തത്ക്കാൽ ബുക്കിംഗിൽ കൺഫോം ടിക്കറ്റ് കിട്ടാൻ പറ്റിയ സമയം ഏതാണെന്ന് അറിയാമോ? ഈ സമയങ്ങൾ നോക്കിവെച്ചോ
തീവണ്ടി യാത്രകൾ ഇഷ്‌ടപ്പെടാത്തവരായി അധികമാരും നമുക്കിടയിൽ ഉണ്ടാവില്ലല്ലോ. കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രകൾ സാധ്യമാക്കുന്ന ഇത്രയും പ്രായോഗികമായ മറ്റൊരു യാത്രാ സംവിധാനം ഇല്ലെന്ന് തന്നെ പറയാം. യുപിഐ ആപ്പുകളുടെ വരവോടെ ടിക്കറ്റും വിരൽത്തുമ്പിൽ കിട്ടുകയും ചെയ്യും. പക്ഷേ അപ്രതീക്ഷിതമായി ഒരു യാത്രയ്ക്ക് ഒരുങ്ങിയാൽ ട്രെയിനിൽ കൺഫോം ടിക്കറ്റ് കിട്ടിയേക്കണമെന്നുമില്ല. ഇത്തരക്കാരെ സഹായിക്കാനായി റെയിൽവേ നടപ്പിലാക്കിയ സംവിധാനമാണ് തത്ക്കാൽ ടിക്കറ്റ് ബുക്കിംഗ്. ട്രെയിൻ യാത്രക്കാർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഈയൊരു കാര്യം ഇപ്പോഴും കൃത്യമായി എങ്ങനെ വിനിയോഗിക്കണമെന്നും അറിയാത്തവരാണ് ഭൂരിഭാഗവും.
തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് സീറ്റുകൾ കിട്ടിമെന്നും ഉറപ്പൊന്നും പറയാനുമാവില്ല. ലോട്ടറി പോലെയാണ് സംഭവമെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. കിട്ടിയാൽ ഭാഗ്യമെന്ന് പറയാം. ചിലർക്ക് സീറ്റ് തെരഞ്ഞെടുത്ത് പണമടയ്ക്കാൻ പ്രോസസ് ആവുമ്പോഴേക്കും ചിലപ്പോൾ കൺഫോമായത് വെയിറ്റിംഗ് ലിസ്റ്റിലേക്ക് വരെ പോയേക്കാം. ആയതിനാൽ തത്ക്കാൽ ടിക്കറ്റിനായി പലരും ശ്രമിക്കുന്നത് വരെ ഉപേക്ഷിച്ചിട്ടുണ്ടാവും.

എന്നാൽ കൺഫോം തത്ക്കാൽ ടിക്കറ്റ് ലഭിക്കാനുള്ള ചില ടിപ്പുകൾ പറഞ്ഞുതരാം. ഇതിനായി ചില സമയക്രമങ്ങൾ പാലിച്ചാൽ ചിലപ്പോൾ ടിക്കറ്റ് പോക്കറ്റിലിരിക്കും. പക്ഷേ എപ്പോഴും ഇത് വർക്കൌട്ട് ആയിക്കോളണമെന്നുമില്ല കേട്ടോ. തത്ക്കാൽ ബുക്കിംഗിൽ കൺഫോം ടിക്കറ്റ് ലഭിക്കാൻ ഏറ്റവും സാധ്യതയുള്ള സമയം പറഞ്ഞുതരാം. ഐആർസിടിസിയുടെ കണക്കനുസരിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പ്രതിദിനം ഏകദേശം 2.25 ലക്ഷം യാത്രക്കാർ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ട്.
ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിംഗ് പാറ്റേണുകളുടെ വിശകലനം കാണിക്കുന്നത് എസി ക്ലാസിലെ ശരാശരി 108,000 ടിക്കറ്റുകളിൽ ആദ്യ മിനിറ്റിൽ 5,615 ടിക്കറ്റുകൾ (ഏകദേശം അഞ്ച് ശതമാനം) മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ എന്നാണ്. അതേസമയം രണ്ടാം മിനിറ്റിൽ 22,827 ടിക്കറ്റുകൾ (20 ശതമാനത്തിലധികം) ബുക്ക് ചെയ്യപ്പെടുന്നുമുണ്ട്. കൂടുതൽ വിശകലനത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വിൻഡോ തുറന്ന് ആദ്യ 10 മിനിറ്റിനുള്ളിൽ 67,159 ടിക്കറ്റുകൾ അതായത് ഏകദേശം 62.5 ശതമാനത്തോളം ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ആദ്യ മണിക്കൂറിലെ കണക്കെടുത്താൽ 92,861 ടിക്കറ്റുകൾ (86 ശതമാനം) എയർ കണ്ടീഷൻഡ് (AC) വിഭാഗത്തിലാണ് ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ മണിക്കൂറിനും നാലാം മണിക്കൂറിനും ഇടയിൽ 4.7 ശതമാനം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടപ്പോൾ 6.2 ശതമാനം ടിക്കറ്റുകൾ നാലാം മണിക്കൂറിനും പത്താം മണിക്കൂറിനും ഇടയിലാണ് വിറ്റഴിയുന്നത്. ശേഷിക്കുന്ന 3.01 ശതമാനം ടിക്കറ്റുകൾ 10 മണിക്കൂറിന് ശേഷമാണ് ബുക്ക് ചെയ്യപ്പെടുന്നത്.
മെയ് 24 മുതൽ ജൂൺ 2 വരെ നോൺ-എസി വിഭാഗത്തിൽ പ്രതിദിനം ശരാശരി 118,567 ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ഐആർസിടിസിയുടെ കണക്ക്. ഇതിൽ 4,724 ടിക്കറ്റുകൾ (4 ശതമാനം) ആദ്യ മിനിറ്റിൽ ബുക്ക് ചെയ്തു. അതേസമയം 20,786 ടിക്കറ്റുകൾ (17.5 ശതമാനം) രണ്ടാം മിനിറ്റിൽ വിറ്റു. മൊത്തം 66.4 ശതമാനം ടിക്കറ്റുകളും ആദ്യ 10 മിനിറ്റിനുള്ളിൽ വിറ്റഴിയുകയും ചെയ്‌തപ്പോൾ 84.02 ശതമാനം ടിക്കറ്റുകൾ ആദ്യ മണിക്കൂറിലാണ് ബുക്ക് ചെയ്‌തിരിക്കുന്നത്.

ശേഷിക്കുന്ന ടിക്കറ്റുകൾ തുടർന്നുള്ള 10 മണിക്കൂറിനുള്ളിലാണ് ആളുകൾ ബുക്ക് ചെയ്‌തത്. തത്കാൽ ടിക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലൂടെ തന്നെ ലഭ്യമാവുമെന്നാണ് ഈ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നത്. വിൻഡോ തുറന്ന് 8 മുതൽ 10 മണിക്കൂർ വരെ കഴിഞ്ഞാണ് മൊത്തം ടിക്കറ്റുകളുടെ ഏകദേശം 12 ശതമാനം ബുക്ക് ചെയ്യുന്നത്. ഐആർസിടിസിയുടെ റെയിൽ കണക്ട് എന്ന ആപ്പാണ് തത്ക്കാൽ ബുക്ക് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത്.
യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പാണ് തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നല്ല നെറ്റ്‌വർക്ക് ഉപയോഗിച്ച് ബുക്ക് ചെയ്‌താൽ കൺഫോം സീറ്റുകൾ ലഭിക്കാനും സാധ്യതയുണ്ട്. അത്യാവശ്യക്കാർക്ക് ട്രെയിൻ യാത്രയ്ക്ക് സൗകര്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് തത്ക്കാൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ വ്യാജൻമാർ ഇവിടെയുമുള്ളതിനാൽ ഇ-ആധാർ ഒഥന്റിക്കേഷൻ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് നിർബന്ധമാക്കുകയാണ് റെയിൽവേ.


Click it and Unblock the Notifications








