ടെസ്‌ല മോഡല്‍ എസ് തീപ്പിടിത്ത പരമ്പര
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പാസഞ്ചര്‍ കാര്‍ എന്ന ബഹുമതി പലരായി ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് ടെസ്ല മോഡല്‍ എസ്സിന്. അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് ഈ ടൈറ്റില്‍ കാറിന് നല്‍കിയ കക്ഷികളില്‍ പ്രധാനി. ഇവര്‍ ഇന്നുവരെ ടെസ്റ്റ് ചെയ്തിട്ടുള്ളവയില്‍ വെച്ചേറ്റവും മികച്ച സുരക്ഷ പ്രദാനം ചെയ്യുന്ന കാറാണെന്നാണ് പത്രക്കുറിപ്പ് വന്നിരുന്നത്. എന്നാല്‍, പുതിയ വാര്‍ത്തകള്‍ പറയുന്നത് പ്രകാരം നമ്മുടെ നിഗമനങ്ങള്‍ മൊത്തം പാളിയിരിക്കുകയാണ്.
ടെസ്‌ല മോഡല്‍ എസ് അസാധാരാണ ക്രാഷ് ടെസ്റ്റ് റേറ്റിംഗ്
കഴിഞ്ഞ ആറാഴ്ചകള്‍ക്കുള്ളില്‍ മൂന്ന് ടെസ്‌ല മോഡല്‍ എസ് കാറുകള്‍ റോഡുകളില്‍ വെച്ച് തീപ്പിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തോതില്‍ വിശ്വാസം പിടിച്ചെടുത്ത ഒരു കമ്പനിയുടെ മോഡലുകള്‍ നിരയായി നിന്ന് കത്തുന്നത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ ഒന്നിനാണ് ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിയാറ്റിലില്‍ വെച്ചാണ് തീപ്പിടിത്തം നടന്നത്. ഇത് അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറി. വളരെ ഉയര്‍ന്ന വേഗതയില്‍ ബാറ്ററിയില്‍ ഏതാണ്ട് ഇരുമ്പോ മറ്റോ ശക്തിയായി ഉരഞ്ഞാണ് തീപ്പിടിത്തമുണ്ടായതെന്ന് അന്വേഷകര്‍ കണ്ടെത്തി.
വാഹനത്തിലെ ഡ്രൈവര്‍ പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടുവെങ്കിലും ടെസ്‌ലയ്ക്ക് ഓഹരി വിപണിയില്‍ വലിയ പരുക്കുകള്‍ സംഭവിച്ചു. 6.2 ശതമാനം കണ്ട് ഓഹരിവിപണി ഇടിഞ്ഞു. വാഹനത്തില്‍ നിന്ന് പൊള്ളലേല്‍ക്കാതെ രക്ഷപെട്ട ഡ്രൈവര്‍ തനിക്ക് ടെസ്‌ല മോഡല്‍ എസ്സിന്റെ സുരക്ഷാസംവിധാനങ്ങളോടുള്ള വിശ്വാസം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. ഇങ്ങനെ വിളിച്ചു പറയാനുള്ള ജീവന്‍ ടെസ്‌ല മോഡല്‍ എസ് ബാക്കിവെച്ചതായിരിക്കാം കാരണം.

ഒക്ടോബര്‍ 18നാണ് അടുത്ത തീപ്പിടിത്തം നടക്കുന്നത്. ഇത്തവണ മെക്‌സിക്കോയില്‍. വെള്ളമടിച്ച് പൂക്കുറ്റിയായ ഒരുത്തനാണ് വണ്ടിയോടിച്ചിരുന്നത്. വാഹനം ഒരു കോണ്‍ക്രീറ്റ് ഭിത്തിയിലും പിന്നീട് ഒരു മരത്തിലും ചെന്നിടിക്കുന്നതിന് ഇദ്ദേഹത്തിന്റെ ഡ്രൈവിംഗ് സഹായകമായി. ഇടിയോടെ വാഹനം കത്തിപ്പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
ഈ സംഭവത്തിലും ഡ്രൈവര്‍ രക്ഷപ്പെട്ടു; പരുക്കുകളൊന്നും കൂടാതെ. പിന്നീട് ടെസ്‌ല മോഡല്‍ എസ് കാറില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു.

നവംബര്‍ 6ന് അടുത്ത ടെസ്‌ല മോഡല്‍ എസ് തീപ്പിടിത്തം നടന്നു. യിഎസ്സിലെ ടെനെസ്സീയിലാണ് ഇത്തവണത്തെ അപകടം. വന്‍ വേഗതയിലായിരുന്നു ഈ കാറും. കാറിനടിയില്‍ ഏതാണ്ട് സംഭവിച്ചാണ് തീപ്പിടിത്തമുണ്ടായത്; ആദ്യത്തെ സംഭവത്തിലേതു പോലെ.

ഡ്രൈവര്‍ യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടു. കാറിന്റെ സുരക്ഷാ സന്നാഹങ്ങള്‍ തന്നെ രക്ഷിച്ചതായി അദ്ദേഹം പിന്നീട് പ്രഖ്യാപിച്ചു. സംഭവങ്ങളില്‍ അന്വേഷണം നടന്നുവരികയാണ്.

ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ എന്ന പേര് സമ്പാദിച്ച ടെസ്‌ല കാറുകള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ അമേരിക്കന്‍ ഓട്ടോമൊബൈല്‍ നിരീക്ഷകരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. എടുത്തുചാടി ആരും ഒന്നും പറയുന്നില്ലെങ്കിലും ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് കമ്പനി ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. ചിലയാളുകള്‍ ചോദിക്കുന്നത് ഇലക്ട്രിക് കാറുകള്‍ക്ക് പ്രത്യേകമായി സുരക്ഷാ പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ എന്നാണ്.

സാധാരണ എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ ഇടിക്കുന്നതും തീപ്പിടിക്കുന്നതും സാധാരണമാണ്. വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാതെ ഇവ പോകുമ്പോള്‍ ടെസ്‌ല മോഡല്‍ എസ് പോലുള്ള കാറുകള്‍ക്ക് ലഭിച്ച സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ ബാധ്യതയായി വരുന്നു. ബാറ്ററി പാക്കുകള്‍ക്ക് തീപ്പിടിത്തമുണ്ടാകാന്‍ സാധ്യത എപ്പോഴുമുണ്ട്. കൊടും വേഗതയില്‍ ചെന്നിടിച്ചാല്‍ ഏത് ടെസ്‌ലയിലും ദ്രവ്യങ്ങള്‍ തമ്മില്‍ ഉരസലുകളുണ്ടാകാനും തീപ്പിടിത്തം നടക്കുവാനും സാധ്യതയുണ്ട്.

എല്ലാ ഡ്രൈവര്‍മാരും ടെസ്‌ലയില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നു എന്നതില്‍ നിന്നു തന്നെ സംഗതികള്‍ ഏതാണ്ട് വ്യക്തമാണ്. ന്യായീകരിക്കാനാവാത്ത വേഗതയില്‍ പോയിട്ടും ജീവന്‍ പോകാത്ത ഒരു തീപ്പിടിത്തമല്ലേ ഉണ്ടായുള്ളൂ എന്നാണവര്‍ ചിന്തിക്കുന്നത്!


Click it and Unblock the Notifications








