500 സിസി ഹാര്‍ലി ഡേവിസന്‍ ഇന്ത്യയില്‍ നിര്‍മിക്കും
അഞ്ച് ലക്ഷത്തിന് താഴെ വിലയില്‍ ഒരു ഹാര്‍ലി ഡേവിസന്‍ ബൈക്ക് കൈയില്‍ കിട്ടിയാലോ? നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വരെ ഹാര്‍ലി ഉടമകള്‍ ഉണ്ടാകും എന്നതായിരിക്കും ഫലം. കമ്പനിയുടെ 110ാം വര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഹാര്‍ലി തലവന്‍ മാത്യൂ ലെവാറ്റിച്ച് ഈ സ്റ്റണ്ടടിപ്പിക്കുന്ന സംഗതി പ്രഖ്യാപിക്കുകയായിരുന്നു. 500 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച് ഹാര്‍ലികള്‍ നിരത്തിലിറങ്ങുമെന്ന്! ഇതും പോരാഞ്ഞ് അങ്ങോര് മറ്റൊന്നുകൂടി വെളിപ്പെടുത്തി. ഈ ബൈക്ക് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന്! ഹാര്‍ലിയെ സ്വപ്‌നം കണ്ടോണ്ടിരിക്കുന്ന ലോകത്തിലെ വലിയൊരു വിഭാഗം പയ്യന്‍സിനെ ഈ വാര്‍ത്ത അര്‍മാദത്തിലാഴ്ത്തിയിരിക്കുകയാണ്.
800 സിസിക്ക് കീഴെയിറങ്ങാന്‍ ഇതുവരെ കൂട്ടാക്കാതിരുന്ന ഹാര്‍ലിയുടെ ഈ പ്രഖ്യാപനം വന്‍തോതിലുള്ള പ്രതികരണങ്ങള്‍ ഇതിനകം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ലിറ്റര്‍ ക്ലാസില്‍ നിന്ന് വല്ലാണ്ട് താഴോട്ട് ഹാര്‍ലി പോരുന്നത് ഇഷ്ടപ്പെടാത്ത ബൂര്‍ഷ്വാസികളുമുണ്ട് ഇക്കൂട്ടത്തില്‍. പിന്തിരിപ്പന്മാരായ അവര്‍ക്കെതിരായ ഒരു മുദ്രാവാക്യത്തോടെ നമുക്ക് വിശദാംശങ്ങളിലേക്ക് കടക്കാം.

ചിത്രത്തില്‍ എച്ച്ഡി സ്‌പോര്‍ട്‌സ്റ്റര്‍ 883 സിസി
ചിത്രത്തില്‍ കാണുന്നതാണ് ഹാര്‍ലി നിലവില്‍ പുറത്തിറക്കുന്നവയില്‍ ഏറ്റവും ശേഷി കുറഞ്ഞ ബൈക്ക്. കുറഞ്ഞ സീറ്റ് ഹൈറ്റും ഭാരവുമുള്ളതാണ് ഈ വാഹനം.

ഇപ്പറഞ്ഞതിനോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രഖ്യാപനവും ഹാര്‍ലി തലവന്‍ നടത്തിയിട്ടുണ്ട്. ഒരു ഇലക്ട്രിക് ബൈക്കിന്റെ നിര്‍മാണം സംബന്ധിച്ചാണത്. ഇലക്ട്രിക് സാങ്കേതികതയിലേക്ക് ലോകം മുഴുവന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ബിഎംഡബ്ല്യു മോട്ടോറാഡ് ഈയിടെ അവതരിപ്പിച്ച ഒരു ബൈക്ക് കണ്‍സെപ്റ്റ് ഒരു മികച്ച മാതൃക നല്‍കിയിരുന്നു. ഇലക്ട്രിക് ബൈക്കുകളില്‍ നഷ്ടപ്പെടുന്ന ശബ്ദവും ഫീലും കൃത്രിമമായി സൃഷ്ടിക്കുകയാണ് ബിഎംഡബ്ല്യു ചെയ്തത്.

ഇലക്ട്രിക് ഹാര്‍ലിയെ സംബന്ധിച്ച് ലോകം വളരെയധികം സന്ദേഹങ്ങള്‍ ഉന്നയിക്കുന്നതായി മാത്യൂ ലെവാറ്റിച്ച് വ്യക്തമാക്കി. ഹാര്‍ലിയുടെ വിസ്‌ഫോടകശേഷി ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യുകയില്ലെന്ന് അദ്ദേഹം അറിയിക്കുന്നു.

ഹാര്‍ലി ബൈക്കുകളുടെ വിശ്വാസ്യതയിലും കൈകാര്യക്ഷമതയിലും എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുന്ന ഒരു വാഹനം തങ്ങളില്‍ നിന്ന് പുറത്തു വരില്ലെന്ന് മാത്യൂ ലെവാറ്റിച്ച പറഞ്ഞു. വാഹനത്തിന്റെ 'അമേരിക്കന്‍ നിലവാരം' എവിടെയും കാത്തുസൂക്ഷിക്കും.


Click it and Unblock the Notifications








