ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ 70000+; മൗനം വെടിഞ്ഞ് അള്‍ട്രാവയലറ്റ്, ടെസറാക്റ്റ് ജനുവരിയിലെത്തും
ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് കരുതി ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ച് ഇനിയും മാസങ്ങള്‍ നീളും. ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്ഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് നിർമാതാക്കൾ വിശേഷിപ്പിക്കുന്ന അള്‍ട്രാവയലറ്റ് ടെസറാക്റ്റ് അടുത്ത വര്‍ഷം മാത്രമേ ഉപഭോക്താക്കളിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ ബൈക്ക്വാലെ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2027 ജനുവരിയിലാണ് ഈ സ്‌കൂട്ടറിന്റെ ലോഞ്ചും കസ്റ്റമര്‍ ഡെലിവറിയും ഒരേസമയം ആരംഭിക്കുക. 2025-ല്‍ കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചതിന് ശേഷം സ്‌കൂട്ടര്‍ ഇന്ത്യയിലെ 30 വ്യത്യസ്ത നഗരങ്ങളില്‍ ഇത് കൊണ്ടുപോയി കമ്പനി ഉപഭോക്താക്കളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെയും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ അള്‍ട്രാവയലറ്റ് ടെസറാക്റ്റിന്റെ രൂപകല്‍പ്പനയിലും മെക്കാനിക്കല്‍ ഘടനയിലും കമ്പനി ഇപ്പോള്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തിയതിനാലാണ് ലോഞ്ച് വൈകുന്നത്. റൈഡര്‍ കംഫര്‍ട്ട് ഉയര്‍ത്തുന്നതിനായി സ്‌കൂട്ടറിന്റെ സീറ്റിംഗ് ഘടനയില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്കും പില്യണ്‍ സീറ്റ് റൈഡര്‍ക്കും മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഇതിലെ സീറ്റുകള്‍ക്ക് കൂടുതല്‍ വീതിയും ഉയര്‍ന്ന ഫോം ഡെന്‍സിറ്റിയും (Foam Density) നല്‍കിയിട്ടുണ്ട്. ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് സുഖമായി നിലത്ത് കാലൂന്നാന്‍ ടെസറാക്റ്റിന്റെ ഫ്‌ലോര്‍ബോര്‍ഡ് ഭാഗം പൂര്‍ണമായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ എക്‌സ്റ്റീരിയര്‍ മാറ്റങ്ങള്‍ക്കൊപ്പം തന്നെ സ്‌കൂട്ടറിന്റെ ആന്തരിക ഘടനയിലും വിപ്ലവകരമായ നിരവധി സാങ്കേതിക അപ്ഡേറ്റുകളാണ് അള്‍ട്രാവയലറ്റ് എഞ്ചിനീയറിങ് വിഭാഗം വരുത്തിയിട്ടുള്ളത്.
സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ആദ്യത്തെ 100V ആര്‍ക്കിടെക്ചര്‍ (100V Architecture) സംവിധാനവുമായാണ് പുതിയ അള്‍ട്രാവയലറ്റ് ടെസറാക്റ്റ് സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ അത്യാധുനിക ഹൈ-വോള്‍ട്ടേജ് സിസ്റ്റം കാരണം സ്‌കൂട്ടറിന് മികച്ച തെര്‍മല്‍ മാനേജ്മെന്റും ഒപ്പം ഉയര്‍ന്ന പവര്‍ ഔട്ട്പുട്ടും വളരെ കുറഞ്ഞ നിര്‍മ്മാണ ചെലവും ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ 100V സാങ്കേതികവിദ്യയിലൂടെ സാധാരണ ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാള്‍ മൂന്ന് മടങ്ങ് അധിക പവര്‍ ഉത്പാദിപ്പിക്കാനും അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം പൂര്‍ണമായി സപ്പോര്‍ട്ട് ചെയ്യാനും ഈ പ്രീമിയം മോഡലിന് സാധിക്കും. ഉയര്‍ന്ന വോള്‍ട്ടേജ് കൈകാര്യം ചെയ്യേണ്ടതിനാല്‍ വളരെ സുരക്ഷിതമായ ഒരു പുതിയ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) ഇതിനായി കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അള്‍ട്രാവയലറ്റിന്റെ X-47 ക്രോസ്ഓവറില്‍ ഉപയോഗിച്ചിരുന്ന സംവിധാനത്തെ അപേക്ഷിച്ച് വലുപ്പത്തിലും ഭാരത്തിലും വളരെ കുറവുള്ള പുത്തന്‍ ബിഎംഎസ് ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെറും 2.5 കിലോഗ്രാം മാത്രമാണ് ഈ പുതിയ സുരക്ഷ ഘടകത്തിന്റെ ആകെ ഭാരം. ഇത്തരത്തിലുള്ള സങ്കീര്‍ണമായ സാങ്കേതിക പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ കൂടുതല്‍ സമയമെടുത്തതാണ് ഇവി സ്‌കൂട്ടറിന്റെ ലോഞ്ച് വൈകാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.
മെക്കാനിക്കല്‍ കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ശക്തമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായിരിക്കും പുതിയ ടെസറാക്റ്റ്. ഉയര്‍ന്ന ശേഷിയുള്ള 15kW ഇലക്ട്രിക് മോട്ടോറാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. ഇതിലൂടെ പരമാവധി 125 kmph വേഗത കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന ഈ സ്‌കൂട്ടറില്‍ റൈഡര്‍മാരുടെ സുരക്ഷയ്ക്കായി നിരവധി പ്രീമിയം ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്.
മികച്ച ബ്രേക്കിംഗ് നിയന്ത്രണത്തിനായി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), റോഡുകളില്‍ ടയറുകളുടെ ഗ്രിപ്പ് നിലനിര്‍ത്താന്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം എന്നിവ ഇതിലുണ്ട്. കൂടാതെ, റിയര്‍-വ്യൂ മിററുകളുടെ ബ്ലൈന്‍ഡ് സ്‌പോട്ടിലുള്ള മറ്റ് വാഹനങ്ങളെ കുറിച്ച് റൈഡര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന റഡാര്‍ അസിസ്റ്റന്‍സ് (Radar-based Assistance) സാങ്കേതികവിദ്യയും ഇതിലുണ്ട്.
വ്യത്യസ്ത ഉപഭോക്തൃ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മൂന്ന് വ്യത്യസ്ത ബാറ്ററി ശേഷികളിലാണ് അള്‍ട്രാവയലറ്റ് ടെസറാക്റ്റ് സ്‌കൂട്ടര്‍ കമ്പനി വില്‍പ്പനക്കെത്തിക്കുക. കമ്മ്യൂട്ടര്‍ ആവശ്യങ്ങള്‍ക്കായി 3.5kWh പതിപ്പും, ദീര്‍ഘദൂര യാത്രകള്‍ക്കായി 4kWh വേരിയന്റും, ഹൈ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി വലിയ 6kWh ബാറ്ററി പായ്ക്കും കമ്പനി നല്‍കുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യപ്രകാരമുള്ള സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.
വിലയുടെ കാര്യത്തിലും മത്സരക്ഷമത പുലര്‍ത്താന്‍ അള്‍ട്രാവയലറ്റ് ടെസറാക്റ്റിന് സാധിക്കുന്നുണ്ട്. നിലവില്‍ ഈ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില വെറും 1.45 ലക്ഷം രൂപയാണ്. ഉയര്‍ന്ന ബാറ്ററി മോഡലുകളുടെ കൃത്യമായ വിലവിവരങ്ങള്‍ ലോഞ്ചിനോട് അനുബന്ധിച്ച് കമ്പനി പ്രഖ്യാപിക്കും. ഇന്ത്യന്‍ വിപണിയിലെ ഏഥര്‍ എനര്‍ജി, ഓല ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഹൈ പെര്‍ഫോമന്‍സ് വേരിയന്റുകളോടാണ് അള്‍ട്രാവയലറ്റ് ടെസറാക്റ്റ് പ്രധാനമായും മത്സരിക്കുക.


Click it and Unblock the Notifications