ഫാസിനോക്ക് മാത്രം എന്തേ വില കൂട്ടിയില്ല? റേയും എയ്‌റോറോക്‌സും വാങ്ങാൻ ചിലവ് കൂടി; യമഹയുടെ നീക്കത്തിന് പിന്നിൽ
ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ (Yamaha) തങ്ങളുടെ പ്രമുഖ സ്‌കൂട്ടര്‍ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചു. റേZR 125, എയ്‌റോക്‌സ് 155 (Aerox 155) എന്നീ മോഡലുകള്‍ക്കാണ് കമ്പനി ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. അതേസമയം, ഫാസിനോ 125 മോഡലിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഓരോ വര്‍ഷവും കമ്പനികള്‍ നടത്തുന്ന പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാത്ത ചെറിയ വര്‍ദ്ധനവാണ് കമ്പനി വരുത്തിയിട്ടുള്ളത്.
യമഹ റേZR 125 മോഡലിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഏകദേശം 660 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഡ്രം, ഡിസ്‌ക്, ഡിസ്‌ക് ഡീലക്‌സ് വേരിയന്റുകള്‍ക്കും സ്ട്രീറ്റ് റാലി മോഡലിനും ഈ വില വര്‍ധനവ് ബാധകമാകും. ഇതോടെ റേZR 125 Fi ഹൈബ്രിഡ് മോഡലിന്റെ വില 74,960 രൂപ മുതല്‍ 82,460 രൂപ വരെയായി. സ്ട്രീറ്റ് റാലി മോഡലിന്റെ പുതിയ വില 87,560 രൂപയായിരിക്കും. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

റേZR 125 സീരീസിന്റെ വില വര്‍ദ്ധിപ്പിച്ചെങ്കിലും സ്‌കൂട്ടറിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ മെക്കാനിക്കല്‍ വശങ്ങളിലോ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 125 സിസി എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എഞ്ചിന്‍ തന്നെയാണ് ഇതിന് കരുത്തേകുന്നത്. ഹൈബ്രിഡ് സിസ്റ്റം പവര്‍ അസിസ്റ്റ് നല്‍കുന്നതിലൂടെ മികച്ച ഇന്ധനക്ഷമതയും ആക്‌സിലറേഷനും ഇത് വാഗ്ദാനം ചെയ്യുന്നു. യുവാക്കളെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്ടി ലുക്ക് തന്നെയാണ് റേയുടെ പ്രത്യേകത.
പെര്‍ഫോമന്‍സ് സ്‌കൂട്ടര്‍ വിഭാഗത്തിലെ കരുത്തനായ എയ്‌റോക്‌സ് 155-ന്റെ വിലയും യമഹ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ്, വേര്‍ഷന്‍ എസ് (Version S) എന്നീ രണ്ട് മോഡലുകള്‍ക്കും ഏകദേശം 620 രൂപയാണ് കൂടിയത്. ഇതോടെ ഇനി മുതല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 1,40,320 രൂപയും വേര്‍ഷന്‍ എസ് മോഡലിന് 1,43,320 രൂപയും എക്‌സ്-ഷോറൂം വിലയായി മുടക്കണം. ഹൈ-ടെക് ഫീച്ചറുകള്‍ നിറഞ്ഞ പ്രീമിയം സ്‌കൂട്ടറാണിത്.

അതേസമയം, യമഹ ഫാസിനോ 125 മോഡലിന്റെ വിലയില്‍ കമ്പനി ഇപ്പോള്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഫാസിനോയുടെ പരിഷ്‌കരിച്ച ഫേസ്ലിഫ്റ്റ് മോഡല്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നതിനാലാണ് നിലവില്‍ വില കൂട്ടാത്തതെന്നാണ് സൂചന. ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഫാസിനോയ്ക്ക് പുതിയ അപ്‌ഡേറ്റ് നല്‍കാന്‍ പോകുന്നത്. പുതിയ മോഡല്‍ ഇതിനോടകം ഡീലര്‍ഷിപ്പുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
പുതിയ ഫാസിനോയില്‍ യമഹ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളാണ് പ്രധാനമായും വരുത്തുന്നത്. പരിഷ്‌കരിച്ച ലൈറ്റുകള്‍, ബോഡി പാനലുകളിലെ പുതിയ സ്റ്റിക്കറിംഗ്, പുതിയ നിറങ്ങള്‍ എന്നിവ സ്‌കൂട്ടറിന് പുതുമ നല്‍കും. കൂടുതല്‍ മോഡേണ്‍ ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയേക്കാം. എഞ്ചിന്‍ കരുത്തിലോ മെക്കാനിക്കല്‍ വശങ്ങളിലോ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ 74,910 രൂപ മുതല്‍ 95,200 രൂപ വരെയാണ് ഫാസിനോയുടെ എക്‌സ്-ഷോറൂം വില. പുതിയ ഫേസ്ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തുമ്പോള്‍ ഈ വിലയില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. റെട്രോ സ്‌റ്റൈലിംഗും മോഡേണ്‍ സാങ്കേതിക വിദ്യയും ഒത്തുചേരുന്ന ഫസീനോയ്ക്ക് വിപണിയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. പുത്തന്‍ മോഡലിലൂടെ സ്‌കൂട്ടര്‍ വിപണിയിലെ മത്സരം കടുപ്പിക്കാനാണ് യമഹ ലക്ഷ്യമിടുന്നത്.
വാഹന നിര്‍മ്മാതാക്കള്‍ ഓരോ വര്‍ഷവും ഉല്‍പ്പാദനച്ചെലവ് കൂടുന്നതിന് അനുസരിച്ച് വില വര്‍ദ്ധിപ്പിക്കാറുണ്ട്. യമഹ വരുത്തിയ ഈ ചെറിയ വില വര്‍ദ്ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടാറ്റ, മഹീന്ദ്ര, എംജി എന്നിവയടക്കമുള്ള പ്രമുഖ കാര്‍ നിര്‍മ്മാതാക്കളും ഏപ്രില്‍ മാസം വില വര്‍ദ്ധനവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരുചക്ര വാഹന വിപണിയിലും സമാനമായ നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള യമഹ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.


Click it and Unblock the Notifications








