ഇതുപോലെ വേറൊന്നില്ല! ആരും വാങ്ങാൻ മോഹിക്കുന്ന ഇലക്‌ട്രിക് സ്കൂട്ടറുമായി ബിഎംഡബ്ല്യു, റിവ്യൂ വായിക്കാം
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ലോകത്തേക്ക് ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവും കടന്നുവരികയാണ്. അടുത്തിടെ രാജ്യത്തെ ഏറ്റവും വിലകൂടിയ ഇ-സ്‌കൂട്ടർ CE 04 പുറത്തിറക്കിയാണ് ബവേറിയൻ ബ്രാൻഡ് കടന്നുവന്നത് എങ്കിലും ഡിസൈനും പെർഫോമൻസും കാരണം ഇത് വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 14.99 ലക്ഷം രൂപയായിരുന്നു ഇവിയുടെ എക്‌സ്ഷോറൂം വിലയെന്ന് കേട്ടാൽ പലരുടേയും കണ്ണുതള്ളിയേക്കാം. പക്ഷേ വൈവിധ്യമാർന്ന ഇവികൾ തിരയുന്നവർക്കായുള്ള ഉത്തരമാണിത്.
ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ CE 02 കുഞ്ഞനേയും ഇന്ത്യയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. CE 04 ഇവിക്ക് ശേഷം ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ശരിക്കും സിറ്റികളിൽ ഉപയോഗിക്കാൻ പറ്റിയ വണ്ടിയാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. പക്ഷേ ഇത്രയും ഉയർന്ന തുക കൊടുത്ത് വാങ്ങുന്ന വാഹനം എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അത്തരക്കാർക്കായി ഇതാ ബിഎംഡബ്ല്യു CE 02 ഇവിയുടെ റിവ്യൂ വിശേഷങ്ങളിലേക്ക് കടന്നാലോ?

ഡിസൈനും ഫീച്ചറുകളും: ലുക്കിൽ CE 04 ഇലക്ട്രിക് സ്കൂട്ടറിന്റെ അതേ ശൈലിയാണ് കുഞ്ഞൻ CE 02 ഇവിയും പന്തുടർന്നിരിക്കുന്നത്. അഡ്വഞ്ചർ ബൈക്കിന്റെയും മങ്കി ബൈക്കിന്റെയും സമ്മിശ്രമായ ഡിസൈൻ നന്നായി വർക്കായിട്ടുണ്ടെന്ന് പറയാം. ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് ബിഎംഡബ്ല്യുവിന്റെ ഈ പുതിയ ഇവി പണികഴിപ്പിച്ചിരിക്കുന്നതും. വളരെ കുറച്ച് ബോഡി പാനലുകൾ, ഫ്ലാറ്റ് സീറ്റ്, ചങ്കി എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്കും മിനിമലിസ്റ്റിക്കുമായ ഡിസൈൻ ഭാഷ്യം ആരേയും ആകർഷിച്ചേക്കും.
ഗോൾഡൻ ഫിനിഷുള്ള അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും ഇലക്ട്രിക് വാഹനത്തിന്റെ ആഡംബരത്തം വർധിപ്പിക്കുന്നുണ്ട്. ഒരു സാങ്കൽപ്പിക ഫ്യുവൽ ടാങ്കിന് വഴിയൊരുക്കുന്നതുപോലെയുള്ള സംഗതിയും ഉഷാറായിട്ടുണ്ട്. മുൻവശത്തെ സീറ്റിന് താഴെയാണ് ബാറ്ററി പായ്ക്ക് കൊടുത്തിരിക്കുന്നത്. പിന്നിൽ റിയർ സസ്‌പെൻഷനുള്ള ആംഗിൾഡ് മോണോഷോക്ക് സജ്ജീകരണവും മനോഹരമായി ഡിസൈനോട് ഇഴുകിച്ചേരുന്നുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ബിഎംഡബ്ല്യു CE 02 ഇവിയിൽ 3.5 ഇഞ്ച് മൈക്രോ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ആദ്യം എടുത്തു പറയേണ്ട കാര്യം. സ്പീഡ്, റേഞ്ച്, റൈഡ് മോഡ് തുടങ്ങിയ ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. ഇവയെല്ലാം ടോഗിൾ ചെയ്യാനും മറ്റുമായി വലതുവശത്തുള്ള സ്വിച്ച് ഗിയറാണ് ഉപയോഗിക്കേണ്ടത്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി കൂടിയാവുമ്പോൾ ഇവി മൊത്തത്തിൽ പ്രായോഗികമാവുന്നുമുണ്ട്.
വലിപ്പവും മെക്കാനിക്കലുകളും: മൊത്തത്തിൽ 1,970 മില്ലീമീറ്റർ നീളവും 876 മില്ലീമീറ്റർ വീതിയും 1,140 മില്ലീമീറ്റർ ഉയരവും 1,350 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതകളിൽ ഒന്ന്. ഓൾ-ഇലക്‌ട്രിക് CE 02 ഇവിക്ക് 132 കിലോഗ്രാം ഭാരമാണുള്ളത്. ട്യൂബുലാർ സ്റ്റീൽ ഡബിൾ-ലൂപ്പ് ഫ്രെയിമിലാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

സസ്പെൻഷനായി മുന്നിൽ അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് ഉപയോഗിക്കുന്നത്. സിംഗിൾ സൈഡഡായുള്ള കാസ്റ്റ് അലുമിനിയം സ്വിംഗാർം മോശം റോഡുകളെ പോലും അനായാസം കൈകാര്യം ചെയ്യുന്നുണ്ട്. മുൻവശത്ത് 117 മില്ലീമീറ്റർ വീൽ ട്രാവലും പിന്നിൽ 56 മില്ലീമീറ്റർ വീൽ ട്രാവലുമുള്ളതിനാൽ കുണ്ടും കുഴിയുമൊന്നും തലവേദനയാവുകയേയില്ല.
ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ട് വശത്തും ഡിസ്ക്ക് യൂണിറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. സിംഗിൾ സൈഡഡ് എബിഎസാണ് അധിക സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്. ഡൈ-കാസ്റ്റ് അലുമിനിയം ഉപയോഗിച്ച് നിർമിച്ച 14 ഇഞ്ച് വീലുകളിൽ CE 02 ഇവിയിലുള്ളത്. മിഷെലിൻ സിറ്റി ഗ്രിപ്പ് ടയറുകളിലാണ് വാഹനം വരുന്നത്. മുൻ ടയർ 120/80 R14 സെക്ഷനും പിന്നിൽ വിശാലമായ 150/70 R14 സെക്ഷനുമാണ് സൈസ് വരുന്നത്.

ബാറ്ററി: 3.92kWh എയർ-കൂൾഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് സ്കൂട്ടറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5,000 ആർപിഎമ്മിൽ 14.75 bhp പവറും 1,000 ആർപിഎമ്മിൽ 55 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മിഡ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. 0-50 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്ക് വെറും മൂന്ന് സെക്കൻഡ് മതിയാവും. അതേസമയം 95 കിലോമീറ്ററാണ് പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്.
പുതിയ ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് സ്കൂട്ടറിൽ മൂന്ന് റൈഡിംഗ് മോഡുകളാണുള്ളത്. ഫ്ലോ, സർഫ് എന്നിവ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ ഫ്ലാഷ് ഹൈലൈൻ പാക്കേജിനൊപ്പം മാത്രമാണ് ലഭിക്കുക. ഇലക്ട്രിക് മോട്ടോറിൻ്റെ പവർ പരിമിതപ്പെടുത്തുന്ന ഒരു പവർ-സേവിംഗ് മോഡുമുണ്ട്. വാഹനത്തിനൊപ്പം ഒരു സാധാരണ 0.9kW എസി ചാർജറാണ് വരുന്നത്. ഇത് 2 മണിക്കൂർ 48 മിനിറ്റിനുള്ളിൽ ബാറ്ററി 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്.

അതേസമയം 0-100 ചാർജാവാൻ 5 മണിക്കൂറും 12 മിനിറ്റും സമയം എടുക്കും. ബിഎംഡബ്ല്യു CE 02 മോഡലിനിന്റെ ഹൈലൈൻ പാക്കേജിന് വേഗതയേറിയ 1.5kW ചാർജർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വെറും 1 മണിക്കൂർ 42 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. ഫുൾ ചാർജാവാൻ മൂന്നര മണിക്കൂർ സമയമാണ് നേണ്ടി വരുന്നതെന്നും കമ്പനി പറയുന്നു.
റൈഡിംഗ് ഇംപ്രഷൻ: ഒറ്റ വാക്കിൽ പറഞ്ഞാൽ ബിഎംഡബ്ല്യുവിന്റെ ഈ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ അടിപൊളിയാണ്. പ്രത്യേകിച്ച് ഫ്ലാഷ് മോഡിൽ ഓടിച്ചാൽ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നും. മോട്ടോറിൽ നിന്നുള്ള തൽക്ഷണ ടോർക്ക് ഡെലിവറി ഗംഭീരമാണെന്ന് പറയാതെ വയ്യ. റേഞ്ച് സേവിംഗിനായി റീജൻ മോഡും കമ്പനി കൊടുത്തിട്ടുണ്ട്. നമ്മുടെ റോഡുകളെ അലട്ടുന്ന ഗതാഗതക്കുരുക്കിന് ഏറ്റവും അനുയോജ്യമായ ഫ്ലോ റൈഡിംഗ് മോഡും ഇവിയുടെ ഉപയോഗക്ഷമത വർധിപ്പിക്കും.

നേരായ റൈഡിംഗ് പൊസിഷനും മികച്ച പാഡോടുകൂടിയ സീറ്റും സുഖകരമായ യാത്ര തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. പില്യൺ റൈഡറുടെ കാര്യത്തിലേക്ക് വന്നാൽ കാര്യമായ സുഖസൌകര്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സസ്‌പെൻഷൻ സജ്ജീകരണം മോശമല്ലാത്ത രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഉയർന്ന വേഗതയിലും CE 02 മികച്ച സ്ഥിരതയാണ് നൽകുന്നത്. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന പണത്തിനുള്ള മൂല്യം നൽകുന്നുണ്ട് ബിഎംഡബ്ല്യുന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടർ.


Click it and Unblock the Notifications








