റാൻ ഓഫ് കച്ചിനായി പ്രത്യേക റോണിൻ; ടിവിഎസ് ഒരുക്കിയ ഈ സർപ്രൈസ് കണ്ടോ?
ഗുജറാത്തിലെ റാന്‍ ഉത്സവത്തിന്റെ രണ്ടാം വര്‍ഷത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പ്രശസ്ത മോഡലായ റോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു. 'റാന്‍ ഉത്സവ് കസ്റ്റം സീരീസിന്റെ' ഭാഗമായാണ് ടിവിഎസ് റോണിന്‍ റാന്‍ ഓഫ് കച്ച് ലമിറ്റഡ് എഡിഷന്‍ (TVS Ronin Rann Of Kutch Edition) മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. കച്ചിലെ വെള്ളമണല്‍ പരപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പന. കച്ചിലെ പ്രകൃതിഭംഗിയും സാംസ്‌കാരിക പൈതൃകവും ഒത്തുചേരുന്ന രീതിയില്‍ ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നു. 'സിംഫണി ഓഫ് സാള്‍ട്ട് ആന്‍ഡ് സ്‌കൈ' എന്ന പ്രമേയത്തിലാണ് ഈ വാഹനം കസ്റ്റമൈസ് ചെയ്തിരിക്കുന്നത്.
കച്ചിലെ ഉപ്പുപാടങ്ങളും ആകാശവും തമ്മിലുള്ള ഹൃദ്യമായ ബന്ധമാണ് ഡിസൈനിലൂടെ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്. ഹാന്‍ഡ്-പെയിന്റ് ചെയ്ത ബോഡി പാനലുകളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബാഡ്ജുകളും ഇതിന് ഒരു ലക്ഷ്വറി ലുക്ക് നല്‍കുന്നു. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി 'അണ്‍സ്‌ക്രിപ്റ്റഡ് എക്സ്പ്ലോറേഷന്‍' എന്ന പ്രത്യേക പതിപ്പും ഇതിലുണ്ട്. കഠിനമായ പാതകള്‍ കീഴടക്കാന്‍ സഹായിക്കുന്ന ഡ്യുവല്‍ പര്‍പ്പസ് ടയറുകളാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, ദൂരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ റിയര്‍ റാക്കും മോഡുലാര്‍ ലഗേജ് സംവിധാനവും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. കച്ചിലെ പ്രാദേശിക കലാരൂപമായ അജ്റഖില്‍ (Ajrak) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ലെതര്‍ ആക്സസറികള്‍ വാഹനത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം മരുഭൂമിയിലെ പുലര്‍കാലത്തെ ഓര്‍മ്മിപ്പിക്കുന്ന സ്‌കൈ ബ്ലൂ, സാള്‍ട്ട് വൈറ്റ് എന്നീ ഗ്രേഡിയന്റ് നിറങ്ങളാണ് മോഡലിന് നല്‍കിയിരിക്കുന്നത്.
പ്രാദേശിക പാരമ്പര്യത്തെയും അത്യാധുനിക എഞ്ചിനീയറിംഗിനെയും ഇവിടെ ടിവിഎസ് കോര്‍ത്തിണക്കുന്നു.ടിവിഎസ് റോണിന്റെ പ്രത്യേക പതിപ്പിന് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. ഇതിലെ 225.9 സിസി സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് മോട്ടോര്‍ 7,750 ആര്‍പിഎമ്മില്‍ 20.1 bhp പവറും 3,750 ആര്‍പിഎമ്മില്‍ 19.93 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, 5-സ്പീഡ് ഗിയര്‍ബോക്‌സും ഒരു അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ചും ഇതില്‍ ഉള്‍പ്പെടുന്നു.

ബൈക്കിന് 41 mm USD ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോ-ഷോക്കും ലഭിക്കുന്നു. ബ്രേക്കിംഗിനായി 300 mm ഫ്രണ്ട്, 240 mm റിയര്‍ ഡിസ്‌ക് എന്നിവയിയോടൊപ്പം ഡ്യുവല്‍-ചാനല്‍ എബിഎസുമുണ്ട്. T-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, റെയിന്‍ ആന്‍ഡ് അര്‍ബന്‍ റൈഡിംഗ് മോഡുകള്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ബൈക്കിന് ലഭിക്കുന്നു.
റാന്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന വെസ്റ്റ് ചാപ്റ്റര്‍ റൈഡില്‍ നൂറിലധികം മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ പങ്കെടുത്തു. മുംബൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള റൈഡര്‍മാരാണ് ഈ യാത്രയുടെ ഭാഗമായത്. റോണിന്‍ കള്‍ട്ട് (Ronin CuLT) കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ ഈ വാഹനത്തിന്റെ കരുത്ത് നേരിട്ട് അനുഭവിച്ചറിഞ്ഞു.റോണിന് പുറമെ ടിവിഎസ് അപ്പാച്ചെ RTR 200, RTR 310, RR 310 എന്നീ മോഡലുകളുടെയും പ്രത്യേക പതിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഐമോര്‍ കസ്റ്റംസുമായി (Eimor Customs) സഹകരിച്ചാണ് ഈ വാഹനങ്ങളുടെ ഹാന്‍ഡ്-പെയിന്റ് ഡിസൈനുകള്‍ തയാറാക്കിയിരിക്കുന്നത്. ഓരോ വാഹനവും കച്ചിലെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി ടിവിഎസ് റോണിന്‍ ഡ്രിഫ്റ്റ്-ആര്‍ ഫ്‌ലാറ്റ് ട്രാക്ക് പരിശീലനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്ത്രീകള്‍ക്കായി പ്രത്യേക ഡ്രിഫ്റ്റ്-ആര്‍ ചാമ്പ്യന്‍ഷിപ്പും ടിവിഎസ് ഒരുക്കി. റൈഡിംഗിനൊപ്പം സ്‌കില്‍ മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് കമ്പനി ഇവിടെ ഒരുക്കിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








