70+ കി.മീ മൈലേജ് പറയുന്ന ബൈക്കിന് വില ₹72500! എന്നിട്ടും വാങ്ങിയത് വെറും 5 പേര്‍
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഒരു കാലത്ത് രാജാവായി വാണിരുന്ന ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് (TVS Star City Plus) അസ്തമനത്തിന്റെ വക്കില്‍. കമ്പനിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2026 മാര്‍ച്ചില്‍ വെറും 5 യൂണിറ്റുകള്‍ മാത്രമാണ് ഈ ബൈക്കിന്റെ വില്‍പ്പന. മുന്‍കാലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഈ മോഡലിന്റെ വില്‍പ്പനയിലുണ്ടായ ഈ കനത്ത ഇടിവ് ഇരുചക്രവാഹന പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് വിപണിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിടുന്നത് എന്നതിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ചുവടെ വായിക്കാം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 2,855 സ്റ്റാര്‍ സിറ്റി പ്ലസ് ബൈക്കുകളാണ് ടിവിഎസ് ഇന്ത്യയില്‍ വിറ്റഴിച്ചത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മാസം വില്‍പ്പന 5 യൂണിറ്റിലേക്ക് ചുരുങ്ങി. വില്‍പ്പന 1 വര്‍ഷം കൊണ്ട് 2855 യൂണിറ്റ് കുറഞ്ഞതോടെ ടിവിഎസ് നിരയില്‍ വില്‍പ്പനയില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട മോഡല്‍ ആയി സ്റ്റാര്‍ സിറ്റി പ്ലസ് മാറി. 2026 ഫെബ്രുവരി മാസവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ഫെബ്രുവരിയില്‍ വെറും 3 പേര്‍ മാത്രമായിരുന്നു ഈ ബൈക്ക് വാങ്ങിയത്. ഇത് മാസാടിസ്ഥാനത്തില്‍ 66.67 ശതമാനം വര്‍ധനവായി തോന്നുമെങ്കിലും വില്‍ക്കപ്പെട്ട എണ്ണം വളരെ തുച്ഛമാണ്. ഈ ബൈക്കിന് എന്തുകൊണ്ട് ഇത്രയും വലിയ ഇടിവ് സംഭവിച്ചു എന്നത് വാഹന വിപണിയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ടിവിഎസ് ഈ ബൈക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഔദ്യോഗികമായി കമ്പനി ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും സ്റ്റോക്കിലുള്ള പഴയ യൂണിറ്റുകള്‍ മാത്രമാണ് ഡീലര്‍ഷിപ്പുകളില്‍ വില്‍ക്കുന്നത്. അധികം വൈകാതെ തന്നെ ഈ മോഡല്‍ പൂര്‍ണമായും പിന്‍വലിച്ചേക്കാം. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഒരു കാലത്ത് ഇന്ത്യയിലെ സാധാരണക്കാരുടെ വിശ്വസ്ത വാഹനമായിരുന്നു. കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് ഈ ബൈക്കിനെ ജനപ്രിയമാക്കിയത്.
30 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇതിനകം തന്നെ സ്റ്റാര്‍ ബൈക്കുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പുതിയ മോഡലുകളുടെ കടന്നുവരവും ആധുനിക ഫീച്ചറുകളോടുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യവും ഈ മോഡലിന്റെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായി. വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ സാധിക്കാത്തത് സ്റ്റാര്‍ സിറ്റി പ്ലസ് ബൈക്കിന് വിനയായി മാറി.
110 സിസി എഞ്ചിനാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് കരുത്ത് പകരുന്നത്. ഈ ബൈക്കിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായി ടിവിഎസ് മോട്ടോറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് റിവ്യൂകളില്‍ പറയുന്നുണ്ട്. ഏകദേശം 72,500 രൂപയാണ് ബൈക്കിന്റെ ഡല്‍ഹി എക്‌സ്-ഷോറൂം വില. മികച്ച എഞ്ചിന്‍ പെര്‍ഫോമന്‍സും ഈടുറ്റ നിര്‍മാണവുമായിരുന്ന ഈ ബൈക്കിന്റെ സവിശേഷതകള്‍.
സ്റ്റാര്‍ സിറ്റിയില്‍ നിന്ന് സ്റ്റാര്‍ സിറ്റി പ്ലസിലേക്ക് അപ്ഡേറ്റ് ചെയ്തപ്പോള്‍ കമ്പനി പല മാറ്റങ്ങളും വരുത്തിയിരുന്നു. എന്നാല്‍ കാലത്തിനൊത്ത സാങ്കേതികവിദ്യകള്‍ ബൈക്കിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കാത്തത് വില്‍പ്പനയെ ബാധിച്ചു. ഇപ്പോള്‍ ബൈക്ക് ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയായി മാറുകയാണ്. നിലവില്‍ വിപണിയിലുള്ള മിക്ക പുതിയ ബൈക്കുകളും കൂടുതല്‍ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും നല്‍കുന്നുണ്ട്.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയവ പുതിയ ഉപഭോക്താക്കള്‍ ചോദിച്ച് വാങ്ങുന്നു. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസില്‍ ഇത്തരം ആധുനിക സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഇതിനുപകരം കൂടുതല്‍ സ്‌പോര്‍ട്ടിയായ ബൈക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ടിവിഎസ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ടിവിഎസ് സ്വീകരിച്ച ഇത്തരം തന്ത്രപരമായ തീരുമാനങ്ങള്‍ ഈ ബൈക്കിന്റെ അന്ത്യത്തിന് കാരണമായിരിക്കാം എന്ന് കരുതുന്നു.
ഈ വാഹനത്തിന്റെ വില്‍പ്പന മന്ദഗതിയിലായതോടെ പഴയ സ്റ്റോക്കുകള്‍ തീര്‍ക്കാനുള്ള തത്രപ്പാടിലാണ് ഡീലര്‍മാര്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ മോഡല്‍ ഇപ്പോഴും കാണാമെങ്കിലും പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. എന്തായാലും വിപണിയില്‍ നിന്ന് ഒരു ഐക്കണിക് ബൈക്ക് വിടവാങ്ങുന്നു എന്നത് സത്യമാണ്. ഈ മോഡലിന്റെ ഉല്‍പ്പാദനം നിര്‍ത്തിയത് കമ്പനിയുടെ ഭാവി പ്ലാനുകളുടെ ഭാഗമാണെന്ന് കരുതേണ്ടിയിരിക്കുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ നിരത്തുകളില്‍ ഒരു കാലത്ത് സര്‍വ്വസാധാരണമായി കണ്ടിരുന്ന ബൈക്കുകളായിരുന്നു ഇവ. ഇപ്പോള്‍ ഇവയെ നിരത്തുകളില്‍ കാണുന്നത് തന്നെ അപൂര്‍വമായിരിക്കുന്നു. വാഹന പ്രേമികള്‍ക്കിടയില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എപ്പോഴും ഒരു നല്ല ഓര്‍മ്മയായി അവശേഷിക്കും. സിമ്പിള്‍ എഞ്ചിനും കുറഞ്ഞ പരിപാലന ചിലവും ഈ ബൈക്കിന്റെ ഹൈലൈറ്റുകളായിരുന്നു. കാലം മാറുമ്പോള്‍ വാഹനങ്ങളും മാറേണ്ടതുണ്ടെന്നതിന് മികച്ച ഒരു ഉദാഹരണം കൂടിയാണ് ഈ ബൈക്കിന്റെ തകര്‍ച്ച.
സ്റ്റാര്‍ സിറ്റി പ്ലസിന്റെ പ്രയാണം അവസാനിക്കാറായെങ്കിലും ഇതിലൂടെ ടിവിഎസ് നേടിയ വിപണി വിഹിതം വലുതാണ്. പഴയ പടക്കുതിരകള്‍ പുതുതലമുറ മോഡലുകള്‍ക്ക് വഴിമാറിക്കൊടുക്കുന്നത് വിപണിയിലെ സ്വാഭാവികമായ പ്രക്രിയയാണ്. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്ന പേര് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഔദ്യാഗികമായി മാഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഈ ബൈക്കിന്റെ പടിയിറക്കത്തോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications