യമഹ ഉടമകള്‍ ജാഗ്രതൈ! 3 ലക്ഷത്തിലധികം ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു; തകരാർ ഈ ഭാഗത്തിന്
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ചെറിയ ഇടവേളക്ക് ശേഷം വമ്പന്‍ തിരിച്ചുവിളി. പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടര്‍ ശ്രേണിയിലുള്ള മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഫ്രണ്ട് ബ്രേക്ക് സംവിധാനത്തില്‍ കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ അടിയന്തര നടപടി. റേZR 125 Fi ഹൈബ്രിഡ് (RayZR 125 Fi Hybrid), ഫാസിനോ 125 Fi ഹൈബ്രിഡ് (Fascino 125 Fi Hybrid) എന്നീ മോഡലുകളെയാണ് തിരിച്ചുവിളി ബാധിക്കുന്നത്. ആകെ 3,06,635 യൂണിറ്റ് സ്‌കൂട്ടറുകളാണ് ഈ തിരിച്ചുവിളിക്കല്‍ ക്യാമ്പയിന്റെ പരിധിയില്‍ വരുന്നത്.
2024 മെയ് 2 മുതല്‍ 2025 സെപ്റ്റംബര്‍ 3 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ക്കാണ് ഈ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മുന്‍വശത്തെ ബ്രേക്ക് കാലിപ്പറിന്റെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി നടത്തിയ ആഭ്യന്തര പരിശോധനയില്‍ വ്യക്തമായി. ബ്രേക്ക് കാലിപ്പറിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നത് യാത്രക്കാരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണ് യമഹ സ്വമേധയാ ഈ നടപടി സ്വീകരിച്ചത്.

തകരാര്‍ കണ്ടെത്തിയ യൂണിറ്റുകളിലെ പാര്‍ട്‌സുകള്‍ സൗജന്യമായി മാറ്റിനല്‍കുമെന്ന് കമ്പനി അറിയിച്ചു. ബ്രേക്ക് സംബന്ധമായ ഇത്തരം പിഴവുകള്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയ്ക്കാന്‍ ഇടയുള്ളതിനാലാണ് കമ്പനി വേഗത്തില്‍ ഇടപെട്ടത്. തങ്ങളുടെ സ്‌കൂട്ടര്‍ ഈ ക്യാമ്പയിന്റെ പരിധിയില്‍ വരുമോ എന്ന് ഉപഭോക്താക്കള്‍ക്ക് ലളിതമായി പരിശോധിക്കാന്‍ സാധിക്കും. ഇതിനായി ആദ്യം ഇന്ത്യ യമഹ മോട്ടറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വെബ്സൈറ്റിലെ സര്‍വീസ് മെനുവില്‍ 'മെയിന്റനന്‍സ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ 'സ്‌കൂട്ടര്‍ 125 വോളന്ററി റീക്കോള്‍' (Scooter 125 Voluntary Recall ) എന്ന ഓപ്ഷന്‍ കാണാം. അപ്പോള്‍ ഓപണ്‍ ആയി വരുന്ന പേജിന്റെ വലതുവശത്തായി നീല ബോക്‌സില്‍ വാഹനത്തിന്റെ ഷാസി നമ്പര്‍ (Chassis Number) രേഖപ്പെടുത്തുക. ശേഷം 'ചെക്ക്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ സ്‌കൂട്ടര്‍ തിരിച്ചുവിളിച്ച യൂണിറ്റുകളില്‍ പെടുന്നുണ്ടോ എന്ന് മനസിലാക്കാം.
പട്ടികയില്‍ ഉള്‍പ്പെട്ട വാഹനമാണെങ്കില്‍ അടുത്തുള്ള യമഹ ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് തകരാറുള്ള ഭാഗം മാറ്റാനുള്ള സൗകര്യം ഒരുക്കും. പാര്‍ട്സ് മാറ്റുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് പണമൊന്നും ഈടാക്കില്ല. ഇന്ധനക്ഷമതക്കൊപ്പം മികച്ച പിക്കപ്പും നല്‍കുന്ന സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ വഴി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് സംവിധാനമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. യമഹ റേZR 125 Fi ഹൈബ്രിഡിന്റെ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്.
ലിറ്ററിന് 68.75 കിലോമീറ്റര്‍ ആണ് യമഹ ഫാസിനോ 125 ഹൈബ്രിഡിന്റെ ക്ലെയിംഡ് മൈലേജ്. നിലവില്‍ 86900 രൂപ മുതലാണ് യമഹ റേZR 125 ഹൈബ്രിഡ് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. ഫാസിനോയുടെ വില തുടങ്ങുന്നത് 74910 രൂപ മുതലാണ്. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള യമഹയുടെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയമാണ്. ഇതില്‍ റേZR 125 അടുത്തകാലത്തായി യമഹയുടെ ബെസ്റ്റ് സെല്ലറായിരുന്നു.

എന്നാല്‍ ബ്രേക്ക് സിസ്റ്റത്തിലെ ഈ അപ്രതീക്ഷിത തകരാര്‍ ഹൈബ്രിഡ് സ്‌കൂട്ടര്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തകരാര്‍ ബാധിച്ച സ്‌കൂട്ടറുകളുടെ ഉടമകളുമായി നേരിട്ട് ബന്ധപ്പെടാനും കമ്പനി ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ എത്രയും വേഗം പരിശോധന പൂര്‍ത്തിയാക്കാന്‍ യമഹ ആവശ്യപ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും ഡീലര്‍ഷിപ്പുകള്‍ വഴി സുഗമമായ സേവനം ഉറപ്പാക്കാനുള്ള നടപടികളും പൂര്‍ത്തിയായതായും യമഹ വ്യക്തമാക്കി.
കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണ്. മുമ്പും വിവിധ കമ്പനികള്‍ സമാനമായ രീതിയില്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. എങ്കിലും മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളെ ബാധിക്കുന്ന ഈ നടപടി സമീപകാലത്തെ വലിയ തിരിച്ചുവിളികളില്‍ ഒന്നാണ്. ഈ സാഹചര്യത്തില്‍ തകരാര്‍ ബാധിച്ച സ്‌കൂട്ടര്‍ ഉടമാള്‍ സമയം ഒട്ടും വൈകാതെ കൃത്യസമയത്ത് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം.


Click it and Unblock the Notifications








