60-ാം വയസിൽ മൂന്നാമതും കല്യാണം, പുതിയ കാമുകിയുമൊത്ത് ടൊയോട്ട കാറിൽ കറങ്ങുന്ന സൂപ്പർതാരം
ബോളിവുഡിൽ (Bollywood) ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച താരമാണ് ആമിർ ഖാൻ (Aamir Khan). മിസ്‌റ്റര്‍ പെര്‍ഫെക്ഷനിസ്‌റ്റ് എന്നു വിളിപ്പേരുള്ള നടൻ മികച്ച സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ പല തവണ വിസ്‌മയിപ്പിച്ചിട്ടുണ്ട്. ലഗാന്‍, ദില്‍ ചഹ്‌ത ഹൈ, റംഗ് ദേ ബസതി, ത്രീ ഇഡിയറ്റ്, പികെ, ദംഗല്‍ അങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അത് ഉടനൊന്നും അവസാനിക്കില്ല. എന്നാൽ ആമിറിന്റേതായി അടുത്തകാലത്ത് പുറത്തിറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വലിയ തകർച്ചയായിരുന്നു നേരിട്ടത്. ചുരുക്കി പറഞ്ഞാൽ ഒന്നാന്തരം ബോംബ് പടങ്ങളായിരുന്നുവെന്ന് സാരം.
എങ്കിലും ഇതിലൊന്നും പതറാതെ നടൻ ഗംഭീരമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതും രജനീകാന്തിന്റെ കൂലിയിൽ ശ്രദ്ധേയമായൊരു വേഷം ചെയ്‌താണ് താരം മടങ്ങിവരവിന് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ദിവസം 60 വയസ് പൂർത്തിയായെന്ന് ആമിറിനെ കണ്ടാൽ പറയത്തുമില്ല. എന്നാൽ ഇപ്പോൾ താരം വാർത്തകളിൽ നിറയുന്നത് പുതിയ കാമുകിയുടെ പേരിലാണ്. പിറന്നാള്‍ ആഘോഷത്തിനോട് അനുബന്ധിച്ചാണ് ആമിർ ഖാൻ കാമുകിയെ പരിചയപ്പെടുത്തുന്നത്.

മുംബൈയിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന വിവരം ആമിർ ഖാന്‍ സ്ഥിരീകരിക്കുന്നത്. ഇപ്പോള്‍ ആമിറിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ഗൗരി ജോലി ചെയ്യുന്നത്. കഴിഞ്ഞ 25 വർഷമായി ഗൗരിയെ പരിചയമുണ്ടെന്നും ഗൗരി ഇപ്പോള്‍ തന്‍റെ കൂടെയാണ് കുറച്ചുകാലമായി താമസമെന്നും നടൻ വ്യക്തമാക്കി. ഇത് മൂന്നാം തവണയാണ് ആമിർ വിവാഹത്തിന് ഒരുങ്ങുന്നത്.
സ്പ്രാറ്റിനെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ചോദ്യം മാധ്യമങ്ങൾ ചോദിക്കുകയും ചെയ്‌തു. താന്‍ രണ്ടുതവണ വിവാഹിതനായിക്കഴിഞ്ഞുവെന്നും. 60-ാം വയസില്‍ ഇനിയും വിവാഹിതനാകുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. എങ്കിലും കാത്തിരുന്ന് കാണാം എന്നായിരുന്നു ബോളിവുഡിലെ സൂപ്പർതാരത്തിന്റെ മറുപടി. മുമ്പ് രണ്ട് തവണ വിവാഹിതനായ ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയില്‍ രണ്ട് മക്കളും രണ്ടാമത്തെ ഭാര്യ കിരണ്‍ റാവുവില്‍ ഒരു മകനുമാണുള്ളത്.

എന്തായാലും പുതിയ പങ്കാളിയും അതിനെ ചുറ്റിപ്പിറ്റിയുള്ള വാർത്തകളും മാധ്യമ ലോകം കൊണ്ടാടുമ്പോൾ തന്റെ ടൊയോട്ട വെൽഫയറിൽ ഗൗരി സ്പ്രാറ്റിനെയും കയറ്റി യാത്ര തിരിക്കുന്ന ആമിറിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രചാരമുള്ള വാഹനമാണ് ടൊയോട്ടയുടെ വെൽഫയർ. അക്ഷയ് കുമാർ, ഐശ്വര്യ റായ്, ആമിർ ഖാൻ, അനിൽ കപൂർ, അജയ് ദേവ്ഗൺ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ ടൊയോട്ട വെൽഫയർ സ്വന്തമാക്കിയിട്ടുണ്ട്.
മലയാള സിനിമയിൽ മോഹൻലാൽ, സുരേഷ് ഗോപി, ബിജു മേനോൻ പോലുള്ള പ്രമുഖരും വെൽഫയർ ഉടമകളാണ്. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന വാഹനത്തിന് 1.32 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസും എല്ലാമായി 1.60 കോടി രൂപയോളം വരും വെൽഫയറിന്റെ മുംബൈയിലെ ഓൺ-റോഡ് വില. എന്നാൽ ആഡംബര എംപിവിയുടെ പഴയ മോഡലാണ് ആമിറിന്റെ പക്കലുള്ളത്.

4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസുമാണ് ഈ എംപിവിക്കുള്ളത്. ടൊയോട്ട വെൽഫയറിന് കരുത്തേകുന്നത് ഹൈബ്രിഡ് 2.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 193 bhp പവറിൽ 240 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എംപിവിക്ക് 19.28 കിലോമീറ്റർ മൈലേജും ടൊയോട്ട അവകാശപ്പെടുന്നുണ്ട്.
പുറത്തുനിന്ന് കാണുന്നതിലും ലക്ഷ്വറിയിലാണ് എംപിവിയുടെ ഇന്റീരിയറിൽ ടൊയോട്ട ഒരുക്കിയിട്ടുള്ളത്. കാരവാനിൽ ഇരിക്കുന്നതു പോലെയുള്ള അത്യാഡംബര യാത്രാ സൌകര്യങ്ങളൊക്കെ വെൽഫയറിലുമുണ്ട്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ എന്നീ ഫീച്ചറുകളെല്ലാം കാറിലുണ്ട്.

ഇതോടൊപ്പം ലെഗ്‌റെസ്റ്റ് ആംഗിളും നീളവും ക്രമീകരിക്കുന്നതിനൊപ്പം റിക്ലൈനബിൾ ബാക്ക്‌റെസ്റ്റ്, ഫ്ലാറ്റ് ബെഡ് ആക്കാവുന്ന റിയർ സീറ്റുകൾ, പിന്നിലെ യാത്രക്കാര്‍ക്കായി 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. 17-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഇന്റീരിയറിന്റെ റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന 13 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്‌ക്രീൻ, രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്ക് സൺബ്ലൈൻഡുകൾ, റൂഫ് ലൈറ്റിംഗിനുള്ള 16 കളർ ഓപ്ഷനുകൾ എന്നിവയും ടൊയോട്ടയുടെ ആഡംബര എംപിവിയിലുണ്ട്.
7 എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, പനോരമിക് വ്യൂ മോണിറ്റർ, വെഹിക്കിൾ ഡൈനാമിക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളും വെൽഫയറിന്റെ പ്രത്യേകതകളാണ്. തമിഴ് സിനിമയായ കൂലിക്ക് പുറമെ ഈ വർഷം ആമിർ ഖാന്റേതായി രണ്ട് ബോളിവുഡ് ചിത്രങ്ങളും റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








