പകരം വെക്കാനാളില്ല! കാത്തിരുന്ന ബിഎംഡബ്ല്യുവിന്റെ ബേബി അഡ്വഞ്ചർ ബൈക്ക്, F 450 GS റിവ്യൂ വിശേഷങ്ങൾ
അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡും ഹീറോ മോട്ടോകോർപ്പും ടിവിഎസും കെടിഎമ്മുമെല്ലാം അരങ്ങ് തകർക്കുമ്പോൾ ഇവരുടെയെല്ലാം ഉറക്കം കെടുത്തുവാനായി ബേറിയൻ ടൂവീലർ നിർമാതാക്കളായ ബിഎംഡബ്ല്യു പുതുപുത്തനൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരുന്ന F 450 GS എഡിവിയെ അടിപൊളി വിലയ്ക്കാണ് ബിഎംഡബ്ല്യു ഇക്കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചത്. 2025 EICMA മോട്ടോർ ഷോയിലൂടെ വെളിപ്പെടുത്തിയ ബൈക്ക് മുമ്പുണ്ടായിരുന്ന G 310 GS മോഡലിന്റെ പിൻഗാമിയായി നാടുവാഴാനായാണ് എത്തിയിരിക്കുന്നത്. ടിവിഎസുമായി സഹകരിച്ച് പുറത്തിറക്കിയിരിക്കുന്ന മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
ബേസിക്, എക്‌സ്‌ക്ല്യൂസീവ്, ജിഎസ് ട്രോഫി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ബിഎംഡബ്ല്യു F 450 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് യഥാക്രമം 4.70 ലക്ഷം, 4.90 ലക്ഷം, 5.30 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വിലയിൽ പലരും ഫ്ലാറ്റായിട്ടുണ്ടെങ്കിലും പ്രീമിയം അഡ്വഞ്ചർ ടൂറർ മൊത്തത്തിൽ എങ്ങനെയുണ്ടെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അവർക്കായിതാ മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

ഡിസൈനും ഫീച്ചറുകളും
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പരിചിതമായ ജിഎസ് സീരീസിലെ ഡിസൈൻ ഭാഷ്യം തന്നെയാണ് കമ്പനി ഏറ്റവും പുതിയ F 450 GS പതിപ്പിലും അവതരിപ്പിച്ചിരിക്കുന്നത്. മുന്നിൽ, 'X' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുമാണ് ആദ്യം കണ്ണിലുടക്കുക. അതേസമയം സിഗ്നേച്ചർ സ്റ്റൈലിലുള്ള ബീക്കും ബോഡി പാനലുകളും ഓഫ്-റോഡറിന്റെ പരുക്കൻ സ്വഭാവത്തേയും എടുത്തുകാണിക്കുന്നുണ്ട്.
ബേസ്, എക്സ്ക്ലൂസീവ്, ജിഎസ് ട്രോഫി എന്നീ മൂന്ന് വകഭേദങ്ങൾക്കും സൂക്ഷ്മമായ ദൃശ്യ വ്യത്യാസങ്ങളുണ്ട്. ബേസും എക്സ്ക്ലൂസീവ് കോസ്മിക് ബ്ലാക്ക് നിറത്തിൽ വരുമ്പോൾ ജിഎസ് ട്രോഫിക്ക് ബിഎംഡബ്ല്യുവിന്റെ റെഡ്, വൈറ്റ്, ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും മൂന്ന് വകഭേദങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി കണക്റ്റിവിറ്റി, ഹീറ്റഡ് ഗ്രിപ്പുകൾ, അഡ്ജസ്റ്റബിൾ ക്ലച്ച്, ബ്രേക്ക് ലിവറുകൾ പോലുള്ള ഫീച്ചറുകൾ ലഭിക്കും.

കൂടാതെ ഓൾ-എൽഇഡി ലൈറ്റിംഗ്, ഹൈറ്റ് അഡ്ജസ്റ്റബിൾ റിയർ ബ്രേക്ക് ലിവർ, എബിഎസ് പ്രോ, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ, 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും മൂന്നിലും സ്റ്റാൻഡേർഡായി ലഭിക്കുന്ന കാര്യങ്ങളാണ്. ട്രോഫി വേരിയന്റിൽ ബിഎംഡബ്ല്യുവിന്റെ ഈസി റൈഡ് ക്ലച്ച് ഫീച്ചർ അധികമായി ലഭിക്കും. ബേസിലേക്കും എക്സ്ക്ലൂസീവിലും വേണ്ടവർക്ക് റീട്രോഫിറ്റ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. എന്നാൽ ഇതിനായി അധികം പണം നൽകേണ്ടി വരുമെന്ന് മാത്രം.
രണ്ടാമത്തെ വേരിയന്റിൽ അധികമായി ഓഫ്-റോഡ് ഫുട് പെഗുകൾ, ഹാൻഡ് ഗാർഡുകൾ, എഞ്ചിൻ ഗാർഡ്, റൈഡിംഗ് മോഡ്സ് പ്രോ, ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ക്ലിയർ വിൻഡ്ഷീൽഡ് എന്നിവയാണ് അഡ്വഞ്ചർ ടൂറർ ബൈക്കിന്റെ എക്സ്ക്ലൂസീവിൽ അധികമായി ലഭിക്കുക. ബിഎംഡബ്ല്യു F 450 GS ട്രോഫിയിൽ ഓഫ്-റോഡ് ഫുട് പെഗുകൾ, വൈറ്റ് ഹാൻഡ് ഗാർഡുകൾ, റൈഡിംഗ് മോഡ്സ് പ്രോ, ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ടിന്റഡ് റാലി വിൻഡ്ഷീൽഡ്, സ്പോർട്ട് സസ്പെൻഷൻ, അലുമിനിയം എഞ്ചിൻ ഗാർഡ്, ഈസി റൈഡ് ക്ലച്ച് എന്നീ ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

എഞ്ചിനും പെർഫോമൻസും
ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് പുതുതായി വികസിപ്പിച്ചെടുത്ത 420 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബിഎംഡബ്ല്യു F 450 GS മോഡലിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ പുതിയ എഞ്ചിൻ 8,750 ആർപിഎമ്മിൽ 48 bhp പവറും 6,750 ആർപിഎമ്മിൽ പരമാവധി 43 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിനിൽ 135-ഡിഗ്രി ക്രാങ്ക്ഷാഫ്റ്റ് ഓഫ്‌സെറ്റ് ഉണ്ടെന്നും ബവേറിയൻ ബ്രാൻഡ് പറയുന്നു.
ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ലഭിക്കുന്നത് റൈഡിംഗ് എളുപ്പമാക്കുന്ന കാര്യമാണ്. കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേയും മോഡലിലുണ്ട്. ബേസിക് വേരിയന്റിൽ റെയിൻ, റോഡ്, എൻഡ്യൂറോ എന്നീ മൂന്ന് റൈഡ് മോഡുകൾ ലഭിക്കുമ്പോൾ മറ്റ് ട്രിമ്മുകളിൽ എൻഡ്യൂറോ പ്രോ മോഡും ലഭിക്കും.

ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിന് ചുറ്റുമാണ് ബിഎംഡബ്ല്യു തങ്ങളുടെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്. സസ്പെൻഷനായി പ്രീലോഡും റീബൗണ്ട് ക്രമീകരണവും ഉള്ള കെവൈബി അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. ട്രോഫിക്ക് സ്റ്റാൻഡേർഡായി സ്‌പോർട്-ട്യൂൺഡ് സസ്പെൻഷനും ലഭിക്കുന്നതായിരിക്കും.
ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടും സ്റ്റാൻഡേർഡയി ലഭിക്കും. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീലുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ, 845 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 1,465 മില്ലീമീറ്റർ വീൽബേസ്, 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 178 കിലോഗ്രാം ഭാരം എന്നിവയാണ് ബിഎംഡബ്ല്യു F 450 GS അഡ്വഞ്ചർ ടൂററിലെ മറ്റ് ഹൈലൈറ്റുകൾ.

ഓടിക്കാൻ എങ്ങനെയുണ്ട്
വണ്ടി സ്റ്റാൻഡിൽ നിന്നും എടുത്ത് കയറിയിരിക്കുമ്പോഴേ മനസിലാവും എത്രത്തോളം ലൈറ്റ് വെയ്‌റ്റായാണ് ബിഎംഡബ്ല്യു F 450 GS പണികഴിപ്പിച്ചിരിക്കുന്നതെന്ന്. 178 കിലോഗ്രാം ഭാരം ഉണ്ടെങ്കിലും അത് പ്രകടമാവാത്ത വിധത്തിലാണ് വണ്ടി നിർമിച്ചിരിക്കുന്നത്. വീതിയേറിയ ഹാൻഡിൽബാറുകൾ, ന്യൂട്രൽ ഫുട്പെഗ് പൊസിഷൻ, കമാൻഡിംഗ് സീറ്റ് ഹൈറ്റ് എന്നിവ ഏതൊരാളേയും വിസ്മയിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
എഞ്ചിന്റെ സൈഡും അടിപൊളിയാണ്. ചെറിയ ആർപിഎമ്മിൽ പോലും വൈബ്രേഷനില്ലാത്ത സുഗമമായ റൈഡാണ് F 450 GS സമ്മാനിക്കുന്നത്. എഞ്ചിൻ 7,500 ആർപിഎമ്മിലേക്ക് എത്തുമ്പോൾ ഒരു പ്രത്യേക ഫീലാണ് ലഭിക്കുക. ഈസി റൈഡ് ക്ലച്ച് കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്. മുന്നിൽ ലോംഗ് ട്രാവൽ USD ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും ഉള്ളതിനാൽ സസ്‌പെൻഷന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങളൊന്നുമില്ല.
എങ്കിലും കൂടുതൽ മികച്ചതാക്കാമായിരുന്നുവെന്ന് തോന്നിപ്പോയ വശങ്ങളുമുണ്ട് കേട്ടോ. അതായത് സ്ലോ ട്രാഫിക്കിൽ എഞ്ചിൻ ഹീറ്റ് ഗണ്യമായി ഉയരുന്നത് പലർക്കും പ്രശ്നമായി തോന്നിയേക്കാവുന്ന കാര്യമാണ്. കൂടാതെ ടൂറിംഗ് മോട്ടോർസൈക്കിളായതിനാൽ തന്നെ ക്രൂയിസ് കൺട്രോളിന്റെ അഭാവവും പോരായ്മയാണ്. കാറ്റിന്റെ സംരക്ഷണം കുറച്ചുകൂടി മികച്ചതാക്കുന്ന വിൻഡ്ഷീൽഡും നൽകാമായിരുന്നു. എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ കൊടുക്കുന്ന പൈസ പോവൂല്ലെന്ന് തറപ്പിച്ച് പറയാം.


Click it and Unblock the Notifications