ടിവിഎസിന്റെ 'സൂപ്പർബൈക്ക്' പുതിയ അപ്പാച്ചെ RTR 310 മോഡലിന്റെ റിവ്യൂ വിശേഷങ്ങളിതാ...
ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകളുടെ ആരവം കെട്ടടങ്ങിയപ്പോൾ സ്പോർട്‌സ് ബൈക്കുകളുടെ കരഘോഷമാണ് ഇപ്പോൾ അലയടിക്കുന്നത്. ആദ്യം നീണ്ട ഇടവേളയ്ക്ക് ശേഷം ഹീറോ കരിസ്‌മയെത്തി ഓളം തീർത്തപ്പോൾ പിന്നാലെ ഏവരേയും ഞെട്ടിച്ചുകൊണ്ട് ടിവിഎസും തങ്ങളുടെ നിരയിലേക്ക് ഒരു അഡാറ് ഐറ്റത്തെ കൊണ്ടുവന്നിരിക്കുകയാണ്. ഏറെനാളായി കാത്തിരുന്ന അപ്പാച്ചെ RTR 310 തന്നെയാണ് ആ മോഡൽ.
പെർഫോമൻസിന്റെ കാര്യത്തിൽ നമ്മുടെ നിരത്തുകളിലെ ഹരമായ അപ്പാച്ചെ സീരീസിലെ ഏറ്റവും പുതിയ അതിഥിയാണ് RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ സ്പോർട്‌സ് മോട്ടോർസൈക്കിൾ. ടിവിഎസും ബിഎംഡബ്ല്യുവും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായി രൂപാന്തരപ്പെട്ട 310 സിസി എഞ്ചിനും കടമെടുത്തുകൊണ്ടാണ് ആളിന്റെ വരവ്. അതായത് RR310 എന്ന ടിവിഎസ് സൂപ്പർസ്പോർട്ടിന്റെ നേക്കഡ് പതിപ്പാണിതെന്ന് പറയാം. എന്നാൽ രൂപത്തിലും ഭാവത്തിലും താനൊരു ചുണക്കുട്ടനാണെന്ന് RTR 310 തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.

റേസിംഗ് ത്രോട്ടിൽ റെസ്‌പോൺസ് എന്നാണ് RTR എന്ന പദത്തിലൂടെ ടിവിഎസ് ഉദ്ദേശിക്കുന്നത്. പ്രീമിയം ബൈക്കുകളുടെ ഡിമാന്റ് ഇന്ത്യയിൽ കൂടിവരുന്ന സാഹചര്യം മുതലെടുക്കാനാണ് കമ്പനിയുടെ ശ്രമം. 2.43 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഈ ഫ്രീസ്റ്റൈൽ ബൈക്കിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 3 വേരിയന്റുകളിൽ വാങ്ങാനാവുന്ന പുതിയ അപ്പാച്ചെ RTR 310 സ്പോർട്‌സ് ബൈക്ക് ഓടിക്കാനും അതിന്റെ സ്വഭാവ സവിശേഷതകൾ അറിയാനും ഏവർക്കും താത്പര്യം ഉണ്ടാവുമല്ലേ. അതറിയാൻ ബൈക്കിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് കടക്കാം.
ഡിസൈനും ഫീച്ചറുകളും: ടിവിഎസിന്റെ 'സൂപ്പർബൈക്ക്' എന്ന് തലക്കെട്ടിൽ സൂചിപ്പച്ചത് വെറുതേയല്ല കേട്ടോ. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള പല ആഡംബര ബൈക്കുകളേക്കാളും കിടിലമാണ് അപ്പാച്ചെ RTR 310. ആദ്യ നോട്ടത്തിൽ സൂപ്പർബൈക്ക് ആണെന്ന് തോന്നിക്കുന്ന രൂപഭംഗിയാണ് ഇതിനുള്ളത്. മുൻവശത്ത്, സ്‌പ്ലിറ്റ് ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് ഇടംപിടിച്ചിരിക്കുന്നത്. ട്രാൻസ്‌ഫോർമറിന്റെ മുഖത്തോട് സാദൃശ്യമുള്ള ഈ ഭാഗം ശരിക്കും അടിപൊളിയാണ്.

ലുക്കിന്റെ കാര്യത്തിൽ RTR 310 പതിപ്പിന് മിഴിവേകുന്നത് ഗോൾഡൻ നിറത്തിൽ അണിയിച്ചൊരുക്കിയ USD ഫ്രണ്ട് ഫോർക്കുകളും ചോപ്പഡ് സ്റ്റൈലിലുള്ള ഫ്രണ്ട് മഡ്ഗാർഡും ആണ്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ മസ്കുലർ ഫ്യുവൽ ടാങ്കിലാണ് കണ്ണുടക്കുക. ആവരണങ്ങളുള്ള ഷാർപ്പ് ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, ഉയർത്തിയ ടെയിൽ സെക്ഷൻ എന്നിവയും സ്റ്റൈലിന്റെ കാര്യത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇവയെല്ലാം ഒരു റേസ് ബൈക്കിനെ അനുസ്മരിപ്പിച്ചാലും തെറ്റുപറയാനാവില്ല.
എക്‌സ്‌ഹോസ്റ്റ് അപ്പാച്ചെ RR 310-ൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. സിംഗിൾ-പീസ് ട്യൂബുലാർ ഹാൻഡിൽബാറും ചെറുതായി പിൻ-സെറ്റ് ഫൂട്ട്‌പെഗുകളും ബൈക്കിന്റെ സ്പോർട്ടി സ്വഭാവത്തെയാണ് എടുത്തുകാണിക്കുന്നത്. ട്വിൻ-സ്ട്രിപ്പ് ടെയിൽ ലൈറ്റുകളും ഒരു സ്പ്ലിറ്റ് ഗ്രെബ്രെയ്ൽ സെറ്റപ്പുമാണ് പിൻവശക്കാഴ്ച്ചയിലെ ഹൈലൈറ്റ്. ടയർ ഹഗ്ഗറിലാണ് റിയർ ടേൺ ഇൻഡിക്കേറ്ററുകൾ നൽകിയിരിക്കുന്നത്. അതും പുതുമയുള്ള കാഴ്ച്ച തന്നെയാണെന്ന് പറയാം.

17 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ് വീലുകളോടെയാണ് ടിവിഎസ് അപ്പാച്ചെ RTR 310 നിരത്തിലെത്തുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മുടക്കുന്ന വിലയ്ക്കുള്ള എല്ലാ മോഡേൺ ടെക്നോളജികളും കോർത്തിണക്കിയാണ് ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്. ഗോപ്രോ കണക്ട് ചെയ്യാൻ കഴിവുള്ള 5 ഇഞ്ച് ഡിജിറ്റൽ TFT സ്ക്രീനാണ് നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മാത്രമല്ല, റൈഡിംഗ് മോഡുകൾ മാറ്റാനും ഹെഡ്‌ലൈറ്റ് തെളിച്ചം ക്രമീകരിക്കാനും ക്രൂയിസ് കൺട്രോൾ ഓണാക്കാനും ഡിസ്‌പ്ലേ അനുവദിക്കും.
കഴിഞ്ഞില്ല, ഫോൺ, ഗോ-പ്രോ ക്യാമറ, സ്‌മാർട്ട് ഹെൽമെറ്റ് എന്നിവയുമായി കണക്‌റ്റ് ചെയ്യാനും ക്രാഷ് അലേർട്ടുകൾ അയയ്‌ക്കാനും ഡോക്യുമെന്റുകൾ സംഭരിക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കോളുകൾ അറ്റൻഡ് ചെയ്യാനും ഡിസ്പ്ലേ റൈഡറിനെ അനുവദിക്കും. പുതിയ ടിവിഎസ് അപ്പാച്ചെ RTR 310-ന്റെ മറ്റ് ഹൈലൈറ്റുകളിൽ റിവേഴ്സ് ഇൻക്ലൈൻഡ് എഞ്ചിൻ, ക്രമീകരിക്കാവുന്ന ഹാൻഡ് ലിവറുകൾ, ടാപ്പർഡ് ഹാൻഡിൽബാറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

എഞ്ചിനും മറ്റ് സ്പെക്കുകളും: ടിവിഎസ് RR 310 സൂപ്പർസ്പോർട്ടിൽ കണുന്ന ബിഎംഡ്ല്യുവിന്റെ G 310 ലൈനപ്പിൽ കാണുന്ന പരിചിതമായ 312.2 സിസി, റിവേഴ്സ്-ഇൻക്ലൈൻഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ അപ്പാച്ചെ RTR 310 നേക്കഡ് ബൈക്കിന് കരുത്തേകുന്നത്. എങ്കിലും ഈ മോഡലിന്റെ സവിശേഷതകൾക്കനുസരിച്ച് എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
9700 rpm-ൽ 35 bhp പവറും 6650 rpm-ൽ 28.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എഞ്ചിൻ. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് പുതിയ അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിൽ കൊണ്ടുവന്നിരിക്കുന്നത്. ഷിഫ്റ്റുകൾക്കായി ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററിന്റെ സഹായവും ഉണ്ടാവും. 150 കിലോമീറ്റർ പരമാവധി വേഗതയാണ് മോട്ടോർസൈക്കിളിൽ ടിവിഎസ് അവകാശപ്പെടുന്നത്. അർബൻ, റെയിൻ, സ്പോർട്ട്, ട്രാക്ക് എന്നിങ്ങനെ നാല് റൈഡ് മോഡുകളും മോട്ടോർസൈക്കിളിലുണ്ടാവും.

അർബൻ, റെയിൻ മോഡുകളിൽ പവറും ടോർക്കും 26.7 bhp, 27.3 Nm എന്നിങ്ങനെയായി കുറയുമെന്ന കാര്യവും ഓർമിക്കണേ. മറ്റ് മെക്കാനിക്കലുകളിലേക്ക് നോക്കിയാൽ അപ്പാച്ചെ RTR 310-ൽ ട്രെല്ലിസ് ഫ്രെയിമും അലുമിനിയം പിൻ സബ്‌ഫ്രെയിമുള്ള സ്പ്ലിറ്റ് ഷാസി സജ്ജീകരണമുണ്ട്. ഇത് 41 mm USD ഫ്രണ്ട് ഫോർക്കും പിന്നിൽ ഒരു മോണോ-ഷോക്കും അലുമിനിയം സ്വിംഗാർമും സസ്പെൻഡ് ചെയ്തിരിക്കുന്നു. മുന്നിലും പിന്നിലും സസ്പെൻഷൻ പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് അഡ്ജസ്റ്റ്മെന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ബൈബ്രെ ബ്രേക്ക് കാലിപ്പറുകൾ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്ന ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് നാല് പിസ്റ്റൺ കാലിപ്പറുകളുള്ള 300 mm യൂണിറ്റാണ്, പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറോടുകൂടിയ 240 mm ഡിസ്‌ക്കാണ് ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസാണ് ബ്രേക്കുകളെ സഹായിക്കുന്നത്. ഡ്യുവൽ കോമ്പൗണ്ട് റേഡിയൽ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് വീലാണ് മറ്റൊരു പ്രത്യേകത.

ടിവിഎസ് അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ബൈക്ക് ലീനിയർ ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, റിയർ ലിഫ്റ്റ്-ഓഫ് കൺട്രോൾ, വീലി കൺട്രോൾ എന്നിങ്ങനെ നിരവധി ഇലക്ട്രോണിക് ഫീച്ചറുകളാലും സമ്പന്നമാണ്. അതേസമയം സിക്‌സ്-ആക്സിസ് ഐഎംയു കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ക്രൂയിസ് കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവകൂടി വണ്ടിയിലേക്ക് എത്തുന്നതോടെ ആളാകെ നമ്മെ ഞെട്ടിക്കുന്നുണ്ട്.
ഓടിക്കാൻ എങ്ങനെയുണ്ട്?: ഒറ്റ വാക്കിൽ ഇതിന് ഉത്തരമില്ലെങ്കിലും പല സാഹചര്യങ്ങളിലും പിലവിധത്തിലുള്ള സ്വഭാവത്തിലാണ് പുതിയ ടിവിഎസ് അപ്പാച്ച RTR 310 പ്രവർത്തിക്കുന്നത്. എഞ്ചിനിൽ നിന്നുള്ള പ്രതികരണം അർബൻ, റെയിൻ മോഡുകളിൽ അൽപ്പം കുറവാണെന്ന് തോന്നുന്നുണ്ട്. കുറഞ്ഞ പവറും ടോർക്കും ലെവലാണ് ഇങ്ങനെ തോന്നിപ്പിക്കാൻ കാരണമാവുന്നത്. മഴയത്തോ അല്ലെങ്കിൽ സിറ്റി റൈഡിംഗിലോ ആവും ഈ മോഡലുകൾ ഉപയോഗിക്കാൻ നല്ലത്.

സ്‌പോർട് ആന്റ് ട്രാക്ക് മോഡിലേക്ക് മാറുന്ന വ്യത്യാസം വളരെ ശ്രദ്ധേയമാണ്. കാരണം ബൈക്കിന്റെ സാധ്യതകൾ പൂർണമായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ട്രാക്ക് മോഡ് തെരഞ്ഞെടുക്കാം. ഇതിലെ മോട്ടോർസൈക്കിളിന്റെ പെർഫോമൻസ് ആരുടേയും മനംകവർന്നേക്കാം. ഈ മോഡുകളിൽ എഞ്ചിൻ ഒരു നല്ല മിഡ്-റേഞ്ചും നൽകുന്നുണ്ട്. ട്രിപ്പിൾ അക്കത്തിൽ എത്തുമ്പോൾ വൈബ്രേഷനുകളിൽ പ്രകടമായ വർധനവ് ഉണ്ടെങ്കിലും സിറ്റി നിരത്തുകളിലെ ഇരട്ട അക്ക വേഗതയിൽ RTR നന്നായി പ്രതികരിക്കും.
അനായാസം ഗിയറുകൾ മുകളിലേക്കും താഴേക്കും ഷിഫ്റ്റ് ചെയ്യാൻ സാധിക്കുന്നതിനാൽ അപ്പാച്ചെ RTR 310 മോഡലിലെ ക്വിക്‌ഷിഫ്‌റ്റർ മികച്ചതായി പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ഷോർട്ട് ഗിയറിംഗ് പലർക്കും ബുദ്ധിമുട്ടായി തോന്നിയേക്കാം. അങ്ങനെ മൊത്തത്തിലുള്ള പെർഫോമൻസിന്റെ കാര്യത്തിൽ കുറച്ചുകൂടി മിടുക്കാവാമായിരുന്നു. കൂടുതൽ മെച്ചപ്പെടുത്തലുകൾ വേണമെന്ന് തോന്നിയ വിഭാഗം സസ്പെഷൻഷന്റേതാണ്.

സേഫ്റ്റർ സൈഡിലായതിനാൽ സിറ്റിയിൽ ഇത് മതിയാവുമെങ്കിലും ഹൈവേയിലെ യാത്രകളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ബ്രേക്കിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് വന്നാൽ മികച്ച ബ്രേക്കിംഗ് തന്നെയാണ് പുതിയ ടിവിഎസ് അപ്പാച്ചെ RTR 310 സ്പോർട്ടി മോട്ടോർസൈക്കിളിലുള്ളത്. എന്തായാലും ഇന്ത്യയിലെ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ വണ്ടി ഹിറ്റാവാനാണ് സാധ്യത.


Click it and Unblock the Notifications








