ഹീറോ ഇംപള്‍സ് കരുത്തോടെ വീണ്ടും വരും
ഹീറോയുടെ കുറെയധികം മാസങ്ങള്‍ നീണ്ട, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കഠിനാധ്വാനം ഒരു ബ്രാന്‍ഡിനെ മൊത്തം പുതുക്കിപ്പണിയുക എന്ന ലക്ഷ്യം വെച്ചുള്ളതാണ്. നിരവധി പ്രതിബന്ധങ്ങളെ സ്വന്തം നേതൃശേഷി കൊണ്ട് അതിവിദഗ്ധമായി പവന്‍ മുഞ്ജള്‍ മറികടന്നു കൊണ്ടിരിക്കുകയാണ്. ഈയിടെ മകാവുവില്‍ വെച്ചു നടന്ന ഒരു കോണ്‍ഫറന്‍സില്‍ വെച്ച് 2014ല്‍ വിപണിയിലെത്താനിരിക്കുന്ന പതിനഞ്ചോളം പുതുക്കിയ ഹീറോ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹീറോ മോട്ടോര്‍കോര്‍പിന്റെ പുതിയ വെളിപ്പെടുത്തല്‍ വരുന്നത്.
ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ പുതിയ ഇംപള്‍സിന്റെ വരവിനെക്കുറിച്ച് പറഞ്ഞത്. കുറെക്കൂടി കരുത്തുറ്റ എന്‍ജിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ സംസാരം.

എല്ലാ മോഡലുകള്‍ക്കും പുതിയ എന്‍ജിനുകള്‍ ഘടിപ്പിക്കുക എന്നത് ദുര്‍ഘടം പിടിച്ച ഒരു പമി തന്നെയാണ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി വിദേശ വിദഗ്ധരുടെയും കമ്പനികലുടെയും സഹായത്തോടെയാണ് ഹീറോ ഈ പണികള്‍ മിക്കതും ചെയ്തു തീര്‍ത്തു കൊണ്ടിരിക്കുന്നത്. 2014 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഹീറോയുടെ എല്ലാ പുതുക്കിയ മോഡലുകളെയും കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലും വിദേശത്തും ഒരുപോലെ വില്‍പന സാധ്യമാകുന്ന പ്രീമിയം ബൈക്കുകള്‍ വിപണിയിലെത്തിക്കുവാനാണ് പവന്‍ മുഞ്ജല്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇവയില്‍ ഒരെണ്ണം പുതിയ ഇംപള്‍സ് ആയിരിക്കും.

2011ലാണ് ഹീറോ ഇംപള്‍സ് ആദ്യമായി ലോഞ്ച് ചെയ്യപ്പെട്ടത്. ഹീറോ മോട്ടോകോര്‍പിന്റെ ലോഗോ പേറി പുറത്തിറങ്ങിയ ആദ്യത്തെ ബാക്കാണ് ഈ സെമി ഓഫ് റോഡര്‍. ഇന്ത്യന്‍ വിപണിയുടെ സ്വഭാവം പ്രത്യേകം കണക്കിലെടുത്തുള്ള രൂപഭാവങ്ങളിലാണ് ഈ ബൈക്ക് വന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ ഈ ബൈക്കിനോട് വലിയ താല്‍പര്യം കാണിച്ചില്ല എന്നതാണ് സംഗതി. ഒടുവില്‍ വാഹനം 2012ല്‍ ഉല്‍പാദനം അവസാനിപ്പിച്ചു.

2014ല്‍ ഹീറോ ഇംപള്‍സ് വിപണിയില്‍ തിരിച്ചിറങ്ങുമെന്ന് പവന്‍ മുഞ്ജള്‍ പറയുന്നു. കുറെക്കൂടി കരുത്തുറ്റ എന്‍ജിനുമായി വരുമെന്നാണ് പറയുന്നത്. 150 സിസിയാണ് 2011 ഇംപള്‍സ് എന്‍ജിന്റെ ശേഷി. സെമി-ഓഫ് റോഡര്‍ എന്നെല്ലാം പറഞ്ഞ് ഇരുതോണിയില്‍ കാലിടാന്‍ 2014 ഇംപള്‍സ് ശ്രമിക്കില്ല എന്നു തന്നെയാണ് മുഞ്ജളിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.


Click it and Unblock the Notifications








