ഇതാണ് 'പെർഫക്‌ട് ഫാമിലി' സ്‌കൂട്ടർ; ഏറ്റവും പുതിയ ടിവിഎസ് ജുപ്പിറ്ററിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ
ഇന്ത്യയിൽ പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത പേരാണ് ടിവിഎസിന്റേത് (TVS). വിക്‌ടർ, സ്റ്റാർസിറ്റി, അപ്പാച്ചെ, ജുപ്പിറ്റർ, സ്കൂട്ടി പെപ്, എൻടോർഖ് അങ്ങനെ ജനപ്രിയമായ മോഡലുകളിലൂടെ ഇരുചക്ര വാഹന വിപണിയെ ഭരിക്കുന്ന കമ്പനി ഇന്ന് പണംവാരുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഗിയർലെസ് സ്‌കൂട്ടറുകളുടെ കാര്യത്തിൽ സാക്ഷാൽ ഹീറോ മോട്ടോകോർപിനെ വരെ പിന്നിലാക്കി കുതിക്കുന്ന ബ്രാൻഡിന്റെ ഏക എതിരാളി ഹോണ്ട മാത്രമാണ്. എല്ലാ വാഹനങ്ങൾക്കും അതിന്റെ വിഭാഗത്തിലൊരു ഒത്ത എതിരാളിയും ഉണ്ടാവും. അവിടെയാണ് ആക്ടിവയ്ക്കെതിരായി എത്തിയ ടിവിഎസ് ജുപ്പിറ്ററിന്റെ വരവ് ആഘോഷമാവുന്നത്.
2013-ലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്‌കൂട്ടറായി മാറാൻ ജുപ്പിറ്ററിന് അധികകാലമൊന്നും വേണ്ടി വന്നില്ല. ഇപ്പോഴിതാ കൂടുതൽ മെച്ചപ്പെടുത്തലുകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ് വാഹനം. പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഫീച്ചറുകൾ, മികച്ച പെർഫോമൻസ് എന്നിവയുടെ സംയോജനമാണ് 2024 മോഡൽ ജുപ്പിറ്റർ.

മത്സരാധിഷ്ഠിത സ്‌കൂട്ടർ വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് ടിവിഎസ് ഏറ്റവും പുതിയ ജുപ്പിറ്ററിലൂടെ ലക്ഷ്യമിടുന്നത്. പുത്തൻ മോഡലായതിനാൽ തന്നെ 2024 ജുപ്പിറ്റർ എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. സെഗ്മെന്റിൽ ഹോണ്ട ആക്‌ടിവയുമായി മത്സരിക്കുന്ന ജുപ്പിറ്റർ നിങ്ങൾക്കിണങ്ങിയ പെർഫക്‌ട് ഫാമിലി സ്‌കൂട്ടറാണോയെന്ന് റിവ്യൂ വിശേഷങ്ങളിലൂടെ പറഞ്ഞുതരാം...
ഡിസൈനും സ്റ്റൈലും: ടിവിഎസ് ജൂപ്പിറ്റർ 110 അതിൻ്റെ എർഗണോമിക് ഡിസൈനിനൊപ്പം റൈഡർ സൗകര്യത്തിന് മുൻഗണന നൽകിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. സൗകര്യപ്രദമായി സ്ഥാപിച്ചിരിക്കുന്ന ഹാൻഡിൽബാർ, വലിയ ഫ്ലോർബോർഡ്, വിവിധ റൈഡറുകൾക്ക് അനുയോജ്യമായ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന സീറ്റ് ഹൈറ്റ് എന്നിവയെല്ലാം അതേപടി നിലനിർത്തിയാണ് പുതിയ 2024 ജുപ്പിറ്ററും ഡിസൈൻ ചെയ്‌തിരിക്കുന്നത്.

സ്ലീക്ക് പിയാനോ ബ്ലാക്ക് ഫിനിഷും സിഗ്നേച്ചർ ഇൻഫിനിറ്റി ലൈറ്റുകളും ഇന്ത്യൻ ഉപഭോക്താക്കളുടെ സമകാലിക മുൻഗണനകൾ നിറവേറ്റുന്നതിനായാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ സ്‌കൂട്ടറിൽ ആധുനിക സ്പർശത്തിനായി ഡിജിറ്റൽ കളർ എൽസിഡി ക്ലസ്റ്ററും ടിവിഎസ് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അത് സ്മാർട്ട് അലേർട്ടുകൾ, ആവറേജ്, ലൈവ് മൈലേജ് ഇൻഡിക്കേറ്ററുകൾ പോലുള്ള കാര്യങ്ങളെല്ലാം പ്രദർശിപ്പിക്കുന്നുമുണ്ട്.
ഇത് റൈഡർമാർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ വേഗത്തിൽ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്. മുൻവശത്തെ ഫ്യൂവൽ ഫില്ലർ, വിശാലമായ ഗ്ലൗ ബോക്സ്, യുഎസ്ബി മൊബൈൽ ചാർജർ, പേറ്റൻ്റ് നേടിയ E-Z സെൻ്റർ സ്റ്റാൻഡ് എന്നിവയും ഏറ്റവും പുതിയ ടിവിഎസ് ജുപ്പിറ്ററിന്റെ ശ്രദ്ധേയമായ സവിശേഷതകളാണ്. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പ് രാത്രികാലങ്ങളിൽ മികച്ച പ്രകാശമാണ് നൽകുന്നത് എന്നതും പ്രായോഗികത വർധിപ്പിക്കുന്നുണ്ട്.

എഞ്ചിൻ: ടിവിഎസ് ജുപ്പിറ്റർ 110 മോഡലിന് 113.3 സിസി, സിംഗിൾ-സിലിണ്ടർ, ഫോർ-സ്ട്രോക്ക് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6500 ആർപിഎമ്മിൽ 7.7 bhp പവറും 5000 ആർപിഎമ്മിൽ 9.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ഇതിൽ കൊടുത്തിട്ടുണ്ട്.
നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാൽ മുൻഗാമിയെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം പുരോഗതി കൈവരിക്കാനും ജുപ്പിറ്ററിന് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യയിൽ ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് പ്രവർത്തനക്ഷമതയും ISG (ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) ഉള്ള ഒരു ഇൻ്റലിജൻ്റ് ഇഗ്നിഷൻ സിസ്റ്റവുമാണ് ഉൾക്കൊള്ളുന്നത്. ഇത് ട്രാഫിക്കിലെ ഐഡിൾ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ബാറ്ററി പവർ ഉപയോഗിച്ച് പെർഫോമൻസ് വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഓടിക്കാൻ എങ്ങനെയുണ്ട്: 2024 ജുപ്പിറ്റർ 110 സ്‌കൂട്ടറിലെ യാത്രാ അനുഭവം സുഖകരവും ആസ്വാദ്യകരവുമാണെന്ന് പറയാതെ വയ്യ. ഇതിൻ്റെ സസ്പെൻഷൻ സംവിധാനം കുണ്ടും കുഴിയുമെല്ലാം അനായാസം തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് റിവ്യൂ റൈഡിംഗിൽ മനസിലായി. എർഗണോമിക് ഡിസൈനുള്ളതിനാൽ വ്യത്യസ്ത ഉയരങ്ങളിലുള്ളവർക്ക് പോലും അനുയോജ്യമായ തരത്തിലുള്ള ഒരു സുഖപ്രദമായ സീറ്റിംഗാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്.
എഞ്ചിനും സുഗമമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് ഓടിച്ച് നോക്കുമ്പോഴേ മനസിലാക്കാം. നല്ല ഇന്ധനക്ഷമത നിലനിർത്തിക്കൊണ്ടുതന്നെ സിറ്റി യാത്രയ്ക്ക് ആവശ്യമായ പെർഫോമൻസ് നൽകാനും പുതിയ ജുപ്പിറ്ററിന് സാധിക്കും. ഹാൻഡിലിംഗും മികച്ചതാണ്. ബോഡി ബാലൻസ് ടെക്നോളജി 2.0 കുറഞ്ഞ വേഗതയിൽ സ്ഥിരത വർധിപ്പിക്കുന്നുമുണ്ട് എന്നതിനാൽ കനത്ത ട്രാഫിക്കിൽ വരെ ഓടിക്കുന്നയാൾക്ക് ആത്മവിശ്വാസം നൽകും.

2024 ടിവിഎസ് ജുപ്പിറ്ററിന്റെ പുതുക്കിയ രൂപകൽപ്പനയും മെച്ചപ്പെടുത്തിയ ഫീച്ചറുകളും തങ്ങളുടെ ദൈനംദിന യാത്രയിൽ വിശ്വാസ്യത തേടുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുതൽക്കൂട്ടാവും. ആതിനാൽ ജുപ്പിറ്ററിനെ പെർഫക്‌ട് ഫാമിലി സ്‌കൂട്ടർ എന്ന് വിശേഷിപ്പിച്ചാലും തെറ്റൊന്നുമില്ല. മുടക്കുന്ന പണത്തിന് നല്ല മൂല്യം വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം സുഖസൗകര്യവും ഇന്ധനക്ഷമതയും സംയോജിപ്പിക്കുന്ന മോഡൽ തേടുന്നവർക്ക് നിസംശയം വാങ്ങാം ഈ ഗിയർലെസ് സ്കൂട്ടർ.


Click it and Unblock the Notifications








