പഴയ ബൈക്ക് ഓടിയ ഓരോ കിലോമീറ്ററിനും 1 രൂപ ക്യാഷ്ബാക്ക്! പെട്രോൾ ബില്ലുകൾക്ക് അന്ത്യം കുറിക്കാൻ അൾട്രാവയലറ്റ്
പൊതുമേഖലാ എണ്ണക്കമ്പനികള്‍ തോന്നുംപടി ഇന്ധന വില കൂട്ടാന്‍ തുടങ്ങിയതോടെ രാജ്യത്തെ സാധാരണ ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഇന്ധനവില വര്‍ദ്ധനവ് വലയ്ക്കുമ്പോള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രമുഖ ഇവി ബ്രാന്‍ഡായ അള്‍ട്രാവയലറ്റ് (Ultraviolette) പുതിയ ക്യാഷ്ബാക്ക് പദ്ധതി പ്രഖ്യാപിച്ചു. പെട്രോള്‍ ബൈക്ക് യാത്രക്കാരുടെ മുന്‍കാല ട്രാവല്‍ ഹിസ്റ്ററി അടിസ്ഥാനമാക്കി വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 'കില്‍ ദി പെട്രോള്‍ ബില്‍' (Kill the Petrol Bill) പദ്ധതിക്കാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തുടക്കമിട്ടിരിക്കുന്നത്. കില്‍ ദി പെട്രോള്‍ ബില്‍ പദ്ധതിയെ കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ വിശദമായി വായിക്കാം.
മുന്‍നിര പെര്‍ഫോമന്‍സ് ബൈക്കുകളായ F77, X-47 എന്നിവയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഈ നീക്കം നടത്തുന്നത്. ഇന്നലെ അതായത് 2026 ജൂണ്‍ അഞ്ചിനാണ് 'കില്‍ ദി പെട്രോള്‍ ബില്‍' എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ ക്യാഷ്ബാക്ക് പ്രോഗ്രാം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പെട്രോള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് നൂതന സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചെത്തുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസം പകരുന്നതായിരിക്കും ഈ പദ്ധതിയെന്നാണ് വിലയിരുത്തല്‍.

ഈ പ്രത്യേക പദ്ധതി പ്രകാരം ഒരു ഉപഭോക്താവിന് പരമാവധി 30,000 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യമായി സ്വന്തമാക്കാന്‍ സാധിക്കും. ഉപഭോക്താവ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തന്റെ പഴയ പെട്രോള്‍ ടൂവീലറില്‍ സഞ്ചരിച്ച ആകെ ദൂരം (Riding History) പരിശോധിച്ചാണ് ഈ തുക എത്രയെന്ന് കമ്പനി നിശ്ചയിക്കുന്നത്. ഓടിയ ഓരോ കിലോമീറ്ററിനും 1 രൂപ വീതമാണ് അള്‍ട്രാവയലറ്റ് ക്യാഷ്ബാക്ക് കണക്കാക്കുന്നത്.
അതായത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പഴയ വാഹനത്തില്‍ 20,000 കിലോമീറ്റര്‍ സഞ്ചരിച്ച രേഖകളുള്ള ഒരാള്‍ക്ക് പുതിയ എഫ്77 അല്ലെങ്കില്‍ എക്സ്-47 ഇവി വാങ്ങുമ്പോള്‍ നേരിട്ട് 20,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.ഇവി ബൈക്ക് വാങ്ങുമ്പോള്‍ ലഭിക്കുന്ന മുന്‍കൂര്‍ ക്യാഷ്ബാക്കിന് പുറമെ, ദൈനംദിന ഉപയോഗത്തിലും വന്‍ തുക ലാഭിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പെട്രോള്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ F77, X-47 ഉടമകള്‍ക്ക് ഇന്ധനച്ചെലവില്‍ മാത്രം പ്രതിമാസം 3,000 രൂപ മുതല്‍ 5,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരായ ബൈക്ക് യാത്രികര്‍ക്കും പ്രൊഫഷണലുകള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ റണ്ണിംഗ് കോസ്റ്റ് ഗണ്യമായി കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനത്തിലേക്കുള്ള ഈ മാറ്റം വഴി സാധിക്കും. 2,49,000 രൂപ പ്രാരംഭ വിലയുള്ള അള്‍ട്രാവയലറ്റിന്റെ X-47 ബൈക്കിന് ഇതിനോടകം തന്നെ വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അള്‍ട്രാവയലറ്റ് അവതരിപ്പിച്ച 'ബാറ്ററി ഫ്‌ലെക്‌സ് ബാസ്' (Battery Flex BaaS) പ്ലാന്‍ വഴി ഇവിയുടെ പ്രാരംഭ വില 1.49 ലക്ഷം രൂപയായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ബൈക്കിന്റെ വിലയില്‍ നിന്ന് വേര്‍പെടുത്തി ബാറ്ററി ഫിനാന്‍സിംഗ് രീതിയിലേക്ക് മാറ്റിയാണ് പ്രാരംഭ ചെലവ് ഗണ്യമായി കുറച്ചത്. അള്‍ട്രാവയലറ്റ് ക്രോസ്ഓവറില്‍ അത്യാധുനിക ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, കരുത്തുറ്റ ഇലക്ട്രിക് മോട്ടോര്‍, സ്‌പോര്‍ട്ടി ഷാസി എന്നിവ കമ്പനി നല്‍കിയിട്ടുണ്ട്.
സിറ്റി, ഹൈവേ റൈഡുകള്‍ക്ക് ഒരുപോലെ അനുയോജ്യമായ അഗ്രസീവ് പെര്‍ഫോമന്‍സും ലോംഗ് റേഞ്ചും ഉറപ്പാക്കുന്ന തരത്തിലാണ് അള്‍ട്രാവയലറ്റ് ബൈക്ക് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീന്‍ മൊബിലിറ്റി ദര്‍ശനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ പദ്ധതിയെന്ന് അള്‍ട്രാവയലറ്റ് സിഇഒയും സഹ-സ്ഥാപകനുമായ നാരായണ്‍ സുബ്രഹ്‌മണ്യം വ്യക്തമാക്കി. പെട്രോള്‍ ആശ്രയത്വത്തില്‍ നിന്ന് ഉപഭോക്താക്കളെ മാറ്റാന്‍ ഇത്തരം പ്രായോഗിക നടപടികള്‍ അത്യാവശ്യമാണെന്നും ഇത് ഇവി വിപ്ലവത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയതലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ സാധിക്കും. ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളും മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളുമുള്ള അള്‍ട്രാവയലറ്റ് ബൈക്കുകള്‍ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ക്യാഷ്ബാക്ക് ഓഫറിലൂടെ രാജ്യത്തെ ഇരുചക്ര വാഹന പ്രേമികള്‍ക്ക് കൈവന്നിരിക്കുന്നത്. പുതിയ ഇവി വാങ്ങാന്‍ പദ്ധതിയിടുന്ന ഏതെങ്കിലും പരിചയക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അള്‍ട്രാവയലറ്റിന്റെ 'കില്‍ ദി പെട്രോള്‍ ബില്‍' ക്യാഷ്ബാക്ക് പദ്ധതിയെ കുറിച്ചുള്ള ഈ വാര്‍ത്ത അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications