ട്രയംഫിന്റെ പുതിയ 350 സിസി സ്ക്രാംബ്ലർ, ഓടിക്കാൻ ഇപ്പോഴും എന്താ സുഖം! റിവ്യൂ വിശേഷങ്ങൾ വായിക്കാം
ഇക്കഴിഞ്ഞ 2025 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജിഎസ്‌ടി 2.0 അവതരിപ്പിക്കുകയുണ്ടായി. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമെല്ലാം വില കാര്യമായ രീതിയിൽ കുറയുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. എന്നാൽ 350 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് വിലക്കുറവിന് അംഗീകാരം ലഭിച്ചത്. ഇവയ്ക്ക് നികുതി 18 ശതമാനമാക്കി കുറച്ചപ്പോൾ 350 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള മോഡലുകളുടെ നികുതി സർക്കാർ 40 ശതമാനമായി പുനക്രമീകരിക്കുകയും ചെയ്‌തു. ഇതോടെ ട്രയംഫ്, ബജാജ് പോലുള്ള ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയും നേരിട്ടു. ജിഎസ്‌ടി 2.0 ആരംഭിച്ചതിനുശേഷം ഇരുവരുടേയും മിക്ക മോഡലുകൾക്കും വില വലിയ തോതിൽ വർധിപ്പിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇതിനെ മറികടക്കുവാനായി ബൈക്കുകൾക്ക് പുതിയ എഞ്ചിൻ നൽകാൻ ബജാജ് തീരുമാനിച്ചു. അങ്ങനെ 400 സിസിയിലുണ്ടായിരുന്ന മോഡലുകളെയെല്ലാം പുതിയ 350 സിസി എഞ്ചിൻ ഉപയോഗിച്ച് കമ്പനി പുതുക്കിപണിത് വിപണിയിലെത്തിച്ചിരിക്കുകയാണ്. പുതിയ 349 സിസി എഞ്ചിനുമായി എത്തിയ സ്‌ക്രാംബ്ലർ 400 X എങ്ങനെയുണ്ടെന്ന് ഏവർക്കും അറിയാൻ താത്പര്യമുണ്ടാവും അല്ലേ. അവർക്കായി ഇതാ മോട്ടോർസൈക്കിളിന്റെ റിവ്യൂ വിശേഷങ്ങൾ.

എന്താണ് മാറ്റം?
ട്രയംഫിന്റെ TR ലൈനപ്പിലെ ഏറ്റവും വലിയ മാറ്റം പുതിയ ജിഎസ്‌ടി മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വികസിപ്പിച്ചെടുത്ത പുതിയ 349 സിസി എഞ്ചിനാണ്. ഇന്ത്യയ്ക്കായുള്ള പുതിയ ട്രയംഫ് 400 ശ്രേണി ഇപ്പോൾ 89 mm ബോറും 56.1 mm സ്ട്രോക്കും ഉള്ള 349 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. മുമ്പത്തെ 398 സിസി യൂണിറ്റിന്റെ അതേ ബോർ നിലനിർത്തിയെങ്കിലും സ്ട്രോക്ക് 64 mm ആക്കി പുനക്രമീകരിച്ചിരിക്കുന്നത്.
ഇതാണ് പുതിയ എഞ്ചിന്റെ ഡിസ്പ്ലേസ്മെന്റ് കുറയ്ക്കാൻ കാരണമായത്. സ്പീഡ് T4 പതിപ്പിൽ പുതിയ 349 സിസി എഞ്ചിന്റെ ഔട്ട്‌പുട്ട് 7,500 ആർപിഎമ്മിൽ 29 bhp പവറും 5,500 ആർപിഎമ്മിൽ 31 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പഴയ 398 സിസി എഞ്ചിൻ ഉത്പാദിപ്പിക്കുന്ന പവർ കണക്കുകളിൽ 2 bhp, 5 Nm ടോർക്കും പുതിയ എഞ്ചിന് കുറവാണ്.

സ്പീഡ് 400, സ്‌ക്രാംബ്ലർ 400, സ്‌ക്രാംബ്ലർ 400 XC എന്നിവ ഇപ്പോൾ 8,500 ആർപിഎമ്മിൽ 37 bhp കരുത്തും 7,000 ആർപിഎമ്മിൽ 32 Nm ടോർക്കുമാണ് വികസിപ്പിക്കുന്നത്. പഴയ 398 എഞ്ചിന്റെ കണക്കുകൾ പ്രകാരം 8,000 ആർപിഎമ്മിൽ 40 bhp പവറും 6,500 ആർപിഎമ്മിൽ 37.5 Nm ടോർക്കുമായിരുന്നു ബൈക്കുകൾക്ക് നിർമിക്കാനായിരുന്നത്. അതായത് മൂന്ന് ബൈക്കുകൾക്കും ഇപ്പോൾ 3 bhp, 5.5 Nm ടോർക്ക് കുറവാണെന്ന് സാരം.
ട്രയംഫ് ഇന്ത്യയിൽ പുതുതായി ട്രാക്കർ 400 മോട്ടോർസൈക്കിൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ 350 സിസി എഞ്ചൻ തന്നെയാണ് മോഡൽ സ്വീകരിച്ചിരിക്കുന്നത്. ത്രക്സ്റ്റൺ 400 കഫേ റേസറിനൊപ്പം പുതിയ 349 സിസി എഞ്ചിൻ അതിന്റെ ഏറ്റവും ഉയർന്ന പെർഫോമൻസ് നൽകുന്നു. 8,750 ആർപിഎമ്മിൽ 40 bhp കരുത്തും 7,500 ആർപിഎമ്മിൽ 32 Nm ടോർക്കുമാണ് ബൈക്ക് ഉത്പാദിപ്പിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തിൽ എല്ലാ മോഡലുകളും അവയുടെ മുൻപതിപ്പിന് സമാനമായാണ് വരുന്നത്. പുതിയ 349 സിസി എഞ്ചിനിലേക്കുള്ള മാറ്റത്തോടെ ട്രയംഫിൽ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു മാറ്റം പുതിയ 349 സിസി പവർ ട്രയംഫ് TR സീരീസ് ബൈക്കുകളിൽ ഇമ്മൊബിലൈസർ ഇല്ല എന്നതാണ്. എഞ്ചിൻ ഒഴികെയുള്ളതെല്ലാം നിലനിർത്തിയതിനാൽ ഇൻസ്ട്രുമെന്റേഷനിൽ ഇമ്മൊബിലൈസർ ലൈറ്റ് ഇൻഡിക്കേറ്റർ ഇപ്പോഴും കാണാനാവും.
പുതിയ എഞ്ചിൻ ഉപയോഗിച്ചുള്ള ട്രയംഫ് സ്‌ക്രാംബ്ലർ 400 X ഓടിക്കുമ്പോൾ പഴയതിൽ നിന്നും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. പ്രത്യേകിച്ചും നിങ്ങൾ OG TR400 സീരീസ് ബൈക്ക് ഓടിച്ചിട്ടുണ്ടെങ്കിൽ ഇത് പ്രകടമാവുമെന്നതിൽ സംശയമൊന്നും വേണ്ട. 400 സിസി മോഡലുകളുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാവുന്ന പവർ കണക്കിലെ കുറവ് സ്‌ക്രാംബ്ലറിനെ അൽപം മടിയനാക്കിയിട്ടുണ്ട്. പുതിയ എഞ്ചിൻ അൽപ്പം കൂടുതൽ ശബ്ദമുണ്ടാക്കുന്നുമുണ്ട്. എന്നിരുന്നാലും മൊത്തത്തിൽ ഓടിക്കാൻ രസമുണ്ടെന്ന് പറയാതെ വയ്യ.


Click it and Unblock the Notifications








