പാട്ട് കേൾക്കണേൽ ഇങ്ങനെ വേണം, മ്യൂസിക് സിസ്റ്റത്തിന് പണികിട്ടാതിരിക്കാനുള്ള ടിപ്പുകൾ
ഒരു ആഡംബര വസ്‌തുവിൽ നിന്നും ആവശ്യ വസ്‌തുവായി കാറുകൾ മാറിയത് വളരെ വേഗമായിരുന്നു. പണ്ടൊക്കെ അപ്പർ മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പോർച്ചിൽ മാത്രം കണ്ടിരുന്ന കാറുകൾ എന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളുടേയും മുറ്റങ്ങളിലെ സാന്നിധ്യമായി മാറിക്കഴിഞ്ഞു. കാർ സ്വന്തമായില്ലാത്തവരെ അങ്ങനെയൊന്നും ഇപ്പോൾ കാണാനാവില്ലെന്നതും സത്യമാണ്.
ഒന്നിച്ചുള്ള യാത്രകൾക്കും വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കുമെല്ലാം കാറുകൾ വേണമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാഹന വിപണിയിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. പണ്ടൊക്കെ ഒരു കാർ വാങ്ങിയാൽ ഷോറൂമിൽ നിന്നും ഇറക്കുമ്പോഴേ കൊണ്ടുപോവുന്നത് ഒരു മ്യൂസിക് സിസ്റ്റം വെക്കാനായിരിക്കും. യാത്രകളിൽ സംഗീതത്തിനുള്ള പ്രാധാന്യം ലോകത്ത് എവിടെയായാലും ഒന്നുതന്നെയാണ്. ഇന്ന് വിപണിയില്‍ ഇറങ്ങുന്ന കാറുകള്‍ എല്ലാം തന്നെ വ്യത്യസ്തങ്ങളായ നിരവധി ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

അതിൽ ഒന്നായിരിക്കും മ്യൂസിക് സിസ്റ്റം. പല കമ്പനികളും സെക്കന്റ് ബേസ് വേരിയന്റ് മുതൽ ഇൻബിൽറ്റായുള്ള സിസ്റ്റങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിംഗുകളുടെ ആവശ്യം ഇല്ലാതാക്കുന്നു. എങ്കിലും ബേസ് വേരിയന്റ് വാങ്ങുന്നവരെല്ലാം പുറത്തുനിന്നും മ്യൂസിക് സിസ്റ്റവും ടച്ച്സ്ക്രീനുമൊക്കെ വാങ്ങാറാണ് പതിവ്. കാറിൽ ഒരു നല്ല ഓഡിയോ സിസ്റ്റം ഉണ്ടെങ്കിൽ ഡ്രൈവിംഗ് ഫീലിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയും.
പക്ഷേ വാഹനങ്ങളിലെ മറ്റേതൊരു പാർട്‌സിനെയും പോലെ തന്നെ ഇവയ്ക്കും കൃത്യമായ മെയിന്റനെൻസ് ആവശ്യമാണെന്ന കാര്യം പലരും ഓർമിക്കാറില്ല. ബാറ്ററി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇവയ്ക്ക് ഒരു കുഴപ്പവും സംഭവിക്കെല്ലന്ന തെറ്റായ ധാരണയാണ് പലരിലുമുള്ളത്. കാറിന്റെ മറ്റേതൊരു ഘടകത്തെയും പോലെ, ഇൻ-കാർ ഓഡിയോ സിസ്റ്റത്തിനും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ചില അടിസ്ഥാന അറ്റകുറ്റപ്പണികൾ ആവശ്യമാണ്. കാർ ഓഡിയോ സിസ്റ്റം ദീർഘകാലത്തേക്ക് നിലനിർത്താനും മികച്ച രീതിയിൽ പ്രവർത്തിക്കാനും ആവശ്യമായ ചില ടിപ്പുകൾ പറഞ്ഞു തരാം...

കാറിലെ മ്യൂസിക് സിസ്റ്റം ബാറ്ററിയുടെ കരുത്തിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ ബാറ്ററിയുടെ മെയിന്റനെൻസിലും ഹെൽത്തിലും ഒന്നും ഒരു വിട്ടുവീഴ്ച്ചക്കും ഇടംകൊടുക്കരുത്. പവർ സ്റ്റോറേജിൽ നിന്ന് ഊർജം വലിച്ചെടുക്കുന്നതിനാൽ, ബാറ്ററി തകരാറിലായാൽ ഓഡിയോ സിസ്റ്റവും പ്രവർത്തന രഹിതമാവും. ആയതിനാൽ ബാറ്ററി മികച്ച രീതിയിൽ തന്നെ സൂക്ഷിക്കുന്നതിനൊപ്പം നല്ല ബ്രാൻഡുകളുടെ ബാറ്ററിയും വാഹനത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുക.
ഹെഡ് യൂണിറ്റ്, സ്പീക്കറുകൾ, ആംപ്ലിഫയറുകൾ എന്നിവ ഉൾപ്പെടെയുള്ള ഓഡിയോ സിസ്റ്റം ഘടകങ്ങൾ പതിവായി വൃത്തിയാക്കുന്നതും ആവശ്യമായ കാര്യമാണ്. മ്യുസിക് സിസ്റ്റത്തിലെ പൊടിയും മറ്റ് അഴുക്കുകളും നീക്കം ചെയ്യാൻ മൃദുവായ മൈക്രോ ഫൈബർ ഉപയോഗിക്കുക. ക്ലീനിംഗിനായി രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇവ സിസ്റ്റത്തിന്റെ നിർണായക ഘടകങ്ങളെയും അവയുടെ പ്രതലങ്ങളെയും നശിപ്പിക്കുന്നതിനാലാണ് ഒഴിവാക്കാനുള്ള നിർദേശം നൽകുന്നത്.

കൂടാതെ വൃത്തിയാക്കുമ്പോൾ ലൂസ് കണക്ഷനുകളും ഏതെങ്കിലും വയറുകളോ മറ്റോ ദ്രവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക. കാരണം ഇത് ഓഡിയോ സിസ്റ്റത്തെ നശിപ്പിക്കും. അത്തരം നിർണായക കാർ ഘടകങ്ങളുടെ മറ്റൊരു ശത്രുവാണ് ഈർപ്പം. ഇത് ഓഡിയോ സിസ്റ്റത്തെ വേഗത്തിൽ നശിപ്പിക്കും. അതിനാൽ മഴയോ മഞ്ഞോ ഉള്ള സമയത്ത് നിങ്ങളുടെ കാറിന്റെ വിൻഡോകൾ തുറന്നിടുന്നത് ഒഴിവാക്കുക.
ചൂട് കാലാവസ്ഥ കാറിന്റെ എക്സ്റ്റീരിയർ പെയിന്റിനും ടയറിനും മാത്രമല്ല കേടുവരുത്തുക. ഓഡിയോ സിസ്റ്റം പോലുള്ള ക്യാബിൻ ഘടകങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വാഹനത്തിന്റെ മ്യൂസിക് സിസ്റ്റത്തിൽ സങ്കീർണമായ ഘടകങ്ങളാണ് ഉൾക്കൊള്ളുന്നത്. ആയതിനാൽ കനത്ത ചൂട് ഇവ കേടുവരുത്താൻ കാരണമായേക്കും. അതിനാൽ പാർക്കിംഗ് സമയത്ത് വെയിലത്തു നിന്നും ഒഴിവാക്കി തണലത്തോ മറ്റോ ഇടുന്നതാവും ഉചിതം.

അല്ലെങ്കിൽ സൂര്യരശ്മികൾ ക്യാബിനിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് തടയുന്ന ഏതെങ്കിലും പ്രദേശങ്ങളിൽ പാർക്ക് ചെയ്യാം. ഇത് ക്യാബിൻ പുറത്തെ താപനിലയേക്കാൾ തണുപ്പിക്കുക മാത്രമല്ല ഓഡിയോ സിസ്റ്റത്തെ സംരക്ഷിക്കുകയും ചെയ്യും. വെയിലത്തോ ചൂടുള്ള സ്ഥലങ്ങളിലോ ആണ് കാർ പാർക്ക് ചെയ്യുന്നതെങ്കിൽ മ്യൂസിക് സിസ്റ്റത്തിനും പണി കിട്ടുമെന്ന് ഇനിയെങ്കിലും ഓർമിക്കണം.
കാർ മ്യൂസിക് സിസ്റ്റത്തിന്റെ ഏറ്റവും ദുർബലമായ ഘടകങ്ങളിലൊന്നാണ് സ്പീക്കറുകൾ. ദീർഘകാലത്തേക്ക് ഉയർന്ന ശബ്ദത്തിൽ മ്യൂസിക് പ്ലേ ചെയ്യുന്നതും സ്പീക്കറിന് പണികിട്ടാൻ സാധ്യതയുള്ള കാര്യമാണ്. ഇതോടൊപ്പം നിങ്ങളുടെ കേൾവി ശക്തിയേയും ഇത് പ്രതികൂലമായി ബാധിക്കും. ആയതിനാൽ ഹൈ വോളിയത്തിലുള്ള സംഗീത ആസ്വാദനം കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. മികച്ച ശബ്‌ദ നിലവാരം ഉറപ്പാക്കാൻ ഉയർന്ന നിലവാരമുള്ള ഓഡിയോ ഫയലുകൾ ഉപയോഗിക്കാനും ശ്രമിക്കണം.

കാറിന്റെ ഓഡിയോ സിസ്റ്റം പതിവായി ഉപയോഗിക്കാനും മറക്കരുത്. എഞ്ചിനും മറ്റ് ഘടകങ്ങളും പോലെ തന്നെ ഇവയക്കും പതിവ് ഉപയോഗം ആവശ്യമായി വരുന്നുണ്ട്. പക്ഷേ ഇവിടെയും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. കാറിന്റെ എഞ്ചിൻ ഓഫാക്കുന്നതിന് മുമ്പ് ഓഡിയോ സിസ്റ്റം ഓഫ് ചെയ്യുക. കാരണം എഞ്ചിൻ ഓഫാക്കുമ്പോഴോ ഓൺ ചെയ്യുമ്പോഴോ വോൾട്ടേജ് സ്‌പൈക്കുകൾ ഓഡിയോ സിസ്റ്റത്തെ തകരാറിലാക്കിയേക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ സിസ്റ്റം ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കാനാവും.


Click it and Unblock the Notifications








