യമഹയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍! വില കേട്ടാല്‍ ചിലപ്പോള്‍ മുഖംചുളിയും
പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ചുകൊണ്ട് ജാപ്പനീസ് ബ്രാന്‍ഡ് ആയ യമഹ തങ്ങളുടെ ആദ്യ സ്‌പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറായ എയ്‌റോക്‌സ് E' (Yamaha Aerox-E) പുറത്തിറക്കി. പെട്രോള്‍ മോഡലായ എറോക്‌സ് 155-ന്റെ അതേ ഡിസൈന്‍ ശൈലിയില്‍ വരുന്ന പുത്തന്‍ ഇവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 2.82 ലക്ഷം രൂപയാണ്. നിലവില്‍ യമഹയുടെ ഇന്ത്യയിലെ ഏറ്റവും വില കുടിയ ഉല്‍പ്പന്നമായി എയ്‌റോക്‌സ് E മാറി.
EC-06 എന്ന മോഡലിന് ശേഷം യമഹ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് എയ്‌റോക്‌സ് E. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന സാധാരണ ഇലക്ട്രിക് ടൂവീലറുകളില്‍ നിന്നും വ്യത്യസ്തമായി, പൂര്‍ണമായും സ്‌പോര്‍ട്ടി പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന യൂത്തിനെയാണ് പുതിയ എയ്‌റോക്‌സ് E വഴി യമഹ ലക്ഷ്യമിടുന്നത്.

റീമൂവബിള്‍ ബാറ്ററികള്‍
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, ആവശ്യാനുസരണം ഊരിമാറ്റാന്‍ സാധിക്കുന്ന (Removable) രണ്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുകളാണ് എയ്‌റോക്‌സ്-ഇ മോഡലിന്റെ പ്രധാന സവിശേഷത. 1.5 kWh ശേഷിയുള്ള ഈ രണ്ട് ബാറ്ററികളും ചേര്‍ന്ന് ആകെ 3.0 kWh ശേഷി സ്‌കൂട്ടറിന് നല്‍കുന്നു. ഫുള്‍ ചാര്‍ജില്‍ 117 കിലോമീറ്ററാണ് ഈ പ്രീമിയം മോഡലിന്റെ ഐഡിസി സര്‍ട്ടിഫൈഡ് റേഞ്ച്.
ചാര്‍ജിംഗ് സമയം നോക്കിയാല്‍, ഇതിലെ ഒരു ബാറ്ററി പൂജ്യത്തില്‍ നിന്നും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 10 മിനിറ്റും മാത്രം മതിയാകും. എന്നാല്‍ സ്‌കൂട്ടറിലെ രണ്ട് ബാറ്ററി പായ്ക്കുകളും ചേര്‍ന്ന് ഫുള്‍ ചാര്‍ജ് ചെയ്‌തെടുക്കാന്‍ ഏകദേശം 6 മണിക്കൂറും 20 മിനിറ്റും ആവശ്യമായി വരുമെന്ന് കമ്പനി വ്യക്തമാക്കി.

മിഡ്-മൗണ്ടഡ് മോട്ടോറും പെര്‍ഫോമന്‍സും
ഈ ബാറ്ററികള്‍ക്കൊപ്പം മധ്യഭാഗത്തായി ഘടിപ്പിച്ച മിഡ്-മൗണ്ടഡ് (Mid-mounted) ഇലക്ട്രിക് മോട്ടോറാണ് ഇവി സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 12.6 bhp (9.4 kW) പവറും 48 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. റൈഡര്‍മാരുടെ സൗകര്യത്തിനായി ഇക്കോണമി, സ്റ്റാന്‍ഡേര്‍ഡ്, പവര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഈ സ്‌കൂട്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇതിലെ പ്രത്യേക പവര്‍ പ്ലസ് ബൂസ്റ്റ് മോഡ് ഓണ്‍ ചെയ്താല്‍ സ്‌കൂട്ടറിന് മണിക്കൂറില്‍ 95.5 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നത് ഇതിന്റെ പെര്‍ഫോമന്‍സിന് അടിവരയിടുന്നു. ഇടത് ഹാന്‍ഡില്‍ബാറിലുള്ള പ്രത്യേക സ്വിച്ച് അമര്‍ത്തുക വഴി ലഭിക്കുന്ന 10 സെക്കന്‍ഡ് എക്‌സ്ട്രാ പവര്‍ ബൂസ്റ്റ് റൈഡര്‍ക്ക് ഓവര്‍ടേക്കിംഗ് എളുപ്പമാക്കും.

കൈനിറയെ ഫീച്ചറുകൾ
ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ എന്നിവ നല്‍കുന്ന ഫുള്‍-കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഇതിലുള്ളത്. യമഹ വൈ-കണക്റ്റ് (Y-Connect) ആപ്പ് വഴി റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ട്രാക്ക് ചെയ്യാം. ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, കീലെസ് ഇഗ്‌നിഷന്‍, റിവേഴ്‌സ് മോഡ്, സിംഗിള്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS) എന്നീ സവിശേഷതകളും ഈ മോഡലില്‍ യമഹ സജ്ജീകരിച്ചിട്ടുണ്ട്.
വലിയ ടയറുകളും മികച്ച സുരക്ഷയും
ഏകദേശം 139 കിലോഗ്രാം ഭാരമുള്ള ഈ സ്‌കൂട്ടറിന്റെ മുന്‍വശത്ത് 110-സെക്ഷന്‍ ടയറും പിന്നില്‍ 140-സെക്ഷന്‍ ടയറുമാണുള്ളത്. 14 ഇഞ്ച് വലിപ്പമുള്ള വലിയ അലോയ് വീലുകള്‍ക്കൊപ്പം രണ്ട് അറ്റങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. അധിക സുരക്ഷയ്ക്കായി സിംഗിള്‍-ചാനല്‍ എബിഎസും ലഭിക്കുന്നു.
മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. ഗ്ലോസി വൈറ്റ് ഷേഡില്‍ ബ്ലാക്ക് ആക്‌സന്റുകളും ലൈറ്റ് ബ്ലൂ ഗ്രാഫിക്‌സുമുള്ള ആകര്‍ഷകമായ ഒറ്റ കളര്‍ ഓപ്ഷനില്‍ മാത്രമാണ് ഈ ഇലക്‌രടിക് ടൂവീലര്‍ ലഭ്യമാകുക. നിലവില്‍ ഈ മോഡല്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ, പൂനെ, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഘട്ടം ഘട്ടമായി ഇതിന്റെ ലഭ്യത മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.


Click it and Unblock the Notifications