ബജറ്റ് ഇലക്ട്രിക് സ്കൂട്ടറുകളിൽ കേമൻ ആര്? ടിവിഎസ് ഓർബിറ്ററും ബജാജ് ചേതക് C25-ഉം തമ്മിൽ ഒരു താരതമ്യം
പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും ബജാജ് ഓട്ടോയും നിലവില്‍ രാജ്യത്തെ രണ്ട് മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണ്. ഇരുകമ്പനികളുടെയും ഐക്യൂബ്, ചേതക് എന്നീ സ്‌കൂട്ടറുകളുടെ ജനപ്രീതിയെ കുറിച്ച് ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി വിപണിയില്‍ മത്സരം കടുപ്പിച്ചിരിക്കുകയാണ് ടിവിഎസും ബജാജും. ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന പേരില്‍ പുതിയൊരു മോഡല്‍ അവതരിപ്പിച്ചപ്പോള്‍ ബജാജ് തങ്ങളുടെ ഐതിഹാസിക ബ്രാന്‍ഡായ ചേതക്കിന്റെ ബജറ്റ് ഫ്രണ്ട്‌ലി മോഡലായ ചേതക് C25 വിപണിയിലെത്തിച്ചു. ഈ രണ്ട് മോഡലുകളും തമ്മിലുള്ള താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തില്‍.
ഡിസൈന്‍
രൂപകല്‍പ്പനയുടെ കാര്യത്തില്‍ രണ്ട് സ്‌കൂട്ടറുകളും വ്യത്യസ്തമായ ശൈലികളാണ് സ്വീകരിച്ചിരിക്കുന്നത്. ടിവിഎസ് ഓര്‍ബിറ്റര്‍ ലളിതവും എയ്‌റോഡൈനാമിക്കുമായ സ്‌റ്റൈലിംഗ് പിന്തുടരുന്നു. അതേസമയം ചേതക് C25 ഇവിയില്‍ ബജാജ് അതിന്റെ ക്ലാസിക് നിയോ-റെട്രോ ലുക്ക് നിലനിര്‍ത്തുന്നു. ഓര്‍ബിറ്റര്‍ ലൈറ്റ്‌വെയിറ്റായിക്കൊണ്ട് മിനിമലിസ്റ്റിക് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അപ്‌റ്റൈറ്റ് സ്റ്റാന്‍സിനൊപ്പം ഈ ഇവിക്ക് ഫ്‌ലാറ്റ് ഫേ്‌ലാര്‍ബോര്‍ഡുകള്‍ ലഭിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പ്, ചെറിയ വൈസര്‍, ഫ്‌ലാറ്റ് സീറ്റ് എന്നിവ പ്രായോഗികതയ്ക്കും മൊത്തത്തിലുള്ള ഉപയോഗക്ഷമതയ്ക്കും ഗുണം ചെയ്യുന്നു.

ബജാജ് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഫുള്‍ മെറ്റല്‍ ബോഡിയാണ്. ഇത് ഈടിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നവരെ ആകര്‍ഷിക്കുന്നു. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഐസ്‌ക്യൂബ് ടെയില്‍ ലാമ്പ്, ഇന്ത്യ സ്‌പെസിഫിക് ഡെക്കലുകള്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ ഹൈലൈറ്റുകള്‍. മൊത്തത്തില്‍ നോക്കിയാല്‍, പരമ്പരാഗത സ്‌കൂട്ടര്‍ ശൈലി ഇഷ്ടപ്പെടുന്നവര്‍ ടിവിഎസ് ഓര്‍ബിറ്ററിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം, അതേസമയം റെട്രോ- പ്രീമിയം ലുക്കിലുള്ള ഇവി സ്‌കൂട്ടര്‍ വേണ്ടവര്‍ക്ക് ചേതക് C2501 കൂടുതല്‍ ആകര്‍ഷകമായി തോന്നിയേക്കാം.
ബാറ്ററിയും റേഞ്ചും
ബാറ്ററി കപ്പാസിറ്റിയുടെയും റേഞ്ചിന്റെയും കാര്യത്തില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ മുന്നിട്ടുനില്‍ക്കുന്നു. ഓര്‍ബിറ്ററില്‍ 3.1 kWh ബാറ്ററി പായ്ക്ക് ഉള്ളപ്പോള്‍ ചേതക് C25 ഇവിയില്‍ 2.5 kWh ബാറ്ററിയാണുള്ളത്. തല്‍ഫലമായി, ടിവിഎസ് ഓര്‍ബിറ്റര്‍ ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ ബജാജ് ചേതക്കിന് 113 കിലോമീറ്റര്‍ റേഞ്ച് മാത്രമാണുള്ളത്. ദിവസവും കൂടുതല്‍ ദൂരം യാത്ര ചെയ്യണമെന്നുള്ളവര്‍ക്ക് ടിവിഎസ് ആയിരിക്കും മികച്ച ചോയ്‌സ്.

ചാര്‍ജിംഗ്
ബാറ്ററി വലുപ്പത്തില്‍ ഓര്‍ബിറ്റര്‍ മുന്നിലാണെങ്കിലും ചാര്‍ജിംഗ് വേഗതയില്‍ ചേതക് C2501 ആണ് കരുത്തന്‍. ചേതക്കിന്റെ ബാറ്ററി 3 മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 0-80% ചാര്‍ജാകാന്‍ വെറും 2 മണിക്കൂറുാ 25 മിനിറ്റും മതി. എന്നാല്‍ ടിവിഎസ് ഓര്‍ബിറ്റര്‍ 80 ശതമാനം ചാര്‍ജ് ആകാന്‍ ഏകദേശം 4 മണിക്കൂര്‍ 10 മിനിറ്റ് വരെ എടുക്കും. ചാര്‍ജിംഗ് വേഗത്തില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ബജാജ് സ്‌കൂട്ടര്‍ കൂടുതല്‍ ഉപകാരപ്പെടും.
വലിപ്പവും സ്റ്റോറേജ് സൗകര്യവും
ഭാരവും വലിപ്പവും താരതമ്യം ചെയ്യുമ്പോള്‍ ടിവിഎസ് ഓര്‍ബിറ്റര്‍ അല്‍പ്പം വലുതും വിശാലവുമാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഓര്‍ബിറ്ററില്‍ 34 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്‌പെയ്‌സ് ലഭ്യമാണ്. ബജാജ് ചേതക്കില്‍ ഇത് 25 ലിറ്റര്‍ മാത്രമാണ്. എങ്കിലും ചേതക്കിന്റെ സ്റ്റോറേജ് ബോക്‌സിന് ആഴം കൂടുതലുള്ളതിനാല്‍ ഒരു ഫുള്‍ ഫേസ് ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ എളുപ്പമാണെന്ന് പല ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നു.

സുരക്ഷാ സംവിധാനങ്ങള്‍
സുരക്ഷാ ക്രമീകരണങ്ങളില്‍ ബജാജ് ചേതക് C2501 കൂടുതല്‍ മികച്ച സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. ചേതക്കിന്റെ ഫ്രണ്ട് വീലുകളില്‍ ഡിസ്‌ക് ബ്രേക്ക് ലഭിക്കുമ്പോള്‍ ടിവിഎസ് ഓര്‍ബിറ്ററിന്റെ രണ്ട് അറ്റങ്ങളിലും ഡ്രം ബ്രേക്കുകളാണുള്ളത്. എങ്കിലും ഓര്‍ബിറ്ററില്‍ സിന്‍ക്രണൈസ്ഡ് ബ്രേക്കിംഗ് സിസ്റ്റം (SBS) ലഭ്യമാണ്. രണ്ട് സ്‌കൂട്ടറുകള്‍ക്കും വെള്ളത്തില്‍ നിനിന്നും പൊടിയില്‍ നിന്ന് സംരക്ഷണമുള്ള IP67 റേറ്റിംഗുള്ള ബാറ്ററികളാണ് നല്‍കിയിരിക്കുന്നത്.
| സവിശേഷത | TVS Orbiter | Bajaj Chetak C2501 |
|---|---|---|
| ബാറ്ററി | 3.1 kWh | 2.5 kWh |
| റേഞ്ച് (IDC) | 158 കി.മീ | 113 കി.മീ |
| പരമാവധി വേഗത | 68 കി.മീ/മണിക്കൂർ | 55 കി.മീ/മണിക്കൂർ |
| ബ്രേക്ക് (മുന്നിൽ) | ഡ്രം | ഡിസ്ക് |
| സ്റ്റോറേജ് | 34 ലിറ്റർ | 25 ലിറ്റർ |
സ്മാര്‍ട്ട് ഫീച്ചറുകള്‍
ആധുനിക സാങ്കേതികവിദ്യയില്‍ രണ്ട് സ്‌കൂട്ടറുകളും ഒപ്പത്തിനൊപ്പമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, നാവിഗേഷന്‍ എന്നിവ രണ്ട് മോഡലുകളിലും ലഭ്യമാണ്. ടിവിഎസ് ഓര്‍ബിറ്ററില്‍ ഇക്കോ, സിറ്റി മോഡുകള്‍ ഉള്ളപ്പോള്‍ ബജാജ് ചേതക്കില്‍ ഇക്കോ, സ്‌പോര്‍ട്ട് മോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് കണക്റ്റഡ് ഫീച്ചറുകള്‍ക്കായി ബജാജില്‍ 'TecPac' എന്ന പ്രത്യേക പാക്കേജ് ആവശ്യമാണ്. ഇരുസ്‌കൂട്ടറുകളുടെയും ടെക്‌നോളജി, ഫീച്ചര്‍ താരതമ്യം താഴെ കാണുന്ന പട്ടികയില്‍.
| ഫീച്ചറുകൾ | TVS Orbiter | Bajaj Chetak C25 |
|---|---|---|
| ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ | ഡിജിറ്റൽ ഡിസ്‌പ്ലേ | എൽസിഡി (LCD) ക്ലസ്റ്റർ |
| കണക്റ്റിവിറ്റി | ബ്ലൂടൂത്ത് (SmartXonnect) | ബ്ലൂടൂത്ത് (App Support) |
| റൈഡിംഗ് മോഡുകൾ | ഇക്കോ, സിറ്റി (Eco, City) | ഇക്കോ, സ്പോർട്ട് (Eco, Sport) |
| ലൈറ്റിംഗ് സിസ്റ്റം | എൽഇഡി ഹെഡ്‌ലാമ്പ് & ടെയിൽ ലാമ്പ് | എൽഇഡി യൂണിറ്റ് & സിഗ്നേച്ചർ ടെയിൽ ലാമ്പ് |
| നാവിഗേഷൻ അസിസ്റ്റൻസ് | ലഭ്യമാണ് (Turn-by-Turn) | ലഭ്യമാണ് (Via App) |
| മൊബൈൽ ചാർജിംഗ് | യുഎസ്ബി പോർട്ട് ലഭ്യമാണ് | യുഎസ്ബി പോർട്ട് ലഭ്യമാണ് |
| ഹിൽ ഹോൾഡ് അസിസ്റ്റ് | ഇല്ല | ലഭ്യമാണ് (TecPac) |
വില
വിലയുടെ കാര്യത്തില്‍ ബജാജ് ചേതക് C2501 കൂടുതല്‍ ലാഭകരമാണ്. ഏകദേശം 87,736 രൂപയാണ് കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഈ സ്‌കൂട്ടറിന്റ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്. ടിവിഎസ് ഓര്‍ബിറ്ററിന് ഏകദേശം 1.09 ലക്ഷം രൂപയാണ് വില വരുന്നത്. അതായത് ചേതക്കിനേക്കാള്‍ ഏകദേശം 20,000 രൂപയോളം ഓര്‍ബിറ്ററിന് അധികമായി നല്‍കണം. ഉയര്‍ന്ന റേഞ്ചും കൂടുതല്‍ സ്റ്റോറേജും ആഗ്രഹിക്കുന്നവര്‍ക്ക് ഓര്‍ബിറ്ററും, കുറഞ്ഞ വിലയും മികച്ച നിര്‍മ്മാണ നിലവാരവും ആഗ്രഹിക്കുന്നവര്‍ക്ക് ചേതക്കും അനുയോജ്യമാണ്.


Click it and Unblock the Notifications








