ഹോണ്ട ആക്ടിവ-ഐ ലോഞ്ച് ചെയ്തു.
ഹോണ്ടയുടെ സ്കൂട്ടര്‍ വിഭാഗത്തിലെ നാലാമത്തെ വാഹനം, ആക്ടിവ ഐ വിപണിയിലെത്തി. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 44,200 രൂപയാണ് വാഹനത്തിന് വില. ആക്ടിവ സ്കൂട്ടറിനെക്കാള്‍ ശരാശരി 3000 രൂപയോളം കറവുണ്ട് ആക്ടിവ ഐ സ്കൂട്ടറിന്. ഹോണ്ട സ്കൂട്ടറുകളില്‍ ഏറ്റവും വിലക്കുറവുള്ള വാഹനമാണിത്.
ഡിസൈനില്‍ ഏവിയേറ്റര്‍ സ്കൂട്ടറില്‍ നിന്നുള്ള കടം കൊള്ളലുകള്‍ പലയിടത്തും കാണാവുന്നതാണ്. എന്നിരിക്കിലും മൗലികമായ ഒരു സൗന്ദര്യം ആക്ടിവ ഐ പുലര്‍ത്തുന്നു. ആക്ടിവയെക്കാള്‍ മെലിഞ്ഞ ശരീരപ്രകൃതമാണ് ആക്ടിവ ഐ-ക്കുള്ളത്. ഭാരത്തിന്‍റെ കാര്യത്തിലും ആക്ടിവയെക്കാള്‍ പത്ത് കിലോയോളം കുറവുണ്ട് വാഹനത്തിന്. ആക്ടിവയുടെ പിന്‍വശത്തിനുള്ള ആ ബള്‍ക്കി സൗന്ദര്യമില്ലേ? അത് ഈ വാഹനത്തില്‍ വേണ്ടെന്നുവെച്ചിരിക്കുന്നു. ഈ സവിശേഷത നഗരങ്ങളില്‍ വാഹനത്തെ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

ഹോണ്ടയുടെ അഭിപ്രായ പ്രകാരം ആക്ടിവ ഐ വരുന്നത് 'പേഴ്സണല്‍ കോംപാക്ട് സ്കൂട്ടര്‍' എന്ന വിഭാഗത്തിലാണ്.

ഇന്ത്യയുടെ സ്കൂട്ടര്‍ വിപണിയുടെ 25 ശതമാനവും ഈ വിഭാഗത്തിലാണ് കിടക്കുന്നത്. ഡിയോ സ്കൂട്ടറിനെ 'മോട്ടോ സ്കൂട്ടര്‍' വിഭാഗത്തില്‍ ഉള്‍പെടുത്തുന്നു ഹോണ്ട. ഇത് സ്പോര്‍ടിയായ ഡിസൈനും സവിശേഷതകളുമുള്ള സ്കൂട്ടറുകളുടെ വിഭാഗമാണ്. ആക്ടിവയും ഏവിയേറ്ററും വരുന്നത് 'ഫാമിലി സ്കൂട്ടര്‍' വിഭാഗത്തിലാണ്. ഇതിന് വിശദീകരണം വേണ്ടല്ലോ.

ഈ വിഭാഗീകരണം ഹോണ്ട തന്നെ നടത്തുന്നതാണ്. വിപണിയുടെ 50 ശതമാനവും കൈയടക്കിയ ഒരു കമ്പനിയുടെ അടിസ്ഥാന അവകാശമായി നമുക്ക് ഇതിനെ കാണാം.

വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ആക്ടിവ ഐ ഏവിയേറ്ററിനോട് കടപ്പെടുന്നതായി കാണാം. എന്നാല്‍ സാരമായ വ്യത്യാസങ്ങളുമുണ്ട്. എന്‍ജിന്‍ പുറത്തുകാണത്തക്കവിധം ഫ്ലയറിംഗ് കുറയ്ക്കുകയും അല്‍പം 'സ്ലിം' ആവുകയും ചെയ്തിട്ടുണ്ട്.

കുറെക്കൂടി ആധുനികമായ ഡിസൈന്‍ ശൈലി കാണാം ഇന്‍സ്ട്രുമെന്‍റ് പാനലില്‍. പിന്‍ ലൈറ്റുകളുടെ ശില്‍പവും മാറിയിരിക്കുന്നു. ഇത് കൂടുതല്‍ സ്ഥലം കൈയടക്കുന്നുണ്ട് ഇപ്പോള്‍.

ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളും മാറിയിട്ടുണ്ട്. ആക്ടിവയെക്കാള്‍ വലിപ്പക്കൂടുതല്‍ കാണാം. നേരത്തെ ഹാന്‍ഡിലില്‍ കണ്ടിരുന്ന ഇന്‍ഡിക്കേറ്ററുകള്‍ താഴേക്ക് വന്നതാകാം കാരണം.

കോമ്പി ബ്രേക് സിസ്റ്റം, ട്യൂബ്‍ലെസ് ടയറുകള്‍, മെയിന്‍റനന്‍സ് ഫ്രീ ബാറ്ററി, സീറ്റിനടിയില്‍ 18 ലിറ്റര്‍ സംഭരണശേഷി തുടങ്ങിയ മാറ്റങ്ങളാണുള്ളത്.

103 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. ഗ്രൗണ്ട് ക്ലിയറന്‍സ് 165എംഎം.

109സിസി ശേഷിയുള്ള എയര്‍കൂള്‍ഡ് എന്‍ജിനാണ് ആക്ടിവ ഐ-ക്കുള്ളത്. 8 കുതിരശക്തി പകരുന്നു ഇത്. 8.74 എന്‍എം ചക്രവീര്യം.

ലിറ്ററിന്‍ 60 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്.


Click it and Unblock the Notifications







