ലോകം കീഴടക്കി TVS, യമഹയെ മറികടന്ന് മൂന്നാം സ്ഥാനത്ത്! ആദ്യ മൂന്നിൽ രണ്ടെണ്ണം ഇന്ത്യൻ കമ്പനികൾ
ആഗോള ഇരുചക്ര വാഹന വിപണിയില്‍ ജാപ്പനീസ് ഭീമന്‍മാരായ യമഹയെ അമ്പരപ്പിച്ചുകൊണ്ട് വന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് മോട്ടോര്‍. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളെന്ന പദവിയാണ് ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഓട്ടോകാര്‍ പ്രൊഫഷണല്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് അന്താരാഷ്ട്ര വിപണിയെ ഞെട്ടിച്ച ഈ റാങ്ക് മാറ്റത്തെ കുറിച്ച് പറയുന്നത്. വര്‍ഷങ്ങളായി ഹോണ്ട മോട്ടോര്‍ കമ്പനിയും ഹീറോ മോട്ടോകോര്‍പ്പും അടക്കിവാണിരുന്ന ആഗോള ഇരുചക്ര വാഹന വിപണിയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നില്‍ ടിവിഎസ് ഇടംപിടിച്ചത് വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതോടെ ലോകത്തെ ഏറ്റവും വലിയ മൂന്ന് ടൂവീലര്‍ കമ്പനികളില്‍ രണ്ട് സ്ഥാനങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കൈവശമായി. 2025 കലണ്ടര്‍ വര്‍ഷത്തിലെ ആകെ വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തിലാണ് യമഹയെ പിന്നിലാക്കി ടിവിഎസ് ചരിത്രനേട്ടം കൈവരിച്ചത്. 2025-ല്‍ മാത്രം ടിവിഎസ് ആഗോളതലത്തില്‍ 5.46 ദശലക്ഷം ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്.

2024-ല്‍ ഇത് 4.52 ദശലക്ഷം യൂണിറ്റുകളായിരുന്നു. 1 വര്‍ഷത്തിനുള്ളില്‍ അതായത് 12 മാസത്തിനുള്ളില്‍ 20.7 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ യമഹയ്ക്ക് ഏകദേശം 5 ദശലക്ഷം യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ സാധിച്ചുള്ളൂ. 2024 കലണ്ടര്‍ വര്‍ഷം വിറ്റ 4.96 ദശലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് ചെറിയ വളര്‍ച്ച മാത്രമാണ് യമഹക്ക് നേടാനായത്.
നിലവില്‍ 16.44 ദശലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട മോട്ടോര്‍ കമ്പനിയാണ് ലോകത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6.25 ദശലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഇന്ത്യന്‍ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ടിവിഎസ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ആഗോള വാഹന വിപണിയിലെ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സ്വാധീനം വര്‍ധിച്ചുവരുന്നതിന്റെ സൂചനയായാണ് ടിവിഎസിന്റെ മുന്നേറ്റത്തെ വിപണി വിദഗ്ധര്‍ നോക്കിക്കാണുന്നത്.

സ്‌കൂട്ടറുകള്‍, കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍, പെര്‍ഫോമന്‍സ് മോഡലുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നനിരയാണ് ടിവിഎസിന്റെ വളര്‍ച്ചക്ക് ഇന്ധനമായത്. സാധാരണക്കാരായ ആളുകള്‍ക്ക് പറ്റിയ 100cc-110cc കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ അപ്പാച്ചെ പോലെയുള്ള പ്രീമിയം മോഡലുകള്‍ വരെ അണിനിരത്തി എല്ലാ വിഭാഗത്തിലും ടിവിഎസ് തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയെ ഏറെ സഹായിച്ചിട്ടുണ്ട്.
മറുഭാഗത്ത്, പ്രീമിയം സെഗ്മെന്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് യമഹയുടെ മൊത്തത്തിലുള്ള വില്‍പ്പന കുറയാന്‍ കാരണമായി പറയപ്പെടുന്നത്. മാസ്-മാര്‍ക്കറ്റ് കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗത്തിലുള്ള ആധിപത്യം ആഗോള വിപണിയില്‍ ടിവിഎസിന് വലിയ മേല്‍കൈ നല്‍കി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ സ്വീകാര്യതയുള്ള മോഡലുകളാണ് ടിവിഎസിന്റെ കരുത്ത്. ഇന്ത്യന്‍ വിപണിക്ക് പുറമെ ആഫ്രിക്കയിലെ വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ ടിവിഎസ് വലിയ തോതില്‍ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്.

ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചതാണ് കമ്പനിയുടെ ആഗോള വില്‍പ്പന കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും കുറഞ്ഞ പരിപാലന ചിലവുമാണ് വിദേശ വിപണികളിലും ടിവിഎസ് ഉല്‍പ്പന്നങ്ങളെ പ്രിയങ്കരമാക്കുന്നത്. ഭാവിയില്‍ പ്രീമിയം ബൈക്കുകളിലും ഇലക്ട്രിക് വാഹന വിഭാഗത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് (Norton Motorcycles) ബ്രാന്‍ഡിന് കീഴിലുള്ള പുതിയ മോഡലുകള്‍ ഉടന്‍ കമ്പനി വിപണിയിലിറക്കാന്‍ പോകുകയാണ്. അടുത്തകാലത്തായി ഹീറോക്കും ഹോണ്ടക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ടിവിഎസ് ഒന്നാം റാങ്കിന് വരെ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. നൂതന എഞ്ചിനീയറിംഗും പുതിയ സാങ്കേതികവിദ്യകളും വികസിപ്പിച്ചു കൊണ്ട് സമീപഭാവിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തയാറെടുപ്പിലാണ് ടിവിഎസ്.


Click it and Unblock the Notifications








