₹15000 വിലക്കുറവിൽ അൾട്രാവയലറ്റ് ഇ-ബൈക്കിന് പുതിയ ബേസ് വേരിയന്റ്! 211 KM റേഞ്ചും കിടിലൻ സ്പീഡുമുണ്ട്
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് തങ്ങളുടെ ജനപ്രിയ മോഡലായ X-47 ക്രോസ്ഓവറിന്റെ പുതിയ ബേസ് വേരിയന്റ് ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ വിലയില്‍ പുറത്തിറക്കിയ വേരിയന്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബജറ്റില്‍ ഒതുങ്ങുന്ന വിലയില്‍ സ്‌പോര്‍ട്‌സ് ഇലക്ട്രിക് ബൈക്കുകള്‍ തിരയുന്നവര്‍ക്ക് ഈ പുതിയ അപ്ഡേറ്റ് ഏറെ പ്രയോജനപ്പെടും. പുതുതായി വിപണിയില്‍ എത്തിയ അള്‍ട്രാവയലറ്റ് ബേസ് വേരിയന്റിന്റെ വില 2.49 ലക്ഷം രൂപയാണ്.
നിലവിലുണ്ടായിരുന്ന 'ഒറിജിനല്‍' വേരിയന്റിനേക്കാള്‍ (2.64 ലക്ഷം രൂപ) 15,000 രൂപ കുറച്ചാണ് വെറും X-47 (എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ബേസ് മോഡല്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ പുതിയ ബേസ് മോഡലിന്റെ വരവോടെ അള്‍ട്രാവയലറ്റ് X-47 ക്രോസ്ഓവര്‍ ലൈനപ്പിലെ ആകെ വേരിയന്റുകളുടെ എണ്ണം ആറായി ഉയര്‍ന്നിട്ടുണ്ട്.

X-47, X-47 ഒറിജിനല്‍ എന്നിവ കൂടാതെ ഈ ലൈനപ്പിലെ ഉയര്‍ന്ന മോഡലുകളായ X-47 ഒറിജിനല്‍ പ്ലസ് വേരിയന്റിന് 3.09 ലക്ഷവും, X-47 റീക്കോണ്‍ പതിപ്പിന് 3.59 ലക്ഷവുമാണ് വില വരുന്നത്. കൂടാതെ ഹൈ-പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന X-47 റീക്കോണ്‍ പ്ലസിന് 4.09 ലക്ഷവും, ടോപ്പ് മോഡലായ ഡെസേര്‍ട്ട് വിംഗിന് 4.59 ലക്ഷവുമാണ് നിലവിലെ എക്‌സ്-ഷോറൂം വിലകള്‍.
വില കുറയ്ക്കുന്നതിനായി കമ്പനിയുടെ പ്രശസ്തമായ അള്‍ട്രാവയലറ്റ് ഹൈപ്പര്‍സെന്‍സ് റഡാര്‍ സിസ്റ്റം (Ultraviolette Hypersense Radar System) X-47 വേരിയന്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫീച്ചറുകളോടെ അതിപ്രസരമില്ലാതെ പരമ്പരാഗതമായ റൈഡിംഗ് അനുഭവം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെയും ബജറ്റ് റൈഡര്‍മാരെയുമാണ് ഈ മോഡലിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.
റിയര്‍ കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഓവര്‍ടേക്ക് അലര്‍ട്ട്, ബ്ലൈന്‍ഡ്-സ്‌പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ മോഡേണ്‍ സേഫ്റ്റി ഫീച്ചറുകളാണ് ഹൈപ്പര്‍സെന്‍സ് റഡാര്‍ സംവിധാനം ഒഴിവാക്കിയതിലൂടെ ബേസ് വേരിയന്റിന് നഷ്ടമാകുന്നത്. വിലയിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഈ പുതിയ അടിസ്ഥാന വേരിയന്റില്‍ മെക്കാനിക്കലായി മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.
മറ്റ് ഉയര്‍ന്ന വേരിയന്റുകളെ പോലെ തന്നെ ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന അതേ 27kW ഇലക്ട്രിക് മോട്ടോര്‍ തന്നെയാണ് ഈ ബേസ് മോഡലിനും കരുത്ത് പകരുന്നത്. ഈ കരുത്തുറ്റ ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെ മണിക്കൂറില്‍ പരമാവധി 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായാന്‍ ഈ ഇവി ബൈക്കിന് സാധിക്കും. വഗതയും പെര്‍ഫോമന്‍സും ഒരുപോലെ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഈ മോഡല്‍ മികച്ച റൈഡിംഗ് അനുഭവം സമ്മാനിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
വെറും 2.8 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പവര്‍ ഡെലിവറിയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്താതെയാണ് ഈ വിലകുറഞ്ഞ ബേസ് വേരിയന്റ് കമ്പനി വിപണിയില്‍ എത്തിച്ചിട്ടുള്ളത് എന്ന് ഉറപ്പിക്കാം.
വലിയ 7.1kWh ശേഷിയുള്ള അത്യാധുനിക ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഈ പുതിയ ബേസ് വേരിയന്റിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 211 കിലോമീറ്റര്‍ വരെയുള്ള റേഞ്ച് (Certified Range) നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ദിവസേന ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാര്‍ക്കും റൈഡര്‍മാര്‍ക്കും അനുയോജ്യമായ റേഞ്ച് കണക്കുകളാണ് ഇത്.
ഇന്ത്യന്‍ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിൽ മത്സരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഫീച്ചറുകള്‍ കുറച്ച് കുറഞ്ഞ വിലയില്‍ ബേസ് മോഡല്‍ അവതരിപ്പിച്ച അള്‍ട്രാവയലറ്റിന്റെ ഈ പുതിയ തന്ത്രം വിപണിയില്‍ അവര്‍ക്ക് കൂടുതല്‍ മേധാവിത്വം നല്‍കുമെന്നാണ് വിപണി വിദഗ്ദ്ധരുടെ വീക്ഷണം. ഇവി ബൈക്ക് വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി അള്‍ട്രാവയലറ്റിന്റെ ഔദ്യോഗിക ബ്രാന്‍ഡ് സ്റ്റോറുകളോ അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളോ സന്ദര്‍ശിക്കാവുന്നതാണ്.


Click it and Unblock the Notifications