പ്പിന് 38,269 യൂണിറ്റുകളും മാത്രമാണ് വിദേശത്തേക്ക് കപ്പല്‍ കയറ്റി അയക്കാന്‍ കഴിഞ്ഞത്.
ആഭ്യന്തര, വിദേശ വിപണികളുടെ വില്‍പ്പന മൊത്തം ചേര്‍ക്കുമ്പോള്‍ 5,65,417 യൂണിറ്റുകളുമായി ടിവിഎസ് ഒന്നാമതെത്തി. ഹീറോയും (5,41,159), ഹോണ്ടയും (5,28,281) തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചു. ഈ മൂന്ന് ബ്രാന്‍ഡുകളില്‍ ഏറ്റവും ശ്രദ്ധേയമായ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതും ടിവിഎസ് മോട്ടോര്‍ തന്നെയാണ്. 2025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 47 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.

ഹോണ്ട 26 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പിന് 2.3 ശതമാനത്തിന്റെ നേരിയ ഇടിവുണ്ടായി. മെയ് മാസത്തെ അപേക്ഷിച്ച് ഹീറോയുടെ ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ 6.31 ശതമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.24 ശതമാനവും കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഹോണ്ട പ്രതിമാസ വില്‍പ്പനയില്‍ 2.03 ശതമാനവും വാര്‍ഷിക വില്‍പ്പനയില്‍ 20.61 ശതമാനവും വളര്‍ച്ച കൈവരിച്ച് വിപണി സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്തി.
ലിസ്റ്റിലെ മറ്റ് പ്രധാന ബ്രാന്‍ഡുകളുടെ പ്രകടനം പരിശോധിക്കുമ്പോള്‍ ബജാജ് ഓട്ടോ കഴിഞ്ഞ മാസം 1,66,956 ഇരുചക്ര വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബജാജ് 11.81 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും, മെയ് മാസത്തെ അപേക്ഷിച്ച് കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 20.32 ശതമാനം ഇടിഞ്ഞു.

അതേസമയം ഐതിഹാസിക ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് 1,02,930 യൂണിറ്റുകളുമായി വിപണിയില്‍ തങ്ങളുടെ പ്രയാണം തുടര്‍ന്നു. കമ്പനി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33.75 ശതമാനവും മെയ് മാസത്തെ അപേക്ഷിച്ച് 9.37 ശതമാനവും വളര്‍ച്ച നേടി. എന്നാല്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ 91,264 യൂണിറ്റുകളുമായി വില്‍പ്പനയില്‍ നേരിയ ഇടിവോടെയാണ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ എത്തിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications