ത്രസിപ്പിക്കും ഈ ത്രക്സ്റ്റൺ, ട്രയംഫിന്റെ പുത്തൻ 400 സിസി കഫേ റേസറിന്റെ റിവ്യൂ വിശേഷങ്ങൾ അറിയാം

പണ്ട് പണക്കാരുടെ മാത്രം ബ്രാൻഡായി അറിയപ്പെട്ടിരുന്നവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ സാധാരണക്കാരോട് അടുത്തിടപെട്ടുകൊണ്ടിരിക്കുന്ന കമ്പനിയാണിവർ. 400 സിസി പ്രീമിയം മോട്ടോർസൈക്കിളിലൂടെ രാജ്യത്ത് ഫാൻസുണ്ടാക്കിയെടുത്ത ട്രയംഫ് സ്പീഡ്, സ്ക്രാംബ്ലർ സീരീസ് എന്നിവയ്ക്ക് ശേഷം പുതിയൊരു കഫേ റേസറിനും അടുത്തിടെ രൂപംകൊടുത്തിരുന്നു. ത്രക്സ്റ്റൺ (Triumph Thruxton 400 Cafe Racer) എന്നുപേരിട്ടിരിക്കുന്ന മോഡൽ ഇതിനോടം തന്നെ പലരുടേയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ടെന്ന് വേണം പറയാൻ. അഡാറ് ലുക്കും കിടിലൻ പെർഫോമൻസും മാന്യമായി ലഭിക്കുന്നൊരു മെഷീനാണിത്.

ഇന്ത്യയിൽ 2.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ട്രയംഫ് ത്രക്സ്റ്റൺ 400 വിപണിയിൽ എത്തിയിരിക്കുന്നത്. ക്ലാസിക് ശൈലിയും 398 സിസി എഞ്ചിനും, ക്ലിപ്പ്-ഓൺ ബാറുകളും, ബാർ-എൻഡ് മിററുകളും ചേർന്ന പക്കാ മോഡേൺ കഫേ റേസറാണിത്. ഓൾഡ്സ്‌കൂൾ ലുക്കും ആധുനിക ഫീച്ചറുകളും ഒന്നിച്ച് വേണമെന്ന് ആഗ്രഹിക്കുന്ന റൈഡർമാരെ ആകർഷിക്കുന്നതിനായാണ് ത്രക്സ്റ്റൺ എത്തുന്നത്.

Triumph Thruxton 400 Cafe Racer Review

പുതിയ കഫേ റേസർ എങ്ങനെയുണ്ടെന്ന് അറിയാൻ ഏവർക്കും താത്പര്യമുണ്ടാവുമല്ലോ. ത്രക്സ്റ്റൺ 400-ൻ്റെ ടെസ്റ്റ് ഡ്രൈവ് നടത്താൻ ഞങ്ങൾക്ക് ഒരു അവസരം ലഭിക്കുകയുണ്ടായി. ഇതിൻ്റെ ഒതുക്കമുള്ള രൂപവും, സ്പോർട്ടി ഡിസൈനും, ഓൾഡ്സ്‌കൂൾ സ്റ്റൈലും ആരേയും മോഹിപ്പിക്കുന്ന ഒന്നാണ്. സ്പീഡ് 400 റോഡ്സ്റ്ററുമായി സാമ്യമുള്ളതാണെങ്കിലും കഫേ റേസർ ബോഡി ശൈലി, പുതിയ റിയർഎൻഡ്, വ്യത്യസ്തമായ റൈഡിംഗ് പൊസിഷൻ എന്നിവയാണ് ത്രക്സ്റ്റണിനെ വ്യത്യസ്തമാക്കുന്നത്.

ഡിസൈനും സ്റ്റൈലും: 1950-60 കാലഘട്ടത്തിലെ കഫേ റേസറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിൻ്റെ ഡിസൈൻ. അക്കാലത്ത്, കഫേ കേന്ദ്രീകരിച്ച് റേസിംഗ് നടത്തുന്നത് പതിവായിരുന്നു. അതിലൂടെ ലോവർ റൈഡിംഗ് സ്റ്റാൻസും, മിനിമലിസ്റ്റ് ബോഡി വർക്കും ഉൾപ്പെടെയുള്ള നിരവധി ബൈക്കുകളാണ് മത്സരത്തിനായി ഉപയോഗിച്ചിരുന്നത്. ട്രയംഫിൻ്റെ സിഗ്നേച്ചർ ഡിസൈനിംഗോടുകൂടിയ റൗണ്ട് ഹെഡ്‌ലാമ്പ്, 13 ലിറ്റർ ഫ്യൂവൽ ടാങ്ക്, ഊരിമാറ്റാവുന്ന റിയർ കൗളോടുകൂടിയ സിംഗിൾ സീറ്റ് എന്നിവയെല്ലാമാണ് ത്രക്സ്റ്റണിനെ ഡിസൈനിൽ വേറിട്ടുനിർത്തുന്നത്.

Triumph Thruxton 400 Cafe Racer Review

ഒപ്പം സ്പീഡിനേക്കാൾ ഒതുക്കമുള്ള ടെയിൽ സെക്ഷനും, കോംപാക്ട് ഫെൻഡറും, ടൈൽ-ലൈറ്റ് ലേഔട്ടും കൂടിയാവുമ്പോൾ റോഡ്സ്റ്റർ മോഡലിനേക്കാൾ കൂടുതൽ ഹോട്ട് ലുക്ക് കൈവരിക്കാനും ട്രയംഫ് ത്രക്സ്റ്റണിന് സാധിച്ചിട്ടുണ്ട്. സോളിഡ്, ഡ്യുവൽ-ടോൺ കർ ഓപ്ഷനും കൂടി അവതരിപ്പിച്ചപ്പോൾ സംഗതി വേറെ ലെവലായി എന്നുവേണം പറയാൻ. ഇതിൽ വ്യത്യസ്ത നിറങ്ങളിലുള്ള റിയർസ്ട്രൈപ്പുകളും, ടാങ്ക് ബാഡ്‌ജുകളും ഉണ്ട്. പെയിൻ്റിൻ്റെ ഗുണമേന്മയും എടുത്ത് പറയേണ്ട കാര്യമാണ്.

സിംഗിൾ-സീറ്റ് ലുക്കിനായി പിന്നിൽ സീറ്റ് കൗൾ നൽകിയിരിക്കുന്നതാണ് ഹൈലൈറ്റ്. ഇത് ആവശ്യമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. കഫേ റേസർ തീമിന് അനുയോജ്യമായ രീതിയിൽ പിൻഭാഗവും, ഫെൻഡറും, ടെയിൽ-ലൈറ്റും ട്രയംഫ് റീഡിസൈൻ ചെയ്തിട്ടുണ്ട്. സാധാരണ റോഡ്‌സ്റ്ററിൻ്റെ ബാറിനേക്കാൾ താഴ്ന്ന നിലയിലാണ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ ഘടിപ്പിച്ചിരിക്കുന്നത്. ബാർ-എൻഡ് മിററുകൾ ഉയർന്ന വേഗതയിൽ പോലും സ്ഥിരത നൽകുന്നുണ്ട്. മൊത്തത്തിൽ താഴ്ന്നതും, സ്പോർട്ടിയുമായ ഈ മോട്ടോർസൈക്കിൾ ദിവസേനയുള്ള ഉപയോഗത്തിന് തികച്ചും അനുയോജ്യമാണെന്ന് വേണം പറയാൻ.

Triumph Thruxton 400 Cafe Racer Review

എഞ്ചിനും പെർഫോമൻസും:പുതിയ ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസറിനും അതേ 398 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ TR-സീരീസ് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പവർ സ്പീഡ് 400 റോഡ്സ്റ്ററിനേക്കാൾ വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഇപ്പോൾ 41.4 bhp കരുത്തിൽ 37.5 Nm ടോർക്ക് വരെ നൽകാൻ എഞ്ചിനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.

ട്രയംഫ് പറയുന്നത് മണിക്കൂറിൽ പരമാവധി 161 കിലോമീറ്റർ വരെ വേഗത വരെ പുറത്തെടുക്കാൻ ത്രക്സ്റ്റണ് സാധിക്കുമെന്നാണ്. ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന ത്രോട്ടിൽ-ബൈ-വയർ മികച്ച റെസ്പോൺസാണ് നൽകുന്നത്. മുൻവശത്ത് അപ്‌സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ 10-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ മോണോഷോക്കും ചേർന്നതാണ് സസ്പെൻഷൻ.

Triumph Thruxton 400 Cafe Racer Review

സിറ്റി യാത്രകൾക്ക് സുഖകരവും, ഹൈവേയിൽ സ്ഥിരതയും നൽകുന്ന രീതിയിലാണ് ട്യൂണിംഗ് നടത്തിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകളും ലഭിക്കും. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. 183 കിലോഗ്രാം ഭാരമുള്ള മോട്ടോർസൈക്കിളിന് 158 mm ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

ഫീച്ചേഴ്‌സും സേഫ്റ്റിയും: അനലോഗ്, ഡിജിറ്റൽ സെറ്റപ്പിലുള്ള ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് 400 സിസി കഫേ റേസറിൽ ട്രയംഫ് ഉപയോഗിച്ചിരിക്കുന്നത്. സ്പീഡ്, ട്രിപ്പ് മീറ്ററുകൾ, ഫ്യുവൽ ഗേജ്, ഗിയർ പൊസിഷൻ, സർവീസ് ഇൻഡിക്കേറ്റർ എന്നിവ പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം ക്ലസ്റ്ററിലൂടെ അറിയാൻ കഴിയും. ഡ്യുവൽ-ചാനൽ എബിഎസ് ഇതിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോളും ബൈക്കിലുണ്ട്.

Triumph Thruxton 400 Cafe Racer Review

17 ഇഞ്ച് അലോയ് വീലുകളിൽ ഘടിപ്പിച്ച അപ്പോളോ ആൽഫ H1 ട്യൂബ്‌ലെസ് ടയറുകളാണ് ബൈക്കിനൊപ്പം വരുന്നത്. മികച്ച റോഡ് ഗ്രിപ്പും, എളുപ്പത്തിൽ മെയിന്റനെൻസ് ചെയ്യാനും ഇത് സഹായിക്കുന്നുമുണ്ട്. ട്രയംഫിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ നിരയിലെ ഒരു പുതിയ റെട്രോ ഫ്ലേവറായിട്ടാണ് ത്രക്സ്റ്റൺ 400 കഫേ റേസർ എത്തുന്നത്. മോട്ടോർസൈക്കിൾ ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയാണെങ്കിലും ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ബൈക്ക് പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

റൈഡിംഗ് എക്സ്പീരിയൻസ്: സ്പോർട്ടി മോട്ടോർസൈക്കിളായിരുന്നിട്ടും ട്രയംഫ് ത്രക്സ്റ്റൺ 400 അതിശയകരമാംവിധം പ്രായോഗികമാണ്. ലൈറ്റ് ക്ലച്ചും ഗംഭീര പവർ ടു വെയ്റ്റ് വിതരണവും കാരണം സിറ്റി യാത്രകൾ കിടിലമാക്കും. ഉയരമുള്ള ആളുകൾക്ക് പോലും ദീർഘദൂര യാത്രകളിൽ മടുപ്പ് തോന്നിപ്പിക്കാത്ത വിധം ബൈക്കിനെ ഒരുക്കാനും ബ്രിട്ടീഷ് ബ്രാൻഡിനായിട്ടുണ്ട്. ത്രക്സ്റ്റൺ ശരാശരി 27 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

13 ലിറ്റർ ഫ്യുവൽ ടാങ്കുള്ളതിനാൽ റൈഡിംഗ് ശൈലി അനുസരിച്ച് ഏകദേശം 300-360 കിലോമീറ്റർ റേഞ്ച് പ്രതീക്ഷിക്കാം. ആകർഷകവും മറക്കാനാവാത്തതുമായ ഒരു റൈഡിംഗ് അനുഭവം ത്രക്സ്റ്റൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ നമ്മുടെ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട മോട്ടോർസൈക്കിളുകളിൽ ഒന്നായി ത്രക്സ്റ്റൺ മാറിയാലും അതിശയിക്കാനൊന്നുമില്ല. ക്ലാസിക് ഡിസൈനും, ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് വണ്ടി വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുക.

More from DriveSpark

Article Published On: Monday, August 11, 2025, 10:15 [IST]
English summary
Triumph thruxton 400 cafe racer review design features battery range riding impressions
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X