ഹീറോയുടെ വീരൻ, പുതിയ 160 സിസി മാക്‌സി സ്‌കൂട്ടർ ഒരു പൊളി പൊളിക്കും! റിവ്യൂ വിശേഷങ്ങൾ വായിച്ചാലോ
നമ്മുടെ രാജ്യത്ത് ഏതുതരം സ്‌കൂട്ടറുകളും വാങ്ങാൻ ആളുകളുണ്ടെന്ന സ്ഥിതിയാണ് ഇപ്പോൾ. ഒന്ന് ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ സ്‌കൂട്ടറുകളില്ലാതെ മുമ്പോട്ട് ജീവിക്കാൻ വലിയ പാടായിരിക്കുമെന്ന് പലരും പറയുന്നത് എത്രത്തോളം ശരിയാണെന്ന് അനുഭവിച്ചവർക്ക് മനസിലാവും. ബൈക്കുകളേക്കാൾ പ്രായോഗികമായ ഗിയർലെസ് സ്‌കൂട്ടറുകൾ നമ്മുടെ നിത്യജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. മാക്‌സി സ്റ്റൈൽ പോലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ ആളുകളും അന്വേഷിക്കുന്നത്. ചെറിയ യാത്രകൾക്ക് മാത്രമല്ല, അൽപം ദീർഘദൂര യാത്രകൾക്കും ഉതകുന്ന തരത്തിലുള്ള സ്‌കൂട്ടറുകളൊന്നും ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിട്ടില്ല.
യമഹ ഏറോക്സ് പോലുള്ള ചില വണ്ടികളുണ്ടെങ്കിലും ഇത് അത്രകണ്ട് ഹിറ്റായിട്ടില്ലെന്ന് പറയുന്നതാവും ശരി. എന്നാൽ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഹീറോ മോട്ടോകോർപ് സൂം 160 എന്നൊരു അഡ്വഞ്ചർ സ്‌രൂട്ടറിനെ അടുത്തിടെ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. ഈ വർഷം ആദ്യം 1.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയ ഗിയർലെസ് പ്രീമിയം സ്‌കൂട്ടറിനെ കാത്തിരിക്കുകയായിരുന്നു പലരും. ഇനി അധികം കാത്തിരുത്തി മുഷിപ്പിക്കാതെ വണ്ടി ആളുകളുടെ കൈയിൽ എത്തിക്കാനാണ് കമ്പനിയുടെ പ്ലാൻ.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി രൂപകൽപ്പന ചെയ്ത 160 സിസി എഞ്ചിനും, ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ ഫീച്ചറുകളും ഈ സ്കൂട്ടറിന്റെ പ്രധാന ആകർഷണമാണ്. സിറ്റി യാത്രകൾക്കും, ടൂറിംഗിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. അൽപം ഓഫ്-റോഡിംഗിനും ഈ അഡ്വഞ്ചർ സ്‌കൂട്ടർ ഉപയോഗിക്കാമെന്നാണ് ഹീറോ പറയുന്നത്. മോഡൽ മൊത്തത്തിൽ എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവില്ല, അവർക്കായി സൂം 160-യുടെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.
ഡിസൈനും സ്റ്റൈലും: ഹീറോ മോട്ടോകോർപിന്റെ സൂം 160 മാക്‌സി സ്‌കൂട്ടറിന്റെ സ്റ്റൈലിംഗ് വളരെ ആകർഷകവും പ്രവർത്തനക്ഷമവുമാണെന്ന് പറയുന്നതാവും ശരി. ഉയരം കൂടിയ വിൻഡ്‌സ്‌ക്രീൻ, വീതിയുള്ള ഹാൻഡിൽ ബാർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് സ്കൂട്ടറിന് നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ആകർഷകമായ മുൻവശം, സാഹസികതയ്ക്ക് ഊന്നൽ നൽകുന്ന മസ്ക്കുലാർ സ്റ്റാൻസ് എന്നിവയും കൂടിയാവുമ്പോൾ ആശാൻ കളറാവുന്നുണ്ട്.

പിന്നിലിരിക്കുന്നവർക്ക് പോലും സുഖകരമായ രീതിയിൽ യാത്ര ചെയ്യാനായി വലിയ സീറ്റുകളാണ് സൂം 160 സിസിയിൽ ഒരുക്കിയിരിക്കുന്നത്. ഇരുവശങ്ങളിലുമുള്ള പാനലുകൾ മികച്ച രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. കൂടാതെ കാൽവെക്കാനുള്ള സ്ഥലവും ആവശ്യത്തിന് നൽകിയിട്ടുണ്ടെന്നതിനാൽ മടുപ്പൊന്നും ഉണ്ടാവില്ല. ഇത് ദീർഘദൂര യാത്രകൾക്ക് വളരെ അധികം ഉപകാരപ്രദമാണ്. സാധാരണ സിറ്റി സ്കൂട്ടറുകളെക്കാൾ വലുപ്പമുള്ളതിനാൽ റോഡിലിറങ്ങിയാൽ പത്ത് പേര് നോക്കുമെന്നതിലും തർക്കമൊന്നും വേണ്ട.
സ്പീഡ്, ഫ്യുവൽ ഗേജ്, യാത്രാ വിവരങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന കാര്യങ്ങളും പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹീറോ സൂം 160 മാക്‌സി സ്കൂട്ടറിന് മാറ്റേകുന്നുണ്ട്. കീലെസ് ഇഗ്നിഷൻ, റിമോട്ട് സീറ്റ് ഓപ്പണിംഗ്, എൽഇഡി ലൈറ്റുകൾ, സ്‌മാർട്ട് ഫൈൻഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ സ്പോർട്ടുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയാണ് മോഡലിലെ പ്രധാന പ്രത്യേകത. ദിവസേനയുള്ള യാത്രകൾക്കും, ടൂറിംഗിനും വരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന എന്നതിനാൽ യുവാക്കളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.

എഞ്ചിനും പെർഫോമൻസും: സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സൂമിലെ 156 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിന് 14 bhp കരുത്തിൽ 13.7 Nm torque ഉത്പാദിപ്പിക്കാനാവും. നല്ല രീതിയിൽ ഓടിച്ചാൽ ലിറ്ററിന് 40 മുതൽ 45 കിലോമീറ്റർ വരെ മൈലേജും ലഭിക്കും. ദൈനംദിന യാത്രകൾക്കും, വീക്ക്എൻഡ് റൈഡുകൾക്കും അനുയോജ്യമായ രീതിയിൽ മികച്ച പെർഫോമൻസും, ഇന്ധനക്ഷമതയും നൽകുന്ന രീതിയിലാണ് ഈ എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.
ഫീച്ചറുകളും സേഫ്റ്റിയും: ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെ എല്ലാ ഭാഗത്തും എൽഇഡി ലൈറ്റിംഗും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, ടേൺ-ബൈ-ടേൺ നാവിഗേഷനും, കോൾ അലേർട്ടുകളും ഈ സ്കൂട്ടറിലുണ്ട്. കൂടാതെ താക്കോലില്ലാതെ സ്റ്റാർട്ട് ചെയ്യാനും സീറ്റ് തുറക്കാനും സാധിക്കുന്ന ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ ഫീച്ചറുകളിൽ ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ, CBS എന്നറിയപ്പെടുന്ന കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം, ട്യൂബ്‌ലെസ് ടയറുകൾ എന്നിവയും ഹീറോ മോട്ടോകോർപ്പിന്റെ പുത്തൻ മാക്‌സി അഡ്വഞ്ചർ സ്‌കൂട്ടർ എന്ന വിശേഷണമുള്ള സൂം 160-യിലുണ്ട്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ആയതിനാൽ മോശം റോഡുകളിൽ മികച്ച റൈഡിംഗ് അനുഭവം നൽകാൻ മോഡലിനാവും.
വേരിയന്റുകളും വിലയും: ഹീറോ സൂം 160 ഒരൊറ്റ വേരിയന്റിലാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ എക്സ്ഷോറൂം വില 1,44,999 രൂപയാണ്. വിപണിയിലെ ആവശ്യകത അനുസരിച്ച്, ഭാവിയിൽ കൂടുതൽ വേരിയന്റുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നതിനാൽ ആരും നിരാശരാവേണ്ടതില്ല. വില ആകർഷണീയമായതിനാൽ യൂത്തൻമാരെല്ലാം ചാടിവീഴുമെന്നാണ് അനുമാനം.
മത്സരം: ഹീറോ മോട്ടോകോർപ്പിന്റെ എല്ലാ ഡീലർഷിപ്പുകളിൽ സൂം 160 ലഭ്യമാണ്. അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. അപ്രീലിയ SR 160, യമഹ ഏറോക്‌സ് 155, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ. പ്രീമിയം സ്കൂട്ടർ സെഗ്മെന്റിൽ വേറിട്ട അനുഭവം നൽകാൻ സൂമിനാവുമെന്നത് വരും ദിവസങ്ങളിൽ കാണാനാവും.
ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച്, കരുത്തുറ്റ രൂപകൽപ്പനയും, പ്രായോഗികതയും, സാഹസിക യാത്രകൾക്ക് അനുയോജ്യമായ ഫീച്ചറുകളുമുള്ള ഒരു പുതിയ സ്കൂട്ടർ ഓപ്ഷനാണ് ഹീറോയുടെ അഡ്വഞ്ചർ സ്റ്റൈൽ മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ. പണ്ട് കൈനറ്റിക് ബ്ലേസുണ്ടാക്കിയ ഓളം സൂമിനും സൃഷ്ടിക്കാനാവുമെന്ന് കരുതാം. അങ്ങനെയെങ്കിൽ സ്കൂട്ടർ വിഭാഗത്തിൽ ഹീറോയ്ക്ക് പുതിയൊരു അഡ്രസാവും സൂം.


Click it and Unblock the Notifications








