ആക്ടിവയെക്കാൾ 14171 രൂപ വിലക്കുറവ്, ഒപ്പം ലിറ്ററിന് 70 കിമീ മൈലേജും; വിപണിയിൽ തരംഗമായി യമഹ റേ ZR 125 ഹൈബ്രിഡ്
ഹോണ്ട ആക്ടിവയെക്കാള്‍ 15000 രൂപയോളം കുറഞ്ഞ വിലയും ഒരു ലിറ്റര്‍ പെട്രോളില്‍ 70 കിലോമീറ്റര്‍ വരെ മൈലേജും നല്‍കുന്ന ഒരു ജാപ്പനീസ് ഉല്‍പ്പന്നം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വന്‍ കുതിപ്പ് നടത്തുന്നു. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയുടെ (Yamaha) ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന പൊതു ധാരണ ഉപഭോക്താക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ ധാരണകളെ പൂര്‍ണമായും തിരുത്തിക്കുറിച്ചു കൊണ്ടാണ് ബ്രാന്‍ഡിന്റെ ജനപ്രിയ മോഡലായ റേ ZR 125 (Yamaha Ray ZR 125 Fi Hybrid) ഇന്ത്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 125 സിസി സ്‌കൂട്ടറുകളുടെ പട്ടികയിലാണ് ഈ യമഹ മോഡല്‍ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ ഗാഡിവാഡി (Gaadiwaadi) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രാരം 2026 ഏപ്രില്‍ മാസത്തില്‍ മൊത്തം 17,298 റേ ZR 125 സ്‌കൂട്ടറുകളാണ് യമഹ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ സ്‌കൂട്ടറിന്റെ വാര്‍ഷിക വില്‍പ്പനയില്‍ മികച്ച കുതിച്ചുചാട്ടമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

2025 ഏപ്രില്‍ മാസത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ 21.96 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലുകളായ ഹോണ്ട ആക്ടിവ 125 (Honda Activa 125), ടിവിഎസ് ജുപ്പിറ്റര്‍ 125 (TVS Jupiter 125) എന്നിവയോടാണ് യമഹ റേ ZR 125 പ്രധാനമായും മത്സരിക്കുന്നത്.
നിലവില്‍ ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിന്റെ പ്രാരംഭ വില വരുന്നത് 93,621 രൂപയാണ്. മറുഭാഗത്ത് ടിവിഎസ് ജൂപ്പിറ്റര്‍ 125 ബേസ് മോഡലിന്റെ വിപണി വില 89,470 രൂപയിലാണ് ആരംഭിക്കുന്നത്. എന്നാല്‍ ഇവയോട് മത്സരിക്കുന്ന യമഹ റേ ZR 125 സ്‌കൂട്ടറിന്റെ പ്രാരംഭ വില വെറും 79,450 രൂപ മാത്രമാണ്. കേരളത്തിൽ ആക്ടിവയേക്കാൾ 14171 രൂപ കുറവാണ് റേയ്ക്ക്. നിര്‍മാതാക്കളുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരമുള്ള കേരളത്തിലെ എക്‌സ്-ഷോറൂം വിലകളാണ് ഇത്.
കുറഞ്ഞ വിലയില്‍ ലഭ്യമാണെങ്കിലും സാങ്കേതിക സവിശേഷതകളുടെ കാര്യത്തില്‍ ഈ യമഹ സ്‌കൂട്ടര്‍ ഒട്ടും പിന്നിലല്ല. 125 സിസി എയര്‍-കൂല്‍ഡ്, 4-സ്‌ട്രോക്ക്, SOHC, 2-വാല്‍വ് ഹൈബ്രിഡ് എഞ്ചിനാണ് (Hybrid Engine) യമഹ റേ ZR 125 പതിപ്പിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 8.2 PS പവറും 10.3 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
എഞ്ചിനോടൊപ്പം നല്‍കിയിട്ടുള്ള സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ ഉള്‍പ്പെടുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് സ്‌കൂട്ടറിന്റെ ഹൈലൈറ്റ്. നിര്‍ത്തിയ ശേഷം സ്‌കൂട്ടര്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഓട്ടോമാറ്റിക് ടോര്‍ക്ക് ബൂസ്റ്റ് നല്‍കുന്നു. ട്രാഫിക് സിഗ്‌നലിലും മറ്റും വാഹനം നിര്‍ത്തുമ്പോള്‍ എഞ്ചിന്‍ തനിയെ ഓഫ് ആകുന്ന സ്റ്റാര്‍ട്ട് ആന്‍ഡ് സ്‌റ്റോപ്പ് സിസ്റ്റവും പെട്രോള്‍ ലാഭിക്കാന്‍ സഹായിക്കുന്നു. ഹൈബ്രിഡ് സിസ്റ്റത്തിന്റെ ബലത്തില്‍ യമഹ റേ സ്‌കൂട്ടറിന് ഉയര്‍ന്ന മൈലേജ് നല്‍കാന്‍ സാധിക്കുന്നുണ്ട്.

ഈ വാഹനം ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപഭോക്താക്കളും ഒരു ലിറ്റര്‍ പെട്രോളില്‍ ഏകദേശം 70 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും റൈഡിംഗ് ശൈലിയും റോഡുകളിലെ ട്രാഫിക് സാഹചര്യങ്ങളും അനുസരിച്ച് മൈലേജ് കണക്കുകളില്‍ വ്യത്യാസങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നിലവില്‍ പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ദൈനംദിന യാത്രകള്‍ക്കായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും പ്രായോഗികവും ഇന്ധനക്ഷമതയുള്ള മോഡലാണിത്.
കുറഞ്ഞ വിലയും മികച്ച മൈലേജും നല്‍കുന്നതിനൊപ്പം തന്നെ നൂതനമായ നിരവധി പ്രീമിയം ഫീച്ചറുകളും യമഹ ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍ ബന്ധിപ്പിക്കുന്നതിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഇവ കൂടാതെ യാത്രക്കാരുടെ സൗകര്യത്തിനായി 21 ലിറ്റര്‍ ശേഷിയുള്ള വലിയ അണ്ടര്‍-സീറ്റ് സ്റ്റോറേജ് സ്പേസും സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.

ഹെല്‍മെറ്റുകളും മറ്റ് പേഴ്‌സണല്‍ സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇത് സഹായിക്കും. ചുരുക്കത്തില്‍ ഉപഭോക്താക്കള്‍ മുടക്കുന്ന ക്യാശിനൊത്ത മൂല്യം നല്‍കുന്ന ഒരു മോഡലാണിതെന്ന് നിസ്സംശയം പറയാം. മുകളിൽ പറഞ്ഞ പോസിറ്റീവുകള്‍ ഉള്ളതിനാല്‍ തന്നെ ഓരോ മാസവും ഈ സ്‌കൂട്ടറിന്റെ വില്‍പ്പന ഗ്രാഫ് കുത്തനെ മുകളിലേക്ക് കുതിക്കുകയാണ്. ഉയര്‍ന്ന മൈലേജുള്ള സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുന്നതിനാല്‍ വരും മാസങ്ങളിലും വില്‍പ്പന വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.


Click it and Unblock the Notifications