കംപ്ലീറ്റ് പ്രാക്‌ടിക്കൽ! പെട്രോൾ സ്‌കൂട്ടറുകൾക്ക് വെല്ലുവിളിയായി ഓല S1 എയർ; റിവ്യൂ വായിക്കാം

ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കി മുന്നോട്ടു കുതിക്കുമ്പോൾ പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെല്ലാം പതിയെ കളമൊഴിയാൻ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗം ഇവികൾ പതിയെ കീഴടക്കി തുടങ്ങിയെന്നു പറയാം. പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ഭീഷണിയായി ഓലയും ഏഥറുമെല്ലാം നിൽക്കുമ്പോൾ പുതുതായി ഒരു ടൂവീലർ വാങ്ങാൻ ഉദ്ദേശിക്കുന്നവരെല്ലാം ഇലക്‌ട്രിക് തന്നെ മതിയെന്ന് പറയുകയാണ്.

2022 ഒക്ടോബറില്‍ അവതരിപ്പിച്ച ഓല S1 എയറിനെ വിപണിയിൽ കൊണ്ടുവന്നതും പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായാണ്. കഴിഞ്ഞ ദിവസം പർച്ചേസ് വിൻഡോ ആരംഭിച്ചതിനിടയിൽ വാഹനം വാങ്ങാൻ ഇരച്ചെത്തിയത് അരലക്ഷത്തോളം പേരാണെന്നും കമ്പനി ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്‌തു. S1 സീരീസ് ഇലക്ട്രിക് സ്കൂട്ടറുകളുമായി ഓല രാജ്യത്ത് വലിയ കൊടുങ്കാറ്റായി മാറുകയായിരുന്നു.

Ola S1 Air Electric Scooter

വിൽപ്പനയും സർവീസിംഗും ഡെലിവറിയുമെല്ലാം ഓൺലൈനായാണ് തുടങ്ങിയതെങ്കിലും ഇന്ന് എക്സ്പീരിയൻ സെന്ററുകളിലൂടെ വിൽപ്പന ഉയർത്താനും ബ്രാൻഡിനായി. എന്തായാലും പുതിയ എൻട്രി ലെവൽ S1 എയർ എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുന്നവരുടെ ആദ്യ പരിഗണനകളിൽ ഒന്നാവും ഇനി മുതൽ ഓല S1 എയർ. പുതിയ മോഡൽ എങ്ങനെയുണ്ടെന്നറിയാനും പ്രീമിയം വേരിയന്റായ S1 പ്രോയുമായി ഇതെങ്ങനെ വേറിട്ടുനിൽക്കുന്നു, മാറ്റങ്ങൾ എന്തൊക്കെയെന്നും അറിയാനായി തുടർന്ന് വായിക്കാം.

മാറ്റങ്ങൾ എന്തൊക്കെ: ഒറ്റനോട്ടത്തിൽ S1 എയർ ഓലയുടെ മറ്റ് സ്‌കൂട്ടറുകളുമായി ഏതാണ്ട് സമാനമാണ്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും ചെറിയ പരിഷ്ക്കാരങ്ങളും കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാനുള്ള കൊച്ചുകൊച്ചു മാറ്റങ്ങളും മാത്രമാണ് രൂപത്തിൽ കാണാനാവുന്നത്. ഡിസൈൻ അനുസരിച്ച് മാറ്റങ്ങളിൽ ഡ്യുവൽ-ടോൺ ബോഡി, കൂടുതൽ പ്രായോഗികമായ ഫ്ലാറ്റ് ഫ്ലോർ, പരമ്പരാഗത ഗ്രാബ് ഹാൻഡിലുകൾ എന്നിവയെല്ലാമാണ് S1 പ്രോയിൽ നിന്നും എയറിനെ വ്യത്യസ്‌തമാക്കുന്നത്.

Ola S1 Air Electric Scooter

ഓലയുടെ മറ്റ് സ്‌കൂട്ടറുകൾക്ക് നൽകിയ പത്തോ അതിലധികമോ നിറങ്ങൾക്ക് പകരം കോറൽ ഗ്ലാം, പോർസലൈൻ വൈറ്റ്, സ്റ്റെല്ലാർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, ലിക്വിഡ് സിൽവർ, നിയോൺ എന്നിങ്ങനെ ആറ് നിറങ്ങൾ മാത്രമാണ് S1 എയറിന് ലഭിക്കുന്നത്. ഏറ്റവും പുതിയ ഇ-സ്‌കൂട്ടറിൽ പുതിയ പ്ലാറ്റ്‌ഫോമാണ് ഓല ഉപയോഗിച്ചിരിക്കുന്നത് എന്നതിനാലാണ് ഫ്ലാറ്റ് ഫ്ലോർ കൊണ്ടുവരാൻ സഹായകരമായത്. S1 എയറിനെ അതിന്റെ മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം ഫ്രണ്ട് ഫോർക്കിന്റെ വരവാണ്.

ഇതുകൂടാതെ പവർട്രെയിനും പുതിയതാണെന്നും ഓല പറയുന്നു. ഹബ് യൂണിറ്റിനായി മിഡ്-മൗണ്ടഡ് മോട്ടോർ സജ്ജീകരണം ഒഴിവാക്കിയാണ് S1 എയർ പണികഴിപ്പിച്ചിരിക്കുന്നത്. ഈ ഹബ് മൗണ്ടഡ് മോട്ടോർ സാധാരണ സാഹചര്യങ്ങളിൽ 3.62 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം പരമാവധി ഈ മോട്ടോറിന് 6 bhp കരുത്തിൽ 150 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. 0-40 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിൽ കൈവരിക്കുമ്പോൾ ടോപ്പ് സ്പീഡായി നിശ്ചയിച്ചിരിക്കുന്നത് മണിക്കൂറിൽ 90 കിലോമീറ്ററാണ്.

Ola S1 Air Electric Scooter

S1 എയറിന്റെ ഹബ് മോട്ടോർ 2.98 kWh ചാർജ് വാഗ്ദാനം ചെയ്യുന്ന ഒരു NMC ലിഥിയം-അയൺ ബാറ്ററിയിൽ നിന്നാണ് പവർ എടുക്കുന്നത്. ARAI കണക്കുകൾ പ്രകാരം പൂർണ ചാർജിൽ S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 125 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ വ്യത്യസ്‌ത റൈഡിംഗ് മോഡുകളും വാഹനത്തിലുണ്ട്. ഇക്കോ മോഡിൽ S1 എയർ അവകാശപ്പെടുന്ന 125 കിലോമീറ്റർ റേഞ്ച് തന്നെ ലഭിക്കും.

അതേസമയം നോർമൽ മോഡിൽ 100 കിലോമീറ്ററിലേക്കും സ്‌പോർട്‌സ് മോഡിൽ 87 കിലോമീറ്ററിലേക്കും റേഞ്ച് താഴുകയും ചെയ്യും. ഓല ഇലക്‌ട്രിക്സിന്റെ മറ്റ് ഉൽപ്പന്നങ്ങൾ പോലെ തന്നെയാണ് ഡിസൈനെങ്കിലും മുന്നിലും പിന്നിലും വളവുകളുള്ള റോബോട്ടിക് ലുക്ക് അതേപടി നിലനിർത്തിയിട്ടുണ്ട്. കൂടാതെ മിക്കവാറും എല്ലാ ഫംഗ്‌ഷനുകളും നിയന്ത്രിക്കുന്ന 7 ഇഞ്ച് ഡിസ്‌പ്ലേയും ഇവിയിലുള്ളത് കൈയടി അർഹിക്കുന്ന കാര്യമാണ്. ഇത് ഓലയുടെ മൂവ് ഓഎസ് 3.0 വേർഷനിലാണ് പ്രവർത്തിക്കുന്നതും.

Ola S1 Air Electric Scooter

ഓടിക്കാൻ എങ്ങനെ: S1 പ്രോയെ സിറ്റി റൈഡുകളിൽ രാജാവാക്കി മാറ്റിയ ഹൈപ്പർ മോഡ് നഷ്‌ടമായെങ്കിലും S1 എയറും കിടിലൻ പെർഫോമെൻസാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഒറ്റ വാക്കിൽ പറയാം. ഓല ഫ്യൂച്ചർ ഫാക്ടറിയിൽ ഞങ്ങൾക്ക് ലഭിച്ച പരിമിതമായ സമയത്തിനുള്ളിൽ S1 എയർ ടെസ്റ്റ് ചെയ്യാൻ കഴിഞ്ഞു. ബീറ്റ സോഫ്റ്റ്‌വെയർ സെറ്റ് ചെയ്തിരുന്ന പ്രീ പ്രൊഡക്ഷൻ പതിപ്പായിരുന്നതിനാൽ ഇ-സ്കൂട്ടറിൽ കുറച്ച് ബഗുകൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു.

ഒരു സ്‌കൂട്ടറിൽ ക്രൂയിസ് കൺട്രോളും സ്‌പോർട്‌സ് മോഡും പ്രവർത്തനരഹിതമായിരുന്നപ്പോൾ മറ്റൊരു യൂണിറ്റിൽ ഇക്കോ മോഡിലേക്ക് സ്വിച്ച് ചെയ്യാനും സാധിച്ചിരുന്നില്ല. അതിനാൽ രണ്ട് സ്കൂട്ടറുകളിലും ഞങ്ങൾക്ക് ലഭിച്ച സമയപരിധിക്കുള്ളിൽ S1 എയറിന്റെ അകവും പുറവും പൂർണമായി എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചു. ഇനി റൈഡ് മോഡുകളെക്കുറിച്ച് പറയുകയാണെങ്കിൽ ഇക്കോ അതിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചാർജ് സംരക്ഷിച്ചുകൊണ്ട് സ്പീഡ് എന്ന ഘടകം ഒഴിവാക്കുന്നു.

Ola S1 Air Electric Scooter

മതിയായ പവർ വാഗ്ദാനം ചെയ്യുന്ന മികച്ച അർബൻ ക്രൂസിംഗ് മോഡാണ് നോർമൽ. എന്നാൽ സ്പോർട്‌സ് മോഡ് യുവാക്കളെ ആകർഷിക്കാൻ പോന്ന തരത്തിലുള്ള പെർഫോമൻസാണ് നൽകുന്നത് എങ്കിലും ഈ മോഡൽ നിങ്ങൾക്ക് പരമാവധി 70 കിലോമീറ്റർ റേഞ്ച് മാത്രമാണ് ലഭിക്കുന്നത്. ഇനി ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ മാന്യമായ ബ്രേക്കിംഗ് സജ്ജീകരണമാണ് നിർമാതാക്കൾ ഓല S1 എയറിൽ വാഗ്‌ദാനം ചെയ്യുന്നത്.

കോമ്പി ബ്രേക്കിംഗ് സിസ്റ്റം (CBS) നന്നായി പ്രവർത്തിക്കുന്നതിനാൽ ബ്രേക്കിംഗ് ഭൂരിഭാഗവും മികച്ചതായിരുന്നു. എന്നിരുന്നാലും റിയർ ബ്രേക്ക് ചില സമയങ്ങളിൽ അല്പം ഷാർപ്പായി തോന്നിയിരുന്നു. ബ്രേക്കിംഗിന് ശേഷം ത്രോട്ടിൽ ഫുൾ കൊടുത്താലും S1 എയറിന്റെ ആക്‌സിലറേഷൻ റെസ്പോൺസ് അല്ലെങ്കിൽ പ്രതികരണം കുറച്ച് സമയത്തിന് ശേഷമായിരുന്നു. പുതിയ സസ്‌പെൻഷൻ സംവിധാനം അതിന്റെ മികവ് വെളിപ്പെടുത്തി എന്ന് തന്നെ പറയാം.

Ola S1 Air Electric Scooter

ഫ്യൂച്ചർ ഫാക്ടറിയിലെ ഞങ്ങൾക്ക് ലഭിച്ച ടെസ്റ്റ് ഏരിയയിൽ അപൂർണതകളും കുണ്ടും കുഴികളും വളരെ അനായാസമായി ഇ-സ്കൂട്ടർ തരണം ചെയ്തു. ആകെ മൊത്തം ഒരു ബാലൻസ്ഡ് പാക്കേജായി സെറ്റ് ചെയ്തിരിക്കുന്ന S1 എയറിന് ഒരു കൺവൻഷണൽ സീറ്റ് ഓല നൽകിയാൽ നന്നായിരുന്നു എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഓല ഇലക്‌ട്രിക്കിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന സ്‌കൂട്ടറാണ് S1 എയർ എന്നതിനാൽ തന്നെ ഇത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.

ഒരു 125 സിസി പെട്രോൾ സ്‌കൂട്ടർ വാങ്ങുന്ന പൈസയുണ്ടേൽ സ്വന്തമാക്കാനാവുന്ന ഇവി വിപണിയിൽ ഇതിനോടകം തന്നെ ചലനങ്ങളുണ്ടായിട്ടുണ്ട്. ജോലിക്ക് പോവാനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും പ്രായോഗികമാണെന്നതിലും തർക്കമൊന്നുമില്ല. S1 എയർ അതിന്റെ പുതിയ പ്ലാറ്റ്‌ഫോമിലെ ആദ്യത്തെ സ്‌കൂട്ടറാണ്. ഇത് ഓല ഇലക്ട്രിക്കിന്റെ ഭാവി മോഡലുകൾക്കും അടിസ്ഥാനമേകും.

More from DriveSpark

Article Published On: Wednesday, August 9, 2023, 12:00 [IST]
English summary
Ola s1 air electric scooter review design battery range riding impression
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X