പെട്രോൾ അടിച്ചു മടുത്തവർക്ക് യമഹയുടെ സമ്മാനം! ആദ്യ ഇ-സ്കൂട്ടർ EC 06 പുറത്തിറങ്ങി; വിലയും റേഞ്ചും അറിയാം
ജാപ്പനീസ് ഇരുചക്ര വാഹന ഭീമന്മാരായ യമഹ (Yamaha) തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ യമഹ EC 06 (Yamah EC 06) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കി. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഈ സ്‌കൂട്ടര്‍ യമഹയുടെ പ്രീമിയം ബ്ലൂ സ്‌ക്വയര്‍ (Blue Square) ഷോറൂമുകള്‍ വഴി മാത്രമായിരിക്കും ഇത് വിപണനം ചെയ്യുക. ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ആഗോള നിലവാരത്തിലുള്ള ഇവി സ്‌കൂട്ടറായാണ് യമഹ EC 06 വികസിപ്പിച്ചിരിക്കുന്നത്. ബ്ലൂയിഷ് വൈറ്റ് എന്ന ഒറ്റ നിറത്തില്‍ മാത്രമാണ് നിലവില്‍ ഈ മോഡല്‍ ലഭ്യമാകു.ക
മോഡേണ്‍ ടെക് ഫീച്ചറുകള്‍ കുത്തിനിറച്ചാണ് യമഹ EC 06 പുറത്തിറക്കിയത്. റൈഡിംഗ് മോഡ്, ബാറ്ററി ചാര്‍ജ് ലെവല്‍, വേഗത എന്നിവയടക്കമുള്ള സുപ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കളര്‍ എല്‍സിഡി ഡിസ്പ്ലേ ഇതിലുണ്ട്. 'യമഹ മോട്ടോര്‍ കണക്റ്റ് ആര്‍' ആപ്ലിക്കേഷന്‍ വഴി സ്‌കൂട്ടര്‍ റൈഡറുടെ സ്മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കാം. റിയല്‍ടൈം ഡേറ്റ മൊബൈലില്‍ ലഭ്യമാക്കാന്‍ ഇത് ഉടമകളെ സഹായിക്കും.

എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളുമാണ് സ്‌കൂട്ടറിന് വെളിച്ചം പകരുന്നത്. 24.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജില്‍ ഒരു ഹെല്‍മറ്റോ മറ്റ് അത്യാവശ്യ സാധനങ്ങളോ സുരക്ഷിതമായി സൂക്ഷിക്കാം. സ്‌കൂട്ടറിലെ 4kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 169 കിലോമീറ്റര്‍ ദൂരം ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിച്ചാല്‍, ഇന്റീരിയര്‍ പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറാണ് (IPMSM) സ്‌കൂട്ടറിന് ശക്തി പകരുന്നത്. ഇത് 6.7 കിലോവാട്ട് പീക്ക് പവറും 26 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 79 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും യമഹ വാഗ്ദാനം ചെയ്യുന്നുണ്ട്.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, പവര്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ സ്‌കൂട്ടറിലുണ്ട്. ഓരോ മോഡിലും ആക്‌സിലറേഷന്‍ റെസ്‌പോണ്‍സും ഊര്‍ജ ഉപയോഗവും വ്യത്യസ്തമായിരിക്കും. കൂടാതെ, ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി ഒരു പ്രത്യേക റിവേഴ്‌സ് മോഡും ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വീട്ടിലെ സാധാരണ പ്ലഗ് പോയിന്റുകള്‍ വഴി സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം എട്ട് മണിക്കൂര്‍ സമയം ആവശ്യമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോറിനും ബാറ്ററി പായ്ക്കിനും IP67 റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഇത് പൊടിപടലങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും ഘടകങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കും.

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നിലെ കോയില്‍ സ്പ്രിംഗ് ക്രമീകരണവുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. സിറ്റി റോഡുകളില്‍ സുഖകരമായ സവാരി ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കും. 200 mm ഡിസ്‌ക് ബ്രേക്കുകളാണ് രണ്ട് വീലുകളിലും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. കോമ്പി ബ്രേക്ക് സിസ്റ്റം (CBS) മികച്ച ബ്രേക്കിംഗിനായി പിന്തുണയേകും.
1,67,600 രൂപ മാത്രം വിലയിട്ടതിനാൽ യമഹ 06 മൂല്യമുള്ള ഉല്‍പ്പന്നമായി കണക്കാക്കപ്പെടുന്നു. വിശ്വസ്തമായ സര്‍വീസ് ശൃംഖലയുള്ള യമഹയുടെ കടന്നുവരവ് ഇവി വിപണിയിലെ മറ്റ് പ്രമുഖര്‍ക്ക് വലിയ വെല്ലുവിളിയാകും. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് പോലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഒരു മികച്ച ബദലായിരിക്കും യമഹ EC 06 ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് പ്രതീക്ഷിക്കുന്നു. EC 06 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചാല്‍ യമഹ കൂടുതല്‍ ഇവികള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








