1 ദിവസം വിൽക്കുന്നത് 1,361 ഇലക്ട്രിക് സ്‌കൂട്ടറുകൾ! ഇന്ത്യയിലെ രണ്ടാമത്തെ മില്യണയറായി ടിവിഎസ്
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി (TVS Motor Company). ഗ്രീന്‍ മൊബിലിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 10 ലക്ഷം (1 മില്യണ്‍) യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ഇന്ത്യന്‍ ഇവി വിപണിയില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ടിവിഎസ്. ഓല ഇലക്ട്രിക് മാത്രമാണ് ഇതിനുമുമ്പ് ടിവിഎസിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക ബ്രാന്‍ഡ്.
കന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക 'വാഹന്‍' (Vahan) പോര്‍ട്ടലില്‍ 2026 ജൂണ്‍ 11-ന് രേഖപ്പെടുത്തിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആകെ 10,04,148 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ടിവിഎസ് ഇതുവരെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചത്. 2020 ജനുവരി മാസത്തിലാണ് ടിവിഎസ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കുന്നത്. വിപണിയില്‍ പ്രവേശിച്ചതിന് ശേഷം ആദ്യത്തെ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടാന്‍ കമ്പനിക്ക് ഏകദേശം 5 വര്‍ഷത്തോളം വേണ്ടി വന്നു.

എന്നാല്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം വിപണി മാറിയതോടെ അടുത്ത 5 ലക്ഷം സ്‌കൂട്ടറുകളുടെ വില്‍പ്പന വെറും 16 മാസത്തിനുള്ളിലാണ് പൂര്‍ത്തിയാക്കിയത്. ഏറ്റവും ഒടുവിലത്തെ 1 ലക്ഷം സ്‌കൂട്ടറുകളുടെ വില്‍പ്പന വെറും 75 ദിവസങ്ങള്‍ കൊണ്ടാണ് കമ്പനി പൂര്‍ത്തിയാക്കിയത്. അതായത്, കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവില്‍ പ്രതിദിനം ശരാശരി 1,361 യൂണിറ്റുകള്‍ വീതം വിറ്റഴിക്കാന്‍ ടിവിഎസിന് സാധിച്ചിട്ടുണ്ടെന്നാണ് വാഹന്‍ ഡേറ്റ വ്യക്തമാക്കുന്നത്.
ഇവി വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ടിവിഎസ് ബ്രാന്‍ഡിനോടുള്ള വിശ്വാസവും സ്വീകാര്യതയും എത്ര വേഗത്തിലാണ് വര്‍ദ്ധിച്ചതെന്ന് ഈ വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ടിവിഎസിന്റെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയിലെ ജനപ്രിയ മോഡലായ ഐക്യൂബും (iQube), പുതുതായി നിരത്തിലെത്തിയ ഓര്‍ബിറ്ററുമാണ് (Orbiter) ഈ വമ്പന്‍ നേട്ടം സ്വന്തമാക്കാന്‍ കമ്പനിയെ സഹായിച്ചത്. കനത്ത മത്സരത്തിനിടയിലും വിശ്വാസ്യത നിലനിര്‍ത്താന്‍ ഈ മോഡലുകള്‍ക്ക് സാധിച്ചതാണ് വില്‍പ്പന കണക്കുകളില്‍ പ്രതിഫലിക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ ടിവിഎസിന്റെ വിപണി വിഹിതവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 2020-ല്‍ വെറും 1 ശതമാനം മാത്രമായിരുന്ന ടിവിഎസിന്റെ ഇവി വിപണി വിഹിതം 2022-ല്‍ 8 ശതമാനമായും, പിന്നീട് 2023-ല്‍ 20 ശതമാനത്തിന് മുകളിലേക്കും കുത്തനെ ഉയരുകയുണ്ടായി. 42,456 യൂണിറ്റ് വില്‍പ്പനയും 24.87 ശതമാനം വിപണി വിഹിതവുമായി നിലവില്‍ രാജ്യത്തെ നമ്പര്‍ വണ്‍ ആണ് ഈ പരമ്പരാഗത വാഹന നിര്‍മ്മാതാക്കള്‍. കമ്പനിയെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2025.
കഴിഞ്ഞ വര്‍ഷം മൊത്തം 3,15,083 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് സെഗ്മെന്റില്‍ വലിയ മുന്നേറ്റം നടത്താന്‍ കമ്പനിക്ക് സാധിച്ചു. ഈ വില്‍പ്പന വളര്‍ച്ച പുതിയ സാമ്പത്തിക വര്‍ഷത്തിലും ടിവിഎസ് നിലനിര്‍ത്തുന്നു. 2026-ന്റ തുടക്കം മുതല്‍ ഇതുവരെയായി ഏകദേശം 2,19,232 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ടിവിഎസിന് സാധിച്ചിട്ടുണ്ട്.

ഇത് കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പനയുടെ 70 ശതമാനത്തോളം വരും. നിലവിലെ വിപണി സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി 5 ലക്ഷം യൂണിറ്റ് വാര്‍ഷിക വില്‍പ്പന നാഴികക്കല്ല് കൂടി മറികടക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയും ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വിലയും കുത്തനെ ഉയരുന്നത് കാരണം ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്.
സാധാരണക്കാരുടെ യാത്രാ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ ഇവികള്‍ക്ക് സാധിക്കുന്നതിനാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ പ്രതിമാസം ശരാശരി 1.55 ലക്ഷത്തിലധികം യൂണിറ്റ് ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റുപോകുന്നുണ്ട്. ഈ വര്‍ഷം രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന ആദ്യമായി 20 ലക്ഷം തികയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications