ഒന്നര ലക്ഷം കൊണ്ട് ഒരു സ്പോർട്സ്ബൈക്ക് 'എന്‍ട്രി'
സൂപ്പര്‍ബൈക്കുകളുടെ കാലഘട്ടത്തിലൂടെ നീങ്ങുകയാണ് നമ്മള്‍. വന്‍ കുതിരശക്തികള്‍ നമ്മുടെ നിരത്തുകളില്‍ പ്രകടനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇവയിലേക്ക് എത്രപേര്‍ക്ക് ഇന്ന് കയറിയിരിക്കാനാവും എന്നതൊരു കിടു ചോദ്യമാണ്. സൂപ്പര്‍ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും അതിന് പാങ്ങില്ലാതെ വരികയും ചെയ്യുക എന്നത് ലോകത്തിലെ ഏറ്റവും കൊടിയ സങ്കടങ്ങളിലൊന്നത്രെ! എങ്കിലും, ഒരു ഒന്നര ~ രണ്ട് ലക്ഷം രൂപ വരെ മുടക്കാന്‍ കഴിയുന്നവര്‍ക്ക് കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ കിടിലന്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഇന്ന് ലഭ്യമാണ്.
ഏതെല്ലാം സ്‌പോര്‍ട്‌സ് ബൈക്കുകളാണ് ഇന്ത്യയില്‍ ഈ വിലനിലവാരത്തില്‍ വരുന്നത് എന്ന് വിശദീകരിക്കുന്നു ഇവിടെ.

കെടിഎം ഡ്യൂക്ക് 200
ഡ്യൂക്ക് 200 എന്ന ഈ ബൈക്ക് ഇന്ന് ബജാജിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട്. വലിയ ജനപ്രീതിയാണ് ഡ്യൂക്ക് 200 ഈ കുറഞ്ഞ കാലത്തിനിടയില്‍ നേടിയെടുത്തത്. ഈ സ്‌പോര്‍ട്‌സ് നേക്കഡ് ബൈക്കിന് 1.3 ലക്ഷത്തിന്റെ പരിസരത്തിലാണ് വില തുടങ്ങുന്നത്.

ബജാജ് പള്‍സര്‍ 200 എന്‍എസ്
നമ്മുടെ ബജാജില്‍ നിന്നു തന്നെ തരക്കേടില്ലാത്ത ഒരു സ്‌പോര്‍ട് ബൈക്ക് സ്വന്തമാക്കാവുന്നതാണ്. കെടിഎം ഡ്യൂക്ക് 200ന്റെ അതേ എന്‍ജിന്‍ തന്നെയാണ് ചില ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തി ബജാജ് ഉപയോഗിക്കുന്നത്. ഈ ബൈക്കിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 85,000 രൂപ വിലവരും.

ബജാജ് പള്‍സര്‍ 220 ഡിടിഎസ്-ഐ
ഇന്ത്യയില്‍ ലഭ്യമായതില്‍ വെച്ചേറ്റവും വിലക്കുറവുള്ള സ്‌പോര്‍ട്‌സ് ബൈക്ക് എന്നു വേണമെങ്കില്‍ പള്‍സര്‍ 220യെ വിളിക്കാം. മികച്ച ഡിസൈന്‍ ശൈലിയില്‍ വരുന്ന ഈ വാഹനം 81000 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. 219.89 സിസി ശേഷിയുള്ള ഈ എന്‍ജിന്‍ 20.7 കുതിരശക്തി പകരുന്നു, 8500 ആര്‍പിഎമ്മില്‍. 19.12 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുക.

ഹീറോ കരിസ്മ സെഡ്എംആര്‍ എഫ്‌ഐ
ഹീറോ കരിസ്മ സെഡ്എംആര്‍ 98,000 രൂപ വിലയില്‍ ലഭ്യമാണ്. 223സിസി ശേഷിയുള്ള സെഡ്എംആര്‍ എന്‍ജിന്‍ 17.6 കുതിരശക്തി പകരും.

യമഹ വൈസെഡ്എഫ് ആര്‍15
ആര്‍1 5ന് വില തുടങ്ങുന്നത് 1.10 ലക്ഷത്തിലാണ്. ആര്‍15 വിപണിയില്‍ ലഭിക്കുന്നത്. ബൈക്കിന്റെ 150 സിസി ശേഷിയുള്ള എന്‍ജിന്‍ 16.7 കുതിരകളുടെ കരുത്ത് പകരുന്നുണ്ട്, 8500 ആര്‍പിഎമ്മില്‍. 15 എന്‍എം ചക്രവീര്യം 7,500 ആര്‍പിഎമ്മില്‍ പകരും ഇവന്‍.

ഹോണ്ട സിബിആര്‍ 250 ആര്‍
1.48 ലക്ഷത്തില്‍ വില തുടങ്ങുന്നു സിബിആര്‍ 250 ആര്‍. എബിഎസ് സന്നാഹമുള്ള പതിപ്പിന് 1.74 ലക്ഷമാണ് വില. 249 സിസി ശേഷിയുള്ള എന്‍ജിന്‍ 25 കുതിരശക്തി പകരുന്നു, 8500 ആര്‍പിഎമ്മില്‍. 22.9 എന്‍എം ചക്രവീര്യം 700 ആര്‍പിഎമ്മില്‍ ഉല്‍പാദിപ്പിക്കുന്നു ഇവന്‍.

ഹോണ്ട സിബിആര്‍ 150 ആര്‍
250 ആറിന്റെ ചെറിയ പതിപ്പായ സിബിആര്‍150ആര്‍ 1.19 ലക്ഷത്തിലാണ് വില തുടങ്ങുന്നത്. എബിഎസ് സന്നാഹമുള്ള പതിപ്പിന് 1.20 ലക്ഷമാണ് വില. 149 സിസി ശേഷിയുള്ള എന്‍ജിന്‍ 10,500 ആര്‍പിഎമ്മില്‍ 17.57 കുതിരശക്തി പകരുന്നു. 8500 ആര്‍പിഎമ്മില്‍ 12.6 എന്‍എം ചക്രവീര്യവും പകരും.


Click it and Unblock the Notifications