റോമാന്‍സിംഗ് വിത് കാര്‍
സ്നേഹം, ഇഷ്ടം, പ്രണയം തുടങ്ങിയ പദങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ ചെറുതെങ്കിലും ഗുരുതരമായ വ്യത്യാസങ്ങളോടെ ഉപയോഗിക്കാറുള്ള ഒന്നാണ്. ഇവ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും കയറിയിറങ്ങിക്കിടക്കാറുണ്ട്. പ്രകാശ് രാജ് എന്ന നടന്‍ തന്‍റെ ഒരു അനുഭവം വിശദീകരിച്ചത് എവിടെയോ വായിച്ചതോര്‍ക്കുന്നു. രോഗബാധിതയായി ഗുരുതരാവസ്ഥയില്‍ കിടക്കുന്ന തന്‍റെ അമ്മയുടെ അരികിലേക്ക് അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്തു നിന്ന് ഓടിയെത്തി. ഐസിയുവിലേക്ക് വിലക്കുകളെ വകവെക്കാതെ പ്രകാശ് രാജ് കയറിച്ചെന്നു. അമ്മയുടെ അടുത്ത് ചെന്നിരുന്ന്, എന്നെങ്കിലും ചോദിക്കണമെന്ന് കരുതി സൂക്ഷിച്ചിരുന്ന ആ ചോദ്യം, ഇനിയൊരിക്കല്‍ അവസരം കിട്ടിയേക്കില്ല എന്ന തിരിച്ചറിവോടെ അദ്ദേഹം ചോദിച്ചു: "അടുത്ത ജന്മത്തില്‍ അമ്മ എന്‍റെ ഭാര്യയായി ജനിക്കുമോ?" ഒരു പുഞ്ചിരിയോടെ ആ അമ്മ ജീവിതത്തിലേക്ക് തിരിച്ചുകയറി.
ഈ കഥ ഒരു സാധാരണ മനസ്സില്‍ ഉണ്ടാക്കാവുന്ന സുനാമി ഭീകരമാണെന്ന് മനസ്സിലാക്കുന്നു. എന്തു ചെയ്യട്ടെ, പ്രകാശ് രാജ് ഒരു സാധാരണ മനുഷ്യനല്ല. അദ്ദേഹത്തെ പെറ്റ തള്ള അദ്ദേഹത്തെക്കാള്‍ ഉയരമുള്ള മനസ്സിന്‍റെ ഉടമയാണ്. വിശദീകരണങ്ങള്‍ എല്ലായ്പോഴും പരാജയപ്പെടുന്ന ഇടമാകുന്നു പ്രണയം. ഇക്കാരണത്താല്‍ ലോകം അതെക്കുറിച്ച് പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു, പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കുന്നു, എത്ര കേട്ടാലും മതിയാവാതെ പിന്നെയും ചെവി കൂര്‍പ്പിക്കുന്നു...
പറഞ്ഞുവന്നത് കാറുകളെ പ്രണയിക്കുന്നത് സംബന്ധിച്ചാണ്. ഒരാള്‍ക്ക് കാറുകളോട് പ്രണയം തോന്നുന്നതില്‍ അപാകതയൊന്നുമില്ല എന്ന് മേല്‍പ്പറഞ്ഞ വസ്തുകളില്‍ നിന്ന് ബോധ്യപ്പെട്ടുവല്ലോ? ഇനി അപാകത ഉണ്ടെങ്കില്‍ത്തന്നെ ആ അപാകത ലോകം ഇഷ്ടപ്പെടുന്നു. ഇത്തരം അപാകതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് അടുത്ത താള്‍.


Click it and Unblock the Notifications









