ഹോണ്ട ആക്ടിവ ഡോക്ടര്‍ വരുന്നു
ഗ്രാമപ്രദേശങ്ങളില്‍ ഹോണ്ട ടൂ വീലറുകള്‍ തകരാറിലായിക്കിടന്നാലുണ്ടാകുന്ന പ്രയാസങ്ങള്‍ തീര്‍ക്കാന്‍ ഇനി ഹോണ്ട ആക്ടിവ ഡോക്ടര്‍ വരും. കമ്പനിയുടെ സര്‍വീസ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ഇനിയും ആളുകളിലേക്ക് എത്തിക്കുക എന്നിങ്ങനെ നിരവധി ഉദ്ദേശ്യങ്ങള്‍ പുതിയ പരിപാടിക്കുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂട്ടുവാനും ഈ നടപടി കൊണ്ട് സാധിക്കുമെന്നാണ് ഹോണ്ട കരുതുന്നത്.
വളരെക്കുറഞ്ഞ സര്‍വീസ് സെന്ററുകള്‍ മാത്രമുള്ള ഉള്‍നാടുകളില്‍ ഈ സേവനം ആളുകള്‍ കാര്യമായി ഏറ്റെടുക്കുമെന്ന് ഹോണ്ട പ്രതീക്ഷിക്കുന്നുണ്ട്.

ഹോണ്ട ഇതിനകം തന്നെ മറ്റൊരു മൊബൈല്‍ സര്‍വീസിംഗ് പരിപാടി തുടങ്ങിയിട്ടുണ്ട്. സര്‍വീസ് സെന്ററുകളില്ലാത്ത ഉള്‍നാടന്‍ മേഖലകളില്‍ ഈ പദ്ധതി വലിയ വിജയമായിരുന്നു. പുതിയ നീക്കം കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ ഉപഭോക്താക്കളുടെ വീട്ടുപടിക്കലേക്ക് സര്‍വീസ് എത്തിക്കുക എന്നതാണ്.

പ്രത്യേകം സന്നാഹപ്പെടുത്തിയ ഒരു ആക്ടിവയാണ് ഈ സര്‍വീസിനു വേണ്ടി ഉപയോഗിക്കുക. എല്ലാ അടിസ്ഥാന ടൂളുകളും ഈ സ്‌കൂട്ടര്‍ പേറും. അത്യാവശ്യം സ്‌പെയര്‍ പാട്‌സുകളും ആക്ടിവ ഡോക്ടറുടെ പക്കലുണ്ടായിരിക്കും. ഹോണ്ട പരിശീലനം നല്‍കി തയ്യാറാക്കിയ ഒരു ടെക്‌നീഷ്യന്‍ എല്ലാ സര്‍വീസ് സെന്ററുകളിലും ഉണ്ടായിരിക്കും.

കണക്കുകള്‍ പറയുന്നതു പ്രകാരം ഹോണ്ടയ്ക്ക് മികച്ച വില്‍പനയുണ്ട് നാട്ടുമ്പുറങ്ങളില്‍. മൊത്തം വില്‍പനയുടെ 35 ശതമാനവും വരുന്നത് വന്‍ നഗരങ്ങള്‍ക്ക് പുറത്തു നിന്നാണ്. ഇത് അടുത്ത വര്‍ഷത്തോടെ 40 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണ് പുതിയ സേവന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പിന്നിലെ രഹസ്യം.

വിപണിയിലെ രാജാവായ ഹീറോയുടെ വന്‍ വില്‍പനാ ശൃംഖലകളോടാണ് പൊരുതുന്നത് എന്നതിനാല്‍ ഹോണ്ടയ്ക്ക് ഇത്രയെങ്കിലും ചെയ്‌തേ പറ്റൂ. ഉള്‍നാടുകളില്‍ പോലും വില്‍പനാകേന്ദ്രങ്ങളും സര്‍വീസ് കേന്ദ്രങ്ങളുമുള്ള ഹീറോ ബഹുദൂരം മുന്നിലാണുള്ളത്. അത്രവലി സന്നാഹങ്ങള്‍ ഒരുക്കുവാനുള്ള നിക്ഷേപപദ്ധതികളൊന്നും ഹോണ്ടയ്ക്ക് ഇപ്പോഴില്ല.

നിലവിലുള്ള മികച്ച ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതാണ് ഈ തീരുമാനം. ഹോണ്ടയെ സംബന്ധിച്ച് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും കഴിഞ്ഞേക്കും.


Click it and Unblock the Notifications








