ഒരുകാര്യം ആദ്യമേ പറയാം, വിലകേട്ട് ഞെട്ടരുത്... സ്ട്രീറ്റ്ഫൈറ്ററിൻ്റെ പുത്തൻ മോഡലുമായി ഡ്യുക്കാട്ടി
ഇന്ത്യയിലെ തങ്ങളുടെ മോഡൽ നിര പുതുക്കിപ്പണിത് വിപണിയിലെത്തിക്കുന്ന തിരക്കിലാണ് ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി (Ducati). അടുത്തിടെ മൾട്ടസ്ട്രാഡ, പാനിഗാലെ എന്നിവയുടെ പുതിയ 2025 മോഡലുകൾ പുറത്തിറക്കിയ കമ്പനി സ്ട്രീറ്റ്ഫൈറ്റർ V2 നേക്കഡ് മോട്ടോർസൈക്കിളിൻ്റെ പുത്തൻ പതിപ്പിനെയും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സ്റ്റാൻഡേർഡ്, V2 S എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ വരുന്ന ബൈക്കിന് യഥാക്രമം 17,50,200 രൂപയും 19,48,900 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പാനിഗാലെ V2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു മിഡ്-കപ്പാസിറ്റി സ്‌പോർട് നേക്കഡ് ഫൈറ്റർ മോട്ടോർസൈക്കിളാണിത്.
ഇന്ത്യയിൽ സ്ട്രീറ്റ്ഫൈറ്റർ V2 ഡ്യുക്കാട്ടി റെഡ് കളർ ഓപ്ഷനിൽ മാത്രമാണ് പുറത്തിറങ്ങുന്നത്. സ്റ്റാൻഡേർഡ് V2 പതിപ്പിന് മുന്നിൽ മാർസോച്ചിയിൽ നിന്നും പിന്നിൽ കയാബയിൽ നിന്നുമുള്ള പൂർണമായി ക്രമീകരിക്കാവുന്ന സസ്‌പെൻഷനാണ് ഇറ്റാലിയൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം സ്ട്രീറ്റ്ഫൈറ്റർ V2 S വേരിയൻ്റിൽ രണ്ട് അറ്റത്തും ഓഹ്ലിൻസിൽ നിന്നുള്ള ഫുള്ളി അഡ്‌ജസ്റ്റബിൾ സസ്പെഷനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്ട്രീറ്റ്ഫൈറ്റർ V2 S സാധാരണ ബാറ്ററി മാറ്റി ലിഥിയം-അയൺ യൂണിറ്റ് ഉപയോഗിച്ച് ഭാരം കുറച്ചിട്ടുണ്ട്. 175 കിലോഗ്രാം ഭാരമാണ് ഇതിന് വരുന്നതെങ്കിൽ സ്റ്റാൻഡേർഡ് വേരിയൻ്റിന് 178 കിലോഗ്രാം ഭാരമാണുള്ളതെന്ന് ഡ്യുക്കാട്ടി പറയുന്നു. രണ്ട് പതിപ്പുകളിലും ഒരേ കാസ്റ്റ്, Y ആകൃതിയിലുള്ള 6 സ്‌പോക്ക് അലോയ് വീലുകൾ, 120/70 ഫ്രണ്ട്, 190/55 റിയർ സൈസുകളിൽ പിരെലി ഡയാബ്ലോ റോസോ IV ടയറുകൾ, സാക്‌സ് സ്റ്റിയറിംഗ് ഡാംപർ എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഡ്യുക്കാട്ടി ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ ട്വിൻ സിലിണ്ടർ 890 സിസി, 90-ഡിഗ്രി V2 എഞ്ചിനാണ് പുതിയ 2025 മോഡൽ സ്ട്രീറ്റ്ഫൈറ്റർ V2 സൂപ്പർബൈക്കിൻ്റെ ഹൃദയം. ഇതിന് 10,750 ആർപിഎമ്മിൽ 119 bhp പവറും 8,250 ആർപിഎമ്മിൽ 93.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ക്വിക്ക് ഷിഫ്റ്റ് 2.0 സിസ്റ്റവും പ്രോഗ്രസീവ് ഹൈഡ്രോളിക് കൺട്രോളുള്ള ഓയിൽ-ബാത്ത് സ്ലിപ്പർ ക്ലച്ചുമുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

റൈഡർ എയ്ഡുകൾക്കായി മോട്ടോർസൈക്കിളിൽ സിക്‌സ്-ആക്സിസ് ഇനേർഷ്യൽ മെഷർമെൻ്റ് യൂണിറ്റാണ് ഡ്യുക്കാട്ടി ഉപയോഗിക്കുന്നത്. ബ്രേക്കിംഗ് കാര്യക്ഷമാക്കുവാനായി "സ്ലൈഡ് ബൈ ബ്രേക്ക്" ഫംഗ്ഷനോടുകൂടിയ കോർണറിംഗ് എബിഎസ്, ഗ്രിപ്പ് മാനേജ്മെൻ്റിനായി ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, ഡ്യുക്കാട്ടി വീലി കൺട്രോൾ, ക്ലോസ്ഡ് ത്രോട്ടിൽ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം 2025 സ്ട്രീറ്റ്ഫൈറ്റർ V2 സൂപ്പർബൈക്കിൽ കൊടുത്തിട്ടുണ്ട്.
റേസ്, സ്പോർട്, റോഡ്, വെറ്റ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും മോട്ടോർസൈക്കിളിലുണ്ട്. റോഡ്, റോഡ് പ്രോ, ട്രാക്ക് എന്നിങ്ങനെ മൂന്ന് ലേഔട്ടുകളുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്. വേരിയബിൾ-സെക്ഷൻ അലുമിനിയം ഹാൻഡിൽബാർ മികച്ച റൈഡിംഗ് പോസ്ച്ചറാണ് സമ്മാനിക്കുന്നത്. അഡ്‌ജസ്റ്റബിൾ ബ്രേക്ക്, ക്ലച്ച് ലിവറുകൾ, പുതിയ ഫുട്പെഗുകൾ എന്നിവയും ബൈക്കിൻ്റെ ഭാഗമാണ്.
സ്ട്രീറ്റ്ഫൈറ്റർ V2 നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനായി ഡ്യുക്കാട്ടി നിരവധി ആക്‌സസറികളും നൽകുന്നുണ്ട്. അതിൽ റേസിംഗ് എക്‌സ്‌ഹോസ്റ്റ്, ലാപ് ടൈമർ പ്രോ സെൽഫ്-ടൈമിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ കൂടുതൽ പ്രായോഗിക ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ട്രാക്കിലിറങ്ങുന്ന റൈഡർമാരെ ലക്ഷ്യം വെച്ചുള്ള ഡ്യുക്കാട്ടി പവർ ലോഞ്ച്, പിറ്റ് ലിമിറ്റർ തുടങ്ങിയ ഫീച്ചറുകളും സ്ട്രീറ്റ്ഫൈറ്റർ V2 S പതിപ്പിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








