സ്റ്റൈലും റേഞ്ചും കൂടി, കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി പുത്തൻ ഏഥർ 450X ഇലക്‌ട്രിക് സ്‌കൂട്ടർ; റിവ്യൂ വായിക്കാം
ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാവും ഏഥർ എനർജിയുടേത് (Ather Energy). ദൈനംദിന യാത്രകൾക്ക് പറ്റിയ വൈദ്യുത സ്‌കൂട്ടറുകളാണ് ബ്രാൻഡിന്റെ ആവനാഴിയിലുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചെറുപ്പക്കാർക്കിടയിലാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് പ്രശസ്‌തിയാർജിച്ചിരിക്കുന്നതെങ്കിലും അടുത്തിടെ റിസ്‌തയെന്ന പുത്തൻ ഇവി പുറത്തിക്കൊണ്ട് കുടുംബങ്ങളിലും കയറി ചെല്ലാൻ ഓലയുടെ എതിരാളിക്കായിട്ടുണ്ട്. പക്ഷേ ഇപ്പോഴും കൂടുതലും ആളുകൾ വന്നെത്തുന്നത് 450 സീരീസിലാണെന്നതാണ് സത്യം. ഇക്കാര്യം അറിയാവുന്ന കമ്പനി ചെറിയ പരിഷ്ക്കാരങ്ങളോടെ 450 മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.
പുതുക്കിയ 450 ലൈനപ്പ് ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ എന്തായാലും ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്. ബെംഗളൂരുവിൽ വെച്ച് നടന്ന ഇവന്റിൽ ഏറ്റവും പുതിയ 2025 മോഡൽ ഏഥർ 450X ഓടിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ യൂത്തൻമാരുടെ സ്വന്തം വൈദ്യുത സ്‌കൂട്ടർ മൊത്തത്തിൽ എങ്ങനെയുണ്ടെന്ന് പറഞ്ഞുതരാം. മുടക്കുന്ന കാശിന് മുതലാണോയെന്ന് അറിയാൻ തുടർന്ന് വായിച്ചോ...

പുതിയ മാറ്റങ്ങൾ: മാറിയത് എന്തൊക്കെയാണെന്ന് ചോദിച്ചാൽ ജനപ്രിമായ രൂപത്തിൽ കൈതൊടാതെയുള്ള പരിഷ്ക്കാരങ്ങളാണ് ഇവി സ്റ്റാർട്ടപ്പ് ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നതെന്ന് വേണം പറയാൻ. ഇതിന്റെ ഭാഗമായി രണ്ട് പുതിയ കളർ ഓപ്ഷനുകളാണ് ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഹൈപ്പർ സാൻഡ്, സ്റ്റെൽത്ത് ബ്ലൂ എന്നിവയാണ് വാഹനത്തിലേക്ക് അവതരിപ്പിച്ചിരിക്കുന്ന നിറങ്ങൾ.
ഇതോടൊപ്പം റേഞ്ച് 24 ശതമാനത്തോളം വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഇവി നിർദിഷ്‌ഠ MRF ടയറുകളും ഏഥർ എനർജി മോഡലുകൾക്ക് സമ്മാനിച്ചിട്ടുണ്ട്. 450X ഇവിയുടെ അപെക്‌സ് വേരിയന്റ് വാങ്ങുന്നവർക്ക് ഫ്രീയായി ബ്രാൻഡിന്റെ ഹാലോ ഹെൽമെറ്റും ലഭിക്കുമെന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരു കാര്യം. കൂടാതെ 450X പതിപ്പിലേക്ക് മാജിക് ട്വിസ്റ്റ് ഫീച്ചറും കമ്പനി പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.

ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് മികച്ച സ്പീഡ് മോഡുലേഷൻ അനുവദിക്കാനായാണ് ഏഥർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒപ്പം ദിവസേനയുള്ള റൈഡിംഗ് സ്പീഡിൽ ബ്രേക്കിന് ആയാസം കുറയ്ക്കാനും മാജിക് ട്വിസ്റ്റ് സഹായിക്കുന്ന സവിശേഷതയാണിത്. അപെക്‌സ്, 450X ഇവികൾക്ക് ഇപ്പോൾ മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ സ്റ്റാൻഡേർഡായി വരുന്നുമുണ്ടേ.
ഇത് റെയിൻ, റോഡ്, റാലി എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ ഇൻ്റർവെൻഷൻ മോഡുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. പിംഗ് മൈ സ്‌കൂട്ടർ, വാട്ട്‌സ്ആപ്പ് ഡാഷ്‌ബോർഡ്, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, വിവിധ അലക്‌സാ സ്‌കില്ലുകൾ തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന ഏറ്റവും പുതിയ ഏഥർസ്റ്റാക്ക്6 (AtherStack6) സോഫ്‌റ്റ്‌വെയർ സജ്ജീകരണവും ഏഥർ 450X, 450 അപെക്‌സ് മോഡലുകളിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

പെർഫോമൻസും റേഞ്ചും: റേഞ്ചിന്റെ കാര്യത്തിൽ മുൻഗാമികളെ അപേക്ഷിച്ച് ഏകദേശം 24 ശതമാനം വർധനവ് 2025 മോഡലുകളിൽ ഉണ്ടായതായാണ് ഏഥർ അവകാശപ്പെടുന്നത്. 2.9kWh ബാറ്ററി പായ്ക്ക് ഉള്ള 450X ബേസ് വേരിയന്റിന് സിംഗിൾ ചാർജിൽ 105 കിലോമീറ്റർ വരെ വാഗ്‌ദാനം ചെയ്യാനാവും. എന്നാൽ റൈഡിംഗ് മോഡുകളെ അപേക്ഷിച്ച് റേഞ്ചിൽ വ്യത്യാസമുണ്ടാവുമെന്നും ഏഥർ പറയുന്നു.
അതായത് വാർപ്പ് മോഡിൽ റേഞ്ച് 60 കിലോമീറ്ററായി മാറുമ്പോൾ സ്പോർട്ട് മോഡിൽ റേഞ്ച് 80 കിലോമീറ്ററായും മാറും. ഇനി റൈഡ് മോഡിലാണ് ഓടിക്കുന്നതെങ്കിൽ റേഞ്ച് 90 കിലോമീറ്ററായി ഉയരും. അതേസമയം ഇക്കോയിലും സ്മാർട്ട് ഇക്കോയിലും ട്രൂറേഞ്ച് യഥാക്രമം 90 കിലോമീറ്റർ, 105 കിലോമീറ്റർ എന്നിങ്ങനെയാണ്. എന്നാൽ 450X ഇവിയുടെ 3.7kWh ബാറ്ററി പായ്ക്കുള്ള മോഡലാണെങ്കിൽ റേഞ്ച് മോഡുകളെ ആശ്രയിച്ച് 130 കിലോമീറ്ററായി വരെ ഉയരും.

ഏഥർ 450X 2.9kWh ബാറ്ററി പായ്ക്ക് വേരിയന്റുകൾ 0-80 ശതമാനം വരെ ചാർജാവാൻ 3 മണിക്കൂർ സമയമാണ് വേണ്ടി വരിക. ഇനി ഫുൾചാർജാവാനാണെങ്കിൽ 4 മണിക്കൂറാണ് വേണ്ടി വരുന്ന സമയം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3.7kWh ബാറ്ററി പായ്ക്ക് വേരിയന്റുകൾ 0-80 ശതമാനം ചാർജാവാൻ നാലര മണിക്കൂർ വേണ്ടി വരും. അതേസമയം ഈ മോഡലുകളിലെ ബാറ്ററി പായ്ക്ക് ഫുൾ ചാർജാവാൻ 5 മണിക്കൂർ 45 മിനിറ്റാണ് വേണ്ടി വരിക.
ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 450X വെറും 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്. അതേസമയം പരമാവധി വേഗം 90 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്. 8.58 bhp കരുത്തിൽ പരമാവധി 26 Nm torque വരെയാണ് ഏഥർ 450X നൽകുന്നത്. അതായത് പവറിലൊന്നും മാറ്റമില്ലാതെ തുടരുകയാണ് പുതിയ 2025 മോഡലുകളെന്ന് സാരം.
ഓടിക്കാൻ എങ്ങനെയുണ്ട്: മുമ്പതേതു പോലെ സമാനമായ റൈഡിംഗ് ഡൈനാമിക്‌സ് തന്നെയാണ് ഏഥർ 450X ഇവി വാഗ്‌ദാനം ചെയ്യുന്നത്. പുതിയ MRF ടയറുകൾ സിറ്റി റൈഡുകളിൽ നല്ല പെർഫോമൻസിനൊപ്പം നല്ല ഗ്രിപ്പും നൽകുന്നുണ്ട്. മൂന്ന് ട്രാക്ഷൻ മോഡുകളും അടിപൊളിയാണെന്ന് ആദ്യ റൈഡിൽ തന്നെ മനസിലാക്കാനും കഴിഞ്ഞു. ഇനി സസ്പെൻഷന്റെ കാര്യത്തിലേക്ക് നോക്കിയാലും പ്രശ്നങ്ങളൊന്നുമില്ല.
പില്യൺ റൈഡറെ വെച്ചാണെങ്കിൽ പോലും കുണ്ടും കുഴിയുമെല്ലാം അനായാസം മറികടക്കാൻ ഏഥർ 450X ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയുന്നുണ്ട്. ഡിസ്‌ക് ബ്രേക്കുള്ളതിനാൽ ബ്രേക്കിംഗും നല്ല ആത്മവിശ്വാസമാണ് നൽകുന്നത്. പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറിലൂടെ ഇവിയിലേക്ക് റീജനറേറ്റീവ് ബ്രേക്കിംഗും കൊണ്ടുവരാനായിട്ടുണ്ട്. ഇത് റേഞ്ച് മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യമാണ്. അങ്ങനെ മൊത്തത്തിൽ സ്പോർട്ടി ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിലെ രാജാവായി തുടരാൻ 450X ഇവിക്ക് സാധിക്കുമെന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications








