കുപിതനായ ദൈവം 28ന് എത്തും
കൃത്യമായ പറഞ്ഞാല്‍ 2011 ജൂലൈ ഒന്നാം തിയ്യതിയാണ് ട്രയംഫിന്റെ ഇന്ത്യന്‍ വരവിനെക്കുറിച്ച് ഞങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്. അതിനു ശേഷം ഒന്നോ രണ്ടോ ഓണവും അത്ര തന്നെ പെരുന്നാളും കഴിഞ്ഞുപോയി. പല കാരണങ്ങള്‍ കൊണ്ട് ട്രയംഫിന്റെ വരവ് നീണ്ടു പോവുകയായിരുന്നു. ഈ നവംബറില്‍ ട്രയംഫ് ഇന്ത്യന്‍ നിരത്തിലിറങ്ങുമെന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയതിന് പിന്നാലെ തിയ്യതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.
നവംബര്‍ 28നാണ് ഇന്ത്യന്‍ മോട്ടോറിംഗ് ഭ്രാന്തന്മാര്‍ കാത്തിരിക്കുന്ന ആ സന്തോഷത്തിന്റെ ദിവസം.

കുപിതനായ ഒരു ദൈവം തന്‍റെ വജ്രവിരലുകള്‍ കൊണ്ട് നരകത്തിന്‍റെ ഇരുമ്പു മതിലുകളില്‍ കോറിയിട്ടതാണ് ട്രയംഫിന്‍റെ രൂപം.

മനെസറില്‍ ട്രയംഫിന്റെ നിര്‍മാണ പ്ലാന്റ് ഇതിനകം തന്നെ സര്‍വ്വ സന്നാഹങ്ങളുമായി തയ്യാറെടുത്തു കഴിഞ്ഞു. ബങ്കളുരുവിലെ നര്‍സാപുരയില്‍ പുതിയൊരു പ്ലാന്റ് നിര്‍മിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അന്വേഷിച്ചുവെങ്കിലും വിവരമൊന്നും ലഭ്യമല്ല. ലോഞ്ച് കഴിയുന്നതോടെ എല്ലാത്തിനും വ്യക്തത വരുത്താം എന്നാണ് കിട്ടിയ അറിയിപ്പ്.

ഇന്ത്യയിലെ ട്രയംഫിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് വിമല്‍ സംബ്ലിയാണ്. 16 വര്‍ഷത്തോളമായി ഇദ്ദേഹം ഓട്ടോമൊബൈല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. പേരെടുത്ത ഒരു ബൈക്കിംഗ് ഭ്രാന്തനുമാണ് ഇദ്ദേഹം.

കുറഞ്ഞ സിസി ശേഷിയുള്ള ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ ട്രയംഫ് ശ്രദ്ധിക്കുമെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇതൊരു നിര്‍ണായകമായ നിലപാടാണ്.


Click it and Unblock the Notifications








