80 കി.മീ മൈലേജുള്ള ബൈക്ക് മൊബൈൽ ഫോണിന്റെ വിലക്ക് വിറ്റിട്ടും ജനം മൈൻഡ് ചെയ്യുന്നില്ല; ഇനി അയാളുടെ കാലം
പ്രീമിയം സ്മാര്‍ട്ട്ഫോണിന്റെ വിലയില്‍ സ്വന്തമാക്കാവുന്ന വിലയും ലിറ്ററിന് 80 കിലോമീറ്റര്‍ വരെ മൈലേജുമുള്ള ടിവിഎസ് ബൈക്കിന്റെ വില്‍പ്പനയില്‍ ഇടിവ്. 2007 മുതല്‍ ഇന്ത്യന്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെ സജീവ സാന്നിധ്യമായ ടിവിഎസ് സ്‌പോര്‍ട്ട് (TVS Sport) മോഡലിന്റെ വില്‍പ്പനയിലാണ് ഇപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റഷ്‌ലെയ്ന്‍ (Rushlane) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ രാജ്യത്തുടനീളം ആകെ 9,067 ടിവിഎസ് സ്‌പോര്‍ട്ട് ബൈക്കുകള്‍ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചിട്ടുള്ളത്.
തൊട്ടുമുന്‍പത്തെ മാസമായ 2026 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ വലിയ വ്യത്യാസം കാണാന്‍ സാധിക്കും. 2026 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലുടനീളം ആകെ 10,905 ടിവിഎസ് സ്‌പോര്‍ട്ട് ബൈക്കുകളായിരുന്നു വിറ്റഴിക്കപ്പെട്ടിരുന്നത്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ വില്‍പ്പന 16.85 ശതമാനം ഇടിഞ്ഞു.മുന്‍ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏപ്രിലില്‍ മാത്രം ആകെ 1,838 ബൈക്കുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കമ്മ്യൂട്ടര്‍ ബൈക്കിന്റെ പ്രതിമാസ വില്‍പ്പനയേക്കാള്‍ കടുത്ത ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് വാര്‍ഷിക വില്‍പ്പന കണക്കുകളിലാണ്. 2025 വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലുടനീളം ആകെ 12,895 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം അത് 9,067 യൂണിറ്റുകളായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 29.69 ശതമാനമാണ് വാര്‍ഷിക വില്‍പ്പന ഇടിവ്.
12 മാസത്തിന് മുമ്പുള്ളതിനേക്കാള്‍ 3,828 യൂണിറ്റ് കുറവാണ് ടിവിഎസ് സ്‌പോര്‍ട്ടിന്റെ വില്‍പ്പന. കഴിഞ്ഞ 20 വര്‍ഷത്തിനടുത്തായി ഇന്ത്യന്‍ വിപണിയില്‍ സജീവ സാന്നിധ്യമായ ഒരു കമ്മ്യൂട്ടര്‍ മോഡലിനുണ്ടായ ഈ വില്‍പ്പന ഇടിവ് വിപണിയിലെ പുതിയ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ഒന്നാണ് ടിവിഎസ് സ്‌പോര്‍ട്ട്.
സാധാരണക്കാരായ ഉപഭോക്താക്കളുടെ ബജറ്റിലൊതുങ്ങുന്ന വളരെ ആകര്‍ഷകമായ രണ്ട് വേരിയന്റുകളിലാണ് ഈ ബൈക്ക് വിപണിയില്‍ എത്തുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം ഈ ബൈക്കിന്റെ ബേസ് വേരിയന്റിന്റെ വില വെറും 65,750 രൂപയാണ്. ഇതിന്റെ ഉയര്‍ന്ന വേരിയന്റിന് പോലും 67,250 രൂപ മുടക്കിയാല്‍ മതി. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, ദൈനംദിന സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ മെക്കാനിക്കല്‍ ഘടനയാണ് ടിവിഎസ് സ്‌പോര്‍ട്ട് മോഡലിന് നല്‍കിയിട്ടുള്ളത്. ഇതിലെ 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 4-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. നഗരങ്ങളിലെ കനത്ത ട്രാഫിക്കുകളിലും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ ഇത് ബൈക്കിനെ സഹായിക്കുന്നു. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ ബൈക്കിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്.

ഈ കമ്മ്യൂട്ടര്‍ ബൈക്ക് ഒരു ലിറ്റര്‍ പെട്രോളില്‍ 80 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് നിരവധി ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ഇത് സഹായിക്കും. പെട്രോള്‍ വില നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ബൈക്കുകളില്‍ ഒന്നാണ് ഇത്. എന്നിരുന്നാലും റോഡിന്റെ സ്ഥിതി, ട്രാഫിക്, ബൈക്കിന്റെ പരിപാലനം, റൈഡിംഗ് ശൈലി എന്നിവയെ ആശ്രയിച്ച് മൈലേജില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
100-110 സിസി ബജറ്റ് ബൈക്ക് െേസഗ്‌മെന്റില്‍ ഹീറോ സ്പ്ലെന്‍ഡര്‍, ഹീറോ ഹെച്ച്എഫ് ഡീലക്സ്, ബജാജ് പ്ലാറ്റിന, ഹോണ്ട ഷൈന്‍ 100 തുടങ്ങിയ മുന്‍നിര മോഡലുകളോടാണ് ടിവിഎസ് സ്‌പോര്‍ട്ട് പ്രധാനമായും മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ വലിയകടുത്ത മത്സരമാണ് നിലവില്‍ അരങ്ങേറുന്നത്. ശക്തരായ എതിരാളികളുടെ സാന്നിധ്യവും കമ്മ്യൂട്ടര്‍ വിപണിയിലെ മാറ്റങ്ങളുമാണ് ടിവിഎസ് സ്‌പോര്‍ട്ടിന്റെ വില്‍പ്പന കുറയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ മോഡേൺ ഫീച്ചറുകളുള്ള പുതിയ കമ്മ്യൂട്ടര്‍ ബൈക്കുകളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതും ഇതിനൊരു കാരണമായി കാണാം. ഏപ്രില്‍ മാസം തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും വരും മാസങ്ങളില്‍ ഈ ബൈക്കിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന മൈലേജുള്ള ബജറ്റ് ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഒരു മാറ്റം സംഭവിച്ചാല്‍ വരും മാസങ്ങളിലെ ടിവിഎസ് സ്‌പോര്‍ട്ട് ശക്തമായി തിരിച്ചുവരുന്നത് നമുക്ക് കാണാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications