യൂത്തിന്റെ 'ഡ്രീം സ്‌കൂട്ടർ' ഇനിയിത്, വായിക്കാം ടിവിഎസ് X ഇലക്‌ട്രിക്കിന്റെ റിവ്യൂ വിശേഷങ്ങൾ
ഇന്ത്യയിൽ വൈദ്യുത വാഹന വിപ്ലവം കൊടുംപിരി കൊണ്ടിരിക്കുയാണിപ്പോൾ. ദിനംപ്രതി അനേകം ഇലക്‌ട്രിക് ടൂവീലറുകളാണ് നമ്മുടെ വിപണിയിലേക്ക് എത്തുന്നത്. പെട്രോളിന്റെ ഉയർന്ന വിലയും പീരിയോഡിക്കൽ മെയിന്റനൻസിന് മുടക്കുന്ന ഉയർന്ന തുകയുമെല്ലാം താരതമ്യം ചെയ്‌ത് നോക്കുമ്പോൾ ദൈനംദിന യാത്രകൾക്ക് ഇവികൾ തന്നെയാണ് അത്യുത്തമമെന്ന് ആളുകൾ മനസിലായി തുടങ്ങി.
കൂടുതലും സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ ആധിപത്യമാണ് കാണാനാവുന്നതെങ്കിലും രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളിൽ പലരും ഇലക്‌ട്രിക് വിപണിയിലേക്ക് ചുവടെടുത്ത് വെച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാനിയാണ് ടിവിഎസ്. ഏഥർ എനർജിയും ഓലയും പോലുള്ള സ്റ്റാർട്ടപ്പുകൾ അരങ്ങുവാണിരുന്ന ഇലക്ട്രിക് സെഗ്മെന്റിലേക്ക് ടിവിഎസ് എത്തിയത് ഐക്യൂബ് എന്ന ഫാമിലി സ്‌കൂട്ടറുമായാണ്.

ഇതുവരെ പേരുദോഷങ്ങളൊന്നും കേൾപ്പിക്കാതെ നിരത്തുകളിൽ കുതിക്കുകയാണ് ഐക്യൂബ്. എന്നാൽ യൂത്തെല്ലാം ഓലയിലേക്കും ഏഥറിലേക്കും ചേക്കേറുന്നത് കണ്ട ടിവിഎസ് ഇതിനുള്ള പ്രതിരോധമായി പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടി വിപണിയിലെത്തിച്ചു. 'X' എന്നു പേരിട്ടിരിക്കുന്ന മോഡൽ ഇതിനോടകം തന്നെ ഏവരുടേയും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറായി വരുന്ന ഈ മോഡലിന് 2.50 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഐക്യൂബിന് ശേഷമുള്ള കമ്പനിയുടെ രണ്ടാമത്തെ ഇവി എങ്ങനെയുണ്ടെന്നറിയാനായി കാത്തിരിക്കുകയാണ് നാം ഏവരും. ഡെലിവറി തുടങ്ങാൻ ഏതാനും ആഴ്‌ചകൾ മാത്രം ശേഷിക്കെ X എന്ന പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ ഏങ്ങനെയുണ്ടെന്ന് പരീക്ഷിക്കാനായി ഡ്രൈവ്‌സ്പാർക്കിനും അവസരം കിട്ടി. മുടക്കുന്ന വിലയ്ക്കുള്ള മുതലുണ്ടോ ഈ പടക്കുതിരയെന്ന് അറിയാൻ താത്പര്യമുള്ളവർക്ക് ടിവിഎസ് X ഇവിയുടെ റിവ്യൂ വിശേഷങ്ങൾ തുടർന്ന് വായിക്കാം.

ഡിസൈനും ഫീച്ചറുകളും: ഒരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ പറ്റാവുന്നത്ര കിടിലമാക്കിയാണ് ടിവിഎസ് X പണികഴിപ്പിച്ചിരിക്കുന്നത്. ഐക്യൂബിൽ നിന്ന് വ്യത്യസ്തമായി X ഇവിയുടെ രൂപഭാവം 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച് ക്രിയോൺ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈൽ ആരെയും കൈയിലെടുക്കാൻ പ്രാപ്‌തമാണെന്ന് നിസംശയം പറയാം. ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റിൽ ടൂ-പീസ് ഫ്രണ്ട് ഏപ്രോൺ ഒരുമിച്ച് വരുന്നത് രസകരമായ കാഴ്ച്ചയാണ്.
മുൻവശത്തെ ഏപ്രോണിന്റെ താഴത്തെ അരികുകളിൽ നേർത്ത എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറിനെ തണുപ്പിക്കുന്ന ഒരു റാം എയർ ഇൻടേക്കും അവിടെ കാണാം. കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റിംഗും ഇവിയുടെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ പെർഫോമൻസ് സ്‌കൂട്ടറിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് കരുത്തുറ്റ ഫ്രെയിം തന്നെയാണ്. പരമ്പരാഗത ശൈലി വിട്ട് മാക്‌സി സ്‌കൂട്ടറുകൾക്ക് സമാനമായ രീതിയിൽ ഫ്ലോർബോർഡ് ഇല്ലാതെയാണ് X വരുന്നത്.

പകരം വലിയ സ്‌കൾപ്പഡ് സൈഡ് പാനലുകൾ സെൻട്രൽ ടണലിനെ വിഭജിക്കുന്നു. കൂടുതൽ ലളിതമായി പറഞ്ഞാൽ യമഹ എയ്റോക്‌സിനു സമാനമായ ശൈലിയാണ് ഇവിടെ പിന്തുടർന്നിരിക്കുന്നത്. ഇവിടെയാണ് ചാർജിംഗ് പോർട്ടും കമ്പനി നൽകിയിരിക്കുന്നത്.പരമ്പരാഗത സ്‌കൂട്ടറുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതായി പറയപ്പെടുന്ന പുതുതായി വികസിപ്പിച്ച Xleton പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടർ നിർമിച്ചിരിക്കുന്നത്.
വീതിയേറിയ സ്പ്ലിറ്റ് സീറ്റുകളുമായാണ് മോഡൽ വരുന്നത്. ഇത് റൈഡറിനും പില്യണും മതിയായ ഇടമാണ് ഒരുക്കുന്നത്. പിൻ സബ് ഫ്രെയിമിന്റെ ഭാഗങ്ങൾ ഗ്ലോസി ബ്ലൂ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നതും മനോഹരമാണ്. 12 ഇഞ്ച് അലോയ് വീലുകൾ, ഓഫ്‌സെറ്റ് റിയർ മോണോഷോക്ക്, റിയർ സബ് ഫ്രെയിമിനെ പിന്തുടരുന്ന ടിവിഎസ് X റേക്ക്ഡ് ടെയിൽ സെക്ഷൻ എന്നിവയാണ് വാഹനത്തിന്റെ മറ് ഡിസൈൻ ഹൈലൈറ്റുകളായി എടുത്തു പറയാനാവുന്നത്.

ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഇലക്ട്രിക് സ്കൂട്ടറിന്റെ എല്ലാ സവിശേഷതകളും പ്രാപ്തമാക്കുന്ന 10.25 ഇഞ്ച് HD ടിൽറ്റ് സ്ക്രീൻ സജ്ജീകരണമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. എക്‌സ്‌റ്റെൽത്ത്, എക്‌സ്‌ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ, നാവിഗേഷൻ, മ്യൂസിക്, വാർത്തകൾ, കോളുകൾ, മെസേജുകൾ എന്നിവയും ഈ സ്ക്രീനിലൂടെ ആക്‌സസ് ചെയ്യാനാവും. കമ്പനി ആന്തരികമായി വികസിപ്പിച്ചെടുത്ത നാവ്പ്രോ എന്ന പുതിയ തലമുറ SmartXonnect പ്ലാറ്റ്‌ഫോമാണ് ഇതിന് ലഭിക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറിന് ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനാൽ ടിവിഎസ് X ഇവിക്ക് ലഭിക്കുന്ന പുതിയ ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഡിസ്‌പ്ലേയ്‌ക്കായുള്ള SmartXonnect സിസ്റ്റം ജിയോഫെൻസിംഗ്, ക്രൂയിസ് കൺട്രോൾ, ക്രാഷ് ആൻഡ് ഫാൾ അലേർട്ട്, ടോ ആൻഡ് തെഫ്റ്റ് അലേർട്ട്, പങ്കിട്ട ഡിജിറ്റൽ കീകൾ എന്നിവ പോലുള്ള ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്റർഫേസ് ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് റിവ്യൂവിനിടയിൽ കണ്ടെത്താനും സാധിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

പക്ഷേ ഏഥർ 450X പോലുള്ള എതിരാളികളുടെ സിസ്റ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ടച്ച് റെസ്പോൺസ് അൽപം പിന്നാക്കം നിൽക്കുന്നുവെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇനി ടിവിഎസ് X പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഫിറ്റും ഫിനിഷും എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ ബോഡി പാനലുകൾ മുതൽ പെയിന്റ് ഫിനിഷ് വരെ മികച്ച രീതിയിൽ ഒരുക്കാൻ ബ്രാൻഡിനായിട്ടുണ്ടെന്ന് നിസംശയം പറയാം. ഇത് ഇവിക്കായി മുടക്കുന്ന വില പരിഗണിക്കുമ്പോൾ ആശ്വാസകരമാണ്.
വലിപ്പവും പെർഫോമൻസും: ടിവിഎസ് X കമ്പനിയുടെ പുതിയ സെലെറ്റൺ (Xeleton) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് സ്‌കൂട്ടറിനേക്കാൾ മോട്ടോർസൈക്കിൾ ഫീലാണ് റൈഡിംഗിൽ തരുന്നതെന്ന് വേണം പറയാൻ. ട്വിൻ-സ്പാർ അലുമിനിയം ഫ്രെയിമും പിൻഭാഗത്തേക്ക് ബോൾട്ട് ചെയ്ത കനംകുറഞ്ഞ സബ്ഫ്രെയിമും മൊത്തത്തിൽ നല്ല ബാലൻസാണ് നൽകുന്നത്. ട്വിൻ സ്പാറുകൾക്ക് കീഴിൽ മോട്ടോർ ഇരിക്കുമ്പോൾ ബാറ്ററി പായ്ക്ക് ഒരു ക്രാഡിൽ-ടൈപ്പ് ഫ്രെയിമിലാണ് ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് സ്കൂട്ടറിലും ഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പായ്ക്കാണ് ടിവിഎസ് X ഇവിയിലേക്ക് എത്തിയിരിക്കുന്നത്. 4.4kWh ബാറ്ററി പായ്ക്ക് IDC കണക്കുകൾ പ്രകാരം ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. നാലര മണിക്കൂറിനുള്ളിൽ ബാറ്ററി 0-80 ശതമാനം ചാർജ് ചെയ്യാനാവുന്ന 950W പോർട്ടബിൾ ചാർജറുമായി ടിവിഎസ് X സ്‌കൂട്ടർ വിപണിയിലേക്ക് എത്തുന്നത്. ഓപ്‌ഷണലായി 3kW ഫാസ്റ്റ് ചാർജറും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
ഫാസ്റ്റ് ചാർജർ വഴി വെറും 50 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 50 ശതമാനം വരെ ടോപ്പ് അപ്പ് ചെയ്യാൻ കഴിയുമെന്നാണ് ടിവിഎസ് പറയുന്നത്. എന്നാൽ ഇതിനായി 16,275 രൂപ അധികമായി നൽകണം. X ഇവിക്ക് വെറഉം 0-40 കിലോമീറ്റർ വേഗത 2.6 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. അതേസമയം 0-60 കിലോമീറ്റർ വേഗത 4.5 സെക്കൻഡിനുള്ളിൽ എത്തും. അതേസമയം മണിക്കൂറിൽ 105 കിലോമീറ്ററാണ് ടിവിഎസ് X ഇലക്ട്രിക്കിന്റെ ടോപ്പ് സ്പീഡ്.

പുത്തൻ പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് മുൻവശത്ത് ക്രമീകരിക്കാൻ കഴിയാത്ത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഓഫ്‌സെറ്റ് മോണോഷോക്കും ആണ്. ടിവിഎസ് യൂറോഗ്രിപ്പ് ടയറുകളുള്ള 12 ഇഞ്ച് വീലിലാണ് X ഇവി നിരത്തിലെത്തുക. ബ്രേക്കിംഗിനായി സിംഗിൾ-ചാനൽ എബിഎസിന്റെ സഹായത്തോടെ രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ഇടംപിടിച്ചിരിക്കുന്നത്.
ഓടിക്കാൻ എങ്ങനെയുണ്ട്?: ടിവിഎസ് X ഓടിക്കാൻ തികച്ചും ആസ്വാദ്യകരമായ സ്കൂട്ടറാണ്. പവർ ഡെലിവറി തികച്ചും ലിനിയറാണ്. എങ്കിലും റൈഡ് മോഡുകൾക്ക് അനുസരിച്ച് പെർഫോമൻസിൽ മാറ്റംവരുത്താനും സാധിക്കും. സോണിക് മോഡാണ് കൂട്ടത്തിൽ ഏറ്റവും പവർഫുള്ളായത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ സോഫ്റ്റ് സസ്പെൻഷൻ സജ്ജീകരണം യാത്രയ്ക്കിടയിലും വളരെ സുഖകരമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളെ അസാധ്യമായ രീതിയിലാണ് വാഹനം കൈകാര്യം ചെയ്യുന്നത്.

ഇനി കോർണറിംഗിലേക്ക് വന്നാലും സസ്പെൻഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാൽ ഹാൻഡിലിംഗ് മികച്ചതായി തോന്നി. എങ്കിലും ഭാരം കൂടിവർ കോർണറിംഗ് ചെയ്‌താൽ അടിഭാഗം ഉരയാൻ കാരണമായേക്കും. ബ്രേക്കിംഗ് പെർഫോമൻസിലേക്ക് നോക്കിയാൽ മൊത്തത്തിൽ അടിപൊളിയാണെങ്കിലും എബിഎസ് സജ്ജീകരണം അൽപ്പം അലസതയുള്ളതായാണ് റൈഡിംഗിൽ മനസിലായത്. ഉയർന്ന വേഗതയിൽ ടിവിഎസ് X വളരെ മികച്ച സ്റ്റെബിലിറ്റിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു.
സുഖപ്രദമായ റൈഡിംഗ് ട്രയാംഗിൾ, മികച്ച ഷാസി, ഗ്രിപ്പി ടയറുകൾ എന്നിവ അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. അങ്ങനെ മൊത്തത്തിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സങ്കൽപം പൊളിച്ചെഴുതാൻ എത്തുന്ന ടിവിഎസ് X യൂത്തിനിടയിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡലിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 24 അർദ്ധരാത്രി മുതൽ ആരംഭിച്ചിരുന്നു. നവംബർ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നും അവതരണ വേളയിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








