സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവരെല്ലാം ഒരുപോലെ ചെയ്യുന്ന തെറ്റ്! ഇനിയേലും ഇതുനോക്കി വേണം വണ്ടിയെടുക്കാൻ
ഇന്ത്യയിൽ യൂസ്‌ഡ് കാറുകൾക്കുള്ള ഡിമാന്റ് കുതിച്ചുയരുകയാണ്. അതിന്റെ പ്രധാന കാരണം പുതിയ കാറുകൾക്ക് മുടക്കേണ്ടി വരുന്ന ഉയർന്ന വിലയാണ്. ഓരോ വർഷവും മൂന്നും നാലും തവണയെല്ലാം വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത് സ്ഥിരം കാഴ്ച്ചയായിട്ടുണ്ട്. എന്തായാലും സെക്കൻഡ് ഹാൻഡ് വിപണിക്ക് ഇതൊരു ഊർജം തന്നെയാണ്. പുതിയ കാറിന് മുടക്കുന്നതിന്റെ പകുതി വിലയോളം മതി അതേ വണ്ടിയുടെ സെക്കൻഡ് ഹാൻഡ് വാങ്ങാൻ എന്നതാണ് രസകരമായ കാര്യം. അധികം കിലോമീറ്ററുകൾ ഓടാത്തതും നല്ലപോലെ മെയിന്റനെൻസ് ചെയ്‌തതുമായി ധാരാളം മോഡലുകൾ സുലഭമായി നാട്ടിലുണ്ട് താനും.
പോരാത്തതിന് അനേകം യൂസ്‌ഡ് കാർ ഡീലർമാരും നാട്ടിലുള്ളത് ഭാഗ്യം തന്നെയാണ്. പക്ഷേ നോക്കിയും കണ്ടും വാങ്ങിയില്ലേൽ പണികിട്ടുമെന്നതാണ് സെക്കൻഡ് ഹാൻഡ് വണ്ടികൾ വാങ്ങാൻ ചെല്ലുമ്പോഴുള്ള വെല്ലുവിളി. ഇനി പറയുന്ന കാശ് കൊടുത്ത് വാങ്ങിയാൽ പേപ്പർ വർക്കുകളെല്ലാം ചെയ്യാൻ പലർക്കും മടിയുള്ള കാര്യമാണ്. സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുന്നവർ ശരിയായ രീതിയിൽ പേപ്പർ വർക്ക് പൂർത്തിയാക്കുന്നില്ലെന്ന നിരവധി സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പേപ്പർ വർക്ക് എന്നതുകൊണ്ട്, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) യും ഇൻഷുറൻസും ശരിയായ രീതിയിൽ കൈമാറ്റം ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത് കേട്ടോ. ഇതിനൊക്കെ വലിയ മെനക്കേടാണെന്നാണ് പലരുടേയും വിചാരം. ആർസി പലരും കൈയ്യോടെ മാറുമെങ്കിലും ഇൻഷുറൻസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ മടികാണിക്കാറുണ്ട്. നിലവിലുള്ള ഇൻഷുറൻസ് വാലിഡിറ്റി കഴിയട്ടേയെന്നാവും ചിലർ ചിന്തിക്കുക.
മറ്റുചിലർക്ക് ഈ കാര്യത്തെക്കുറിച്ച് വലിയ ധാരണയും ഉണ്ടാവില്ല. ഇൻഷുറൻസ് പുതിയ ഉടമയുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാതിരിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങൾക്ക് വരെ കാരണമായേക്കും. എങ്ങനെയാണെന്നാണോ ചിന്തിക്കുന്നത്, ഇൻഷുറൻസ് പോളിസി പുതിയ ആർസി ഓണറുടെ പേരിലേക്ക് മാറ്റിയില്ലെങ്കിൽ ഭാവിയിൽ ഇൻഷുറൻസ് ക്ലെയിമോ മറ്റ് നിയമ പരിരക്ഷയോ ലഭിക്കില്ല.

അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് നമുക്ക് തുടങ്ങാം. പോളിസി ഉടമയും ഇൻഷുററും തമ്മിൽ ഒപ്പുവയ്ക്കുന്ന ഒരു കരാറാണ് കാർ ഇൻഷുറൻസ് പോളിസി. ഇൻഷ്വർ ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഉടമയാണ് സാധാരണയായി പോളിസി ഉടമ. വാഹനം വിൽക്കുമ്പോൾ, ഉടമസ്ഥാവകാശം മാറുകയും മുൻ ഉടമയുടെ ഇൻഷുറൻസ് പോളിസി അസാധുവാകുകയും ചെയ്യും. മോട്ടോർ വാഹന നിയമപ്രകാരം, പൊതുനിരത്തുകളിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും സാധുവായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.
പോളിസി ഉടമകൾക്ക് കുറഞ്ഞത് തേർഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണമെന്നതാണ് നിയമം. യൂസ്‌ഡ് കാർ വാങ്ങുമ്പോൾ മുൻ ഉടമയുടെ പോളിസി അസാധുവാകും. പുതിയ ഉടമ പോളിസി സ്വന്തം പേരിലേക്ക് മാറ്റാതെ വാഹനം ഓടിക്കുന്നതും നിയമലംഘനമാണ്. നിയമപരമായ പ്രശ്‌നങ്ങൾക്ക് പുറമേ, ഉടമയ്ക്ക് ഗുരുതരമായ സാമ്പത്തിക ബാധ്യതയും ഇത് വരുത്തിവെക്കാം.

പോളിസിയുടെ കാലവധി കഴിഞ്ഞിട്ടില്ലെങ്കിലും നിർഭാഗ്യവശാൽ ഒരു അപകടത്തിൽ ചെന്നുപെട്ടാൽ പുതിയ ഉടമയ്ക്ക് യാതൊരു വിധത്തിലുള്ള ക്ലെയിമുകളും ലഭിക്കുകയില്ല. മുൻ ഉടമയുടെ പോളിസി ഉപയോഗിച്ച് പുതിയ ആർസി ഉടമ വാഹനമോടിക്കുന്നത് സാധുവായ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിന് സമാനമാണ്. ഒരു അപകടം സംഭവിച്ചാൽ, ഉടമ തന്റെ കാറിന്റെ അറ്റകുറ്റപ്പണികൾക്കും മൂന്നാം കക്ഷി സ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിക്കേറ്റ ആരുടെയെങ്കിലും മെഡിക്കൽ ചെലവുകൾക്കും കവറേജ് നൽകേണ്ടിവരും.
ഇത് ചിലപ്പോൾ ഒരു വലിയ തുകയായേക്കാം. അവസാനം ഇതൊരു വലിയ സാമ്പത്തിക പ്രശ്‌നത്തിലേക്ക് നിങ്ങളെ നയിച്ചേക്കും. ആർസിയിലെ വിശദാംശങ്ങൾ പോളിസിയിലുള്ളവയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. സെക്കൻഡ് ഹാൻഡ് കാറുകൾക്കുള്ള ഇൻഷുറൻസ് ട്രാൻസ്ഫർ ലളിതമാണെന്ന കാര്യം പലർക്കും അറിയില്ലെന്നതാണ് സത്യം. ഇനി ഇത്തരത്തിൽ പേര് മാറ്റുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം കേട്ടോ.
വിൽപ്പനക്കാരൻ ആദ്യം ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. തുടർന്ന് കാറിന്റെ മുൻ ഉടമ ആദ്യം കാർ മറ്റൊരാൾക്ക് വിറ്റതായി ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. ഇതിനായി, RTO വെബ്‌സൈറ്റിൽ നിന്ന് ഫോം 28, 29, 30 എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. ക്ലിയറൻസ് സർട്ടിഫിക്കറ്റും വിൽപ്പന തെളിവും: ഇൻഷുറൻസ് കൈമാറുന്നതിനുമുമ്പ്, വാഹനത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും സെയിൽ ലെറ്ററും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.


Click it and Unblock the Notifications








