പെട്രോളിനേക്കാൾ ലാഭത്തിൽ സൂപ്പർബൈക്ക് ഓടിക്കാം; അൾട്രാവയലറ്റ് X-47 ഇനി 1.49 ലക്ഷം രൂപയ്ക്ക് വാങ്ങാം
ഇലക്ട്രിക് പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ക്ക് ആവേശകരമായ ഒരു വാര്‍ത്തയാണ് ബാംഗ്ലൂരില്‍ നിന്ന് വരുന്നത്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് തങ്ങളുടെ കരുത്തുറ്റ X-47 ക്രോസ്ഓവര്‍ ഇനി സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന വിലയില്‍ ലഭ്യമാക്കി. വിപ്ലവകരമായ 'ബാറ്ററി ഫ്ലെക്സ്' (Battery Flex) എന്ന ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്സ്‌ക്രിപ്ഷന്‍ മോഡലിലൂടെ ഇവിയുടെ പ്രാരംഭ വിലയില്‍ 40 ശതമാനത്തോളമാണ് കുറവ് വന്നിരിക്കുന്നത്. ബാറ്ററിയുടെ വില ബൈക്കിന്റെ വിലയില്‍ നിന്ന് വേര്‍തിരിച്ച് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ജനങ്ങള്‍ക്ക് നല്‍കാനാണ് ബാറ്ററി ഫെ്ലക്സ് സ്‌കീം വഴി അള്‍ട്രാവയലറ്റ് ലക്ഷ്യമിടുന്നത്.
ഇന്നാണ് (2026 മാര്‍ച്ച് 5) അള്‍ട്രാവയലറ്റ് ഈ പുതിയ ഓണര്‍ഷിപ്പ് മാതൃക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാറ്ററി ഫെ്ലക്സ് പദ്ധതിക്ക് കീഴില്‍ അള്‍ട്രാവയലറ്റ് X-47 ക്രോസ്ഓവര്‍ വെറും 1,49,000 രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. വാഹനത്തിന്റെ ഷാസിക്ക് മാത്രം പണം നല്‍കുകയും ബാറ്ററി പായ്ക്കിനായി ഓരോ മാസവും സബ്സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുകയും ചെയ്യണം. ഗ്രീന്‍ എന്‍ബിഎഫ്‌സിയായ ഇക്കോഫിയുമായി (Ecofy) സഹകരിച്ചാണ് അള്‍ട്രാവയലറ്റ് ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ചത്.

പ്രതിമാസം വെറും 2,499 രൂപയില്‍ ആരംഭിക്കുന്ന ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. സാധാരണ ബൈക്കുകളില്‍ പെട്രോള്‍ നിറയ്ക്കാന്‍ ചിലവാക്കുന്ന ശരാശരി തുകയേക്കാള്‍ കുറവാണ് ഇതെന്ന് അള്‍ട്രാവയലറ്റ് സിഇഒ നാരായണ്‍ സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടുന്നു. സബ്സ്‌ക്രിപ്ഷന്‍ കാലാവധി കഴിയുമ്പോള്‍ ബാറ്ററിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ഉപഭോക്താവിന് തന്നെ ലഭിക്കും എന്നതാണ് ബാറ്ററി ഫ്ലെക്സിനെ ശ്രദ്ധേയമാക്കുന്നത്. ഇതിനായി അധിക ചിലവുകള്‍ ഒന്നും തന്നെയില്ല.
കൂടാതെ, ബാറ്ററി പായ്ക്കിന് 5 വര്‍ഷത്തെ ദീര്‍ഘകാല വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭത്തോടൊപ്പം വലിയ ആത്മവിശ്വാസവും മനസ്സമാധാനവും നല്‍കുന്നു. സുസ്ഥിരമായ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മോഡേണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അള്‍ട്രാവയലറ്റിന്റെ ബാറ്ററി ഫ്ലെക്സ് പദ്ധതിക്കുള്ള എന്റോള്‍മെന്റുകള്‍ 2026 മാര്‍ച്ച് 5 മുതല്‍ ആരംഭിച്ചിട്ടുണ്ട്.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി 2.49 ലക്ഷം രൂപ ആമുഖ വിലയില്‍ അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്കായ X47 ക്രോസ്ഓവര്‍ പുറത്തിറക്കിയത്. ആദ്യത്തെ 1000 ബുക്കിംഗുകള്‍ക്ക് ശേഷം വില 2.74 ലക്ഷമാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. ലേസര്‍ റെഡ്, എയര്‍സ്ട്രൈക്ക് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ മൂന്ന് പെയിന്റ് സ്‌കീമുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. സാങ്കേതികമായി അള്‍ട്രാവയലറ്റിന്റെ 'ഏവിയേഷന്‍ ഡിഎന്‍എ' ഉള്‍ക്കൊള്ളുന്ന മോഡലാണ് X-47 ക്രോസ്ഓവര്‍.
F77 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍സൈക്കിള്‍ ആണെങ്കിലും വ്യത്യസ്തമായ ഷാസിയും സബ്-ഫ്രെയിമുമാണ് അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവറില്‍ ഉപയോഗിക്കുന്നത്. ബീക്ക്-സ്റ്റൈല്‍ ഫെന്‍ഡര്‍, സ്‌കള്‍പ്ചേര്‍ഡ് ടാങ്ക്, കാസ്റ്റ് അലുമിനിയം സബ്-ഫ്രെയിമുള്ള ഒരു റാക്ക്ഡ് ടെയില്‍ സെക്ഷന്‍ എന്നിവ ഉപയോഗിച്ച് സ്റ്റൈലിംഗും വ്യത്യസ്തമാക്കിയിട്ടുണ്ട്. 40 bhp പവറും 100 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോറാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.

വെറും 2.7 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഇവിക്ക് 0-100 കിലോമീറ്റര്‍ വേഗത തൊടാന്‍ 8.1 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 145 കിലോമീറ്ററാണ് പരമാവധി വേഗത. 7.1kWh, 10.3kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇ-ബൈക്ക് വാങ്ങാം. ഇവ ഫുള്‍ ചാര്‍ജില്‍ യഥാക്രമം 211 കിലോമീറ്റര്‍, 323 കിലോമീറ്റര്‍ IDC റേഞ്ച് നല്‍കുന്നു. ഒരു സംയോജിത ചാര്‍ജറും മോട്ടോര്‍സൈക്കിളിന്റെ കൂടെ വരുന്നു.
X47 ക്രോസ്ഓവറിന് 3 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 9 ലെവല്‍ ബ്രേക്ക് റീജനറേഷന്‍, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS, , ഒരു കളര്‍ TFT ഡിസ്പ്ലേ എന്നിവ ലഭിക്കുന്നു. UV ഹൈപ്പര്‍സെന്‍സ് റഡാര്‍ സാങ്കേതികവിദ്യയാണ് X47 ക്രോസ്ഓവറിന്റെ ഏറ്റവും വലിയ പ്രത്യേകത.ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഓവര്‍ടേക്ക് അലേര്‍ട്ട്, റിയര്‍ കൊളീഷന്‍ വാണിംഗ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പെർഫോമൻസിലും റേഞ്ചിലും വിട്ടുവീഴ്ചയില്ലാത്ത ഈ ഇലക്ട്രിക് ക്രോസ്ഓവർ കുറഞ്ഞ വിലയിൽ കിട്ടുന്നതോടെ കൂടുതൽ സാഹസികർ ഇവിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം.പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അള്‍ട്രാവയലറ്റിന്റെ ബാറ്ററി ഫെ്ലക്സ് വലിയ ആശ്വാസമാകും. വില കൂടുതലാണെന്ന കാരണം കൊണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പറ്റാതെ വിഷമിച്ചിരിക്കുന്ന ഏതെങ്കിലും പരിചയക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കൂ.


Click it and Unblock the Notifications








