ഒത്തിരി പ്രത്യേകതകളുള്ള കിടിലൻ ഇലക്‌ട്രിക് സ്‌കൂട്ടർ, ബിഗൗസ് RUV350 ഇവിയുടെ റിവ്യൂ വിശേഷങ്ങൾ അറിയാം
ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണി അതിന്റെ ഏറ്റവും നല്ലസമത്തിലൂടെയാണ് കടന്നുപോവുന്നത്. ഓല കടന്നുവന്നതോടെ ഉണർന്ന വിഭാഗത്തിൽ ഇപ്പോൾ ധാരാളം ബ്രാൻഡുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ ഇഷ്‌ടം പോലെ മോഡലുകളും സുലഭമായി കിട്ടും. എന്നിരുന്നാലും എന്തെങ്കിലും പുതുമയുണ്ടെങ്കിലേ ആളുകളെ കൈയിലെടുക്കാൻ പറ്റൂവെന്നതാണ് നിലവിലെ സ്ഥിതി. ഇവിയിൽ പണം മുടക്കുമ്പോൾ പെട്രോൾ സ്കൂട്ടറുകളേക്കാൾ ലാഭം കിട്ടുമെന്നതിലുപരി വ്യത്യസ്‌ത തേടാനും ജനം ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. അതിനാൽ RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ് ഇപ്പോഴിതാ ഇന്ത്യയിൽ പുതിയൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്.
RUV350 ഇലക്ട്രിക് സ്‌കൂട്ടർ രാജ്യത്തെ ആദ്യത്തെ റൈഡേഴ്‌സ് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണത്തോടെയാണ് വരുന്നത്. നമ്മുടെ രാജ്യത്തെ ഏതുതരത്തിലുള്ള ഭൂപ്രദേശങ്ങളും റോഡ് സാഹചര്യങ്ങളും അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് ഈ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് സ്കൂട്ടറെന്നാണ് ബിഗൗസ് അവകാശപ്പെടുന്നത്. പൂനെയിലെ ചാക്കനിലുള്ള ബ്രാൻഡിന്റെ പ്ലാന്റിൽ വെച്ച് RUV350 ഓടിക്കാൻ ഡ്രൈവ്സ്പാർക്കിന് അവസരം ലഭിക്കുകയുണ്ടായി. അതിനെകുറിച്ചുള്ള റിവ്യൂ വിശേഷങ്ങൾ നമുക്കൊന്ന് വായിച്ചാലോ?

ഡിസൈനും ഫീച്ചറുകളും: ഇന്ന് നമ്മുടെ റോഡുകളിൽ നിങ്ങൾ കാണുന്ന സ്‌കൂട്ടറുകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ് ബിഗൗസ് RUV350 മോഡലെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. തായ്‌ലൻഡ് പോലെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന ചില സ്‌കൂട്ടറുകൾ പോലെയാണ് ഇതിനെ പണിതെടുത്തിരിക്കുന്നത്. കമ്പനിയുടെ സ്വന്തം D15 പ്രോ ഇവി പോലെ തോന്നിയാലും അതിശയിക്കാനൊന്നുമില്ല.
കിടിലൻ ലുക്കിനൊപ്പം സ്‌കൂട്ടറിൻ്റെ മുൻവശത്ത് ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. പ്രീമിയം ഫീൽ കൊണ്ടുവരുന്നതിനായി ഹെഡ്‌ലൈറ്റിന് ചുറ്റിനുമായി ക്രോം സറൗണ്ടിംഗും കൊടുത്തിട്ടുണ്ട്. ഇതിന്റെ ഇരുവശങ്ങളിലുമായി ടേൺ ഇൻഡിക്കേറ്ററുകളും മനോഹരമായി തന്നെ ഘടിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ ഏപ്രോണിൻ്റെ മധ്യഭാഗത്ത് ഗ്ലോസി ബ്ലാക്ക് ഏരിയയിലാണ് ബിഗൗസിന്റെ ലോഗോ കൊടുത്തിരിക്കുന്നത്.

ഇനി മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ വലിയ 16 ഇഞ്ച് അലോയ് വീലുകളാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തു പറയാനാവുന്നത്. ഇന്ത്യയിൽ ഇതുവരെയുള്ള ഏതൊരു ഇലക്ട്രിക് സ്കൂട്ടറിലും നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വീലുകളാണ് ബിഗൗസ് RUV350 ഇവിയിൽ കൊടുത്തിരിക്കുന്നത്. ഗ്രേ, ഓറഞ്ച്, യെല്ലോ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വീലുകൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്.
ഇത് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും RUV350 ഇലക്ട്രിക് സ്കൂട്ടറിന്റെ മെറ്റൽ ബോഡി പാനലുകളിലെ സ്റ്റിക്കറിംഗും യോജിച്ച് പോവുന്നവിധമാണ് ഒരുക്കിയിരിക്കുന്നതും. വിശാലമായ ഫ്ലോർബോർഡും ഒരു സോഫ്റ്റ്-ക്ലോസ് സീറ്റുമാണ് വൈദ്യുത വാഹനത്തിൽ കൊടുത്തിരിക്കുന്നത്. പില്യൺ റൈഡറിന്റെ സേഫ്റ്റിക്കായി സിംഗിൾ-പീസ് ഗ്രാബ് ഹാൻഡിലും സീറ്റിന് പിന്നിലായി നൽകിയിട്ടുണ്ട്. ടെയിൽലൈറ്റ് വളരെ ഒതുക്കമുള്ളതായാണ് കമ്പനി ഡിസൈൻ ചെയ്‌തിരിക്കുന്നത്.

കൂടാതെ ടേൺ ഇൻഡിക്കേറ്ററുകൾക്കും സ്കൂട്ടറിൻ്റെ മറ്റ് ലൈറ്റിംഗ് ഘടകങ്ങളും പൂർണമായും എൽഇഡിയിലാണ് ഒരുക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ബിഗൗസ് RUV350 ഇവിക്ക് IP67 റേറ്റിംഗുള്ള 5 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിലൂടെ ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ നോട്ടിഫിക്കേഷനുകൾ, റൈഡിംഗ്, ചാർജിംഗ് സ്റ്റാറ്റസ് എന്നീ സവിശേഷതകൾ റൈഡറിന് ഉപയോഗപ്പെടുത്താം.
ഹാൻഡിൽബാറിൻ്റെ വലതുവശത്തുള്ള ബട്ടണുകൾ ഉപയോഗിച്ച് ഏത് റൈഡിംഗ് മോഡിലാണ് ഇലക്ട്രിക് സ്കൂട്ടർ പ്രവർത്തിക്കുന്നതെന്ന് സ്ക്രീനിൽ കാണാനും സാധിക്കും. മറ്റ് മോഡലുകളെ പോലെ വിശാലമായ അണ്ടർസീറ്റ് സ്റ്റോറേജ് ഒന്നും ബിഗൗസിന്റെ റൈഡേഴ്‌സ് യൂട്ടിലിറ്റി വാഹനത്തിനില്ല. എങ്കിലും ചെറിയ വലിപ്പത്തിലുള്ള ഹാഫ് ഹെൽമെറ്റ് സൂക്ഷിക്കാനൊക്കെ സാധിക്കും. ചാർജിംഗ് പോർട്ടും പവർട്രെയിൻ ഓൺ/ഓഫ് സ്വിച്ചും ഇതികത്താണ് കൊടുത്തിരിക്കുന്നത്.

ഇതുകൂടാതെ ഫോണും മറ്റ് അവശ്യവസ്തുക്കളും കൈവശം വയ്ക്കാൻ കഴിയുന്ന ചെറിയ പോക്കറ്റ് ഏപ്രോണിൽ കൊടുത്തിട്ടുണ്ട്. ബാഗുകളും കവറുകളും ഹുക്ക് ചെയ്യാനുള്ള ഒരു കൊളുത്തും കാണാം. യുഎസ്ബി ചാർജിംഗ് പോർട്ടും ഏപ്രോണിലാണ് ഒരുക്കിയിരിക്കുന്നത്. അധിക സ്ഥലവും പ്രായോഗികതയും തേടുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടറിന്റെ ഫ്ലോർബോർഡിന് കീഴിൽ മറ്റൊരു സ്റ്റോറേജ് സ്പേസും കണ്ടെത്താനാകും. ഇത് സാധാരണയായി ചാർജിംഗ് കേബിൾ വെക്കാനായിട്ടാണ് നൽകിയിരിക്കുന്നത്.
ഇത് ലോക്ക് ചെയ്യാവുന്ന സ്റ്റോറേജ് ആയതിനാൽ സുരക്ഷിതമായിരിക്കും. ഇനി ഡിസൈനിലും മറ്റും എന്തെല്ലാം പോരായ്‌മകളുണ്ടെന്ന് നോക്കിയാലോ? റിവ്യൂവിന് ലഭിച്ചത് പ്രീ-പ്രൊഡക്ഷൻ യൂണിറ്റായിരുന്നതിനാൽ അതിന്റെ ചില പൊരുത്തക്കേടുകൾ മാത്രമാണ് കാണാനായത്. പെയിൻ്റ് ഫിനിഷിലും പാനൽ വിടവുകളിലും ഞങ്ങൾ അത്ര സംതൃപ്‌തരായിരുന്നില്ല. ഡിസ്‌പ്ലേയ്ക്ക് സമീപം ചില പ്രശ്‌നങ്ങളും റിവ്യൂവിന്റെ സമയത്ത് നേരിട്ടിരുന്നു. പ്ലാസ്റ്റിക്കുകളുടെ ഗുണനിലവാരവും ബിഗൗസിന് മെച്ചപ്പെടുത്താമായിരുന്നു.

ബാറ്ററി, പെർഫോമൻസ്: കമ്പനിയുടെ പുതിയ ഹൈപ്പർഡ്രൈവ് ഇൻ-വീൽ മോട്ടോറാണ് ബിഗൗസ് RUV350 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്നത്. ഇത് 4.69 bhp പവറിൽ 165 Nm വീൽ ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിംഗിൾ ചാർജിൽ 135 കിലോമീറ്റർ വരെ റേഞ്ച് നൽകാനും വാഹനത്തിനാവും. എന്നാൽ ഒറിജിനൽ റേഞ്ച് 120 കിലോമീറ്ററാണെന്നാണ് ബ്രാൻഡ് പറയുന്നത്.
ഇക്കോ റൈഡിംഗ് മോഡിലാണ് ബിഗൗസിന്റെ ഇലക്ട്രിക് സ്കൂട്ടറിന് ഈ റേഞ്ച് നൽകാനാവുക. മോഡ് മാറുന്നതിനനുസരിച്ച് റേഞ്ചിലും വ്യത്യാസമുണ്ടാവും. ഇക്കോയിൽ ഉയർന്ന വേഗത മണിക്കൂറിൽ 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. റൈഡിൽ വേഗത മണിക്കൂറിൽ 60 കിലോമീറ്ററായും സ്‌പോർട് മോഡിൽ വേഗത 75 കിലോമീറ്ററായി മാറുകയും ചെയ്യും. 1.35kW ഓഫ് ബോർഡ് ചാർജർ വഴി ഒരു മണിക്കൂർ 55 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ഫുൾ ചാർജാവാൻ പിന്നെയും 40 മിനിറ്റ് കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്. ഇനി വാഹനത്തിനൊപ്പം കിട്ടുന്ന സ്ലോ ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ 100 ശതമാനം ചാർജാവാൻ 3 മണിക്കൂർ 55 മിനിറ്റ് (840W) അല്ലെങ്കിൽ ആറ് മണിക്കൂർ 50 മിനിറ്റ് (500W) വരെ സമയം വേണ്ടിവരും. മെക്കാനിക്കലുകളിലേക്ക് നോക്കിയാൽ ട്യൂബുലാർ ഷാസിയിൽ നിർമിച്ചിരിക്കുന്ന ഇവിയുടെ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 4-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറിന് 16 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നതിനാൽ മുൻവശത്ത് 80/80 സെക്ഷൻ ടയറുകളും പിന്നിൽ 90/80 സെക്ഷൻ ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് രണ്ടറ്റത്തും 130 mm ഡ്രം ബ്രേക്കുകളാണ്. സുരക്ഷക്കായി കോമ്പി-ബ്രേക്കിംഗ് സിസ്റ്റവും കമ്പനി കൊടുത്തിട്ടുണ്ട്. ബിഗൗസ് RUV350 മോഡലിന് മൊത്തത്തിൽ 1,928 mm നീളവും 697 mm വീതിയും 1,20 0mm ഉയരവും 1,335 mm വീൽബേസും 160 mm ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

ഓടിക്കാൻ എങ്ങനെയുണ്ടെന്ന് അറിയാം: ഒരു സാധാരണ സ്കൂട്ടർ പോലെ തന്നെയാണ് ബിഗൗസ് RUV350 ഓടിക്കുമ്പോൾ കിട്ടുന്ന ഫീൽ. തുടക്കത്തിൽ ഗംഭീര പവറൊന്നും കിട്ടില്ലെങ്കിലും പതിയെ പതിയെ പെർഫോമൻസ് കയറി വരുന്ന ഫീലുകിട്ടുന്നുണ്ട്. റൈഡിംഗ് മോഡുകളിൽ പെർഫോമൻസ് മാറുന്നതും വേഗത്തിലറിയാൻ പറ്റും. കൂടുതൽ റേഞ്ച് വേണമെന്നുള്ളവർ ഇക്കോയും വേഗത വേണ്ടവർ സ്പോർട്ടും തെരഞ്ഞെടുക്കുന്നതാവും ഉചിതം.
എല്ലാത്തരത്തിലുള്ള റേഡുകളും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ വാഹനത്തെ ഒരുക്കിയിരിക്കുന്നതിനാൽ കുണ്ടും കുഴിയുമെല്ലാം ചാടുന്നത് ഒരു പ്രശ്‌നമേ ആയിരിക്കില്ല. പില്യൺ റൈഡ് അത്ര കംഫർട്ടബിൾ ആയിരിക്കില്ലെന്നും റിവ്യൂവിന്റെ സമയത്ത് തോന്നിയിട്ടുണ്ട്. എങ്കിലും ദൈനംദിന യാത്രകൾക്കെല്ലാം എല്ലാത്തരം ആളുകൾക്കും വാഹനം അനുയോജ്യമായിരിക്കും. ബ്രേക്കിംഗും സസ്പെൻഷനും മികച്ച രീതിയിൽ തന്നെയാണ് പ്രതികരിക്കുന്നത്.


Click it and Unblock the Notifications








