കാർ പുതിയത് പോലെ തിളങ്ങാൻ പിപിഫ് ആണോ സെറാമിക് കോട്ടിംഗാണോ നല്ലത്? ഇത് വായിച്ചിട്ട് തീരുമാനിച്ചാൽ മതി
കാർ വാങ്ങുകയെന്നത് ഏതൊരു മനുഷ്യനേയും സംബന്ധിച്ച് വലിയൊരു സ്വപ്‌നമായിരിക്കും. അതും പുതിയ ഒന്ന് സ്വന്തമാക്കാനായിരിക്കും പലരുടേയും ആഗ്രഹം. അതിന് പറ്റാത്തവരായിരിക്കും സെക്കൻഡ് ഹാൻഡിലേക്ക് പോവുക. പുതിയ കാർ വാങ്ങിയാൽ തട്ടാതെയും മുട്ടാതെയും പൊന്നുപോലെ കൊണ്ടുനടക്കാനായിരിക്കും നമ്മുടെയെല്ലാം ശ്രമം. പൊന്നുംവില കൊടുത്ത് വാങ്ങിയ വണ്ടിയിൽ ഒരു ചെറിയ പോറൽ വീണാൽ പോലും ഹൃദയം തകരും. ഇഷ്ടവാഹനം ഒരു പോറലു പോലുമേല്‍പിക്കാതെ കൊണ്ടുപോവാനാണ് എല്ലാവരും ആഗ്രഹിക്കുക. അതിനു പറ്റിയ വഴികള്‍ വാഹനം വാങ്ങുന്നതിനു മുമ്പേ ഇപ്പോൾ ആളുകൾ ചിന്തിക്കുന്നുണ്ട്. അവിടെയാണ് കാർ ഡീറ്റെയിലുംഗ് കേന്ദ്രങ്ങളുടെ പ്രസക്തി വരുന്നതും.
അടുത്തകാലത്തായി ഇന്ത്യയിൽ സെറാമിക് കോട്ടിംഗിനും പിപിഎഫിനുമെല്ലാം വലിയ ഡിമാന്റാണുള്ളത്. പുത്തൻ കാർ ഷോറൂമിൽ നിന്നും പുറത്തിറക്കിയാൽ ആദ്യം ഓടുന്നതും പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകളോ സെറാമിക് കോട്ടിംഗോ ചെയ്യാനാവും. എന്നാൽ ഈ ഓപ്ഷനുകളുടെ ഗുണങ്ങൾ എന്തൊക്കെയാണും പിപിഎഫാണോ അതോ സെറാമിക്കാണോ ചെയ്യേണ്ടതെന്നും അറിയാതെ ആശയക്കുഴപ്പത്തിലാവുന്നവരാവും അധികവും.

ഇത്തരക്കാർക്കായി എന്താണ് സെറാമിക് കോട്ടിംഗും പിപിഎഫും എന്നെല്ലാം പറഞ്ഞുതരാം. മാത്രമല്ല, ഏതാണ് ഇതിൽ നിങ്ങളുടെ കാറിന് അനുയോജ്യമെന്നും ഇത് വായിച്ചാൽ മനസിലാക്കിയെടുക്കാം. പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകളുടേയും സെറാമിക് കോട്ടിംഗിന്റെയും ഗുണദോഷങ്ങളും വിവരിക്കാം. കാറിന്റെ പെയിന്റ് നഷ്ടപ്പെടാൻ ആഗ്രഹമില്ലാത്തവർരെല്ലാം ഇത് വായിച്ചിട്ട് തീരുമാനമെടുത്താൽ മതിയേ.
പിപിഎഫ്: പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം അല്ലെങ്കിൽ PPF എന്നത് കാറിൻ്റെ ബോഡി വർക്കിൽ പ്രയോഗിക്കുന്ന വ്യക്തവും കട്ടിയുള്ളതും ഈടുനിൽക്കുന്നതുമായ ഒരു ഫിലിമാണ്. ചെറിയ പോറലുകൾ ഉണ്ടാകാതിരിക്കാൻ കാറിന്റെ ബോഡിയിൽ മുഴുവനായി ഇത് പതിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. സുതാര്യമായ ഒരു ഫിലിം ഒട്ടിച്ചുകൊണ്ട് വാഹനത്തിന്റെ പെയിന്റിന് സംരക്ഷണം നല്‍കുന്ന ഈ സംഗതിക്ക് ഇപ്പോൾ വലിയ ഡിമാന്റാണുള്ളതും.

സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന മങ്ങലിൽ നിന്ന് കാറിൻ്റെ പെയിൻ്റിനെ സംരക്ഷിക്കുന്നതിന് പുറമെ റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച വഴിയാണ് പെയിനറ് പ്രൊട്ടക്ഷൻ ഫിലിമുകൾ എന്നുവേണം പറയാൻ. പ്രത്യേകിച്ചും ഫ്രണ്ട് എൻഡ് അല്ലെങ്കിൽ വീൽ ആർച്ചുകൾ പോലുള്ള കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾക്ക് ഇത് ഉപയോഗപ്രദമാണ്.
പിപിഎഫ് ഉപയോഗിച്ചിടത്ത് എന്തെങ്കിലും പോറൽ പറ്റിയാൽ സെൽഫ്-ഹീലിംഗ് സംവിധാനമുള്ള ഫിലിമുകൾ വരെ ഇപ്പോൾ ലഭ്യമാണ്. എന്നിരുന്നാലും ഈ രീതിക്ക് ചില പോരായ്മകളും ഉണ്ട്. ഉദാഹരണത്തിന് പിപിഎഫ് പൊതുവെ സെറാമിക് കോട്ടിംഗിനെക്കാൾ ചെലവേറിയതാണ്. അത് കൃത്യമായി ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഫിലിമിൻ്റെ അരികുകൾ മുഴച്ചുനിൽക്കാൻ സാധ്യതയുണ്ട്.

ഇത് കാറിന്റെ മൊത്തത്തിലുള്ള ലുക്കിനെ ബാധിച്ചേക്കാം. നിലവാരം കുറഞ്ഞ പിപിഎഫുകൾ കാലപ്പഴക്കം ചെല്ലുന്തോറും മഞ്ഞനിറമാകാനുമുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇളം നിറമുള്ള കാറുകളിൽ ഇത് വേഗത്തിൽ ദൃശ്യമാവുകയും ചെയ്യും. അതിനാൽ പൈസ നോക്കാതെ നല്ല നിലവാരത്തിലുള്ള പിപിഎഫുകൾ തിരഞ്ഞെടുക്കാൻ കാർ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം നല്ല രീതിയിൽ വൃത്തിക്ക് പണിചെയ്യുന്ന കാർ ഡീറ്റെയിലിംഗ് സ്ഥാപനങ്ങളിൽ ചെയ്യാനും ശ്രമിക്കണേ.
സെറാമിക് കോട്ടിംഗ്: പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സെറാമിക് കോട്ടിംഗ് കാറിൻ്റെ ഉപരിതലത്തിൽ പ്രയോഗിക്കുന്ന ഒരുതരം ലിക്വിഡ് പോളിമറാണ്. പെയിൻ്റിൻ്റെ വ്യക്തമായ കോട്ടിന് മുകളിൽ ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കുന്നതാണ് സംഭവം. കാറിന് മികച്ച തിളക്കം നല്‍കാന്‍ സെറാമിക്കിന് സാധിക്കുമെന്നതിലുപരി അസിഡിക്കായ ജലം, പക്ഷി കാഷ്ഠം മുതലായവയിൽ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്നും ഈ കോട്ടിംഗിന് സാധിക്കും.
പുതിയതായാലും പഴയതായാലും കാറിന് തിളക്കം തോന്നിപ്പിക്കുന്ന ഗ്ലാസ് പോലെ തോന്നിക്കുന്ന ഫിനിഷിംഗാണ് സെറാമിക് കോട്ടിംഗിന്റെ പ്രത്യേകത. ഈ കോട്ടിംഗ് ഹൈഡ്രോഫോബിക് ഗുണങ്ങളും ചേർക്കുന്നുണ്ട്. അതായത് വെള്ളം, അഴുക്ക്, പൊടി എന്നിവ സ്വയമേവ അല്ലെങ്കിൽ ഒരു ചെറിയ വെള്ളം കൊണ്ട് പോലും ബോഡിയിൽ നിന്നും അപ്രത്യക്ഷമാവും. സൂര്യനിൽ നിന്നുള്ള യുവി ലൈറ്റിൽ നിന്നും സംരക്ഷണം നൽകുകയും സെറാമിക്കിൻ്റെ ഗുണനിലവാരം അനുസരിച്ച് ഓക്സിഡേഷനും പെയിൻ്റ് മങ്ങലും ഒരു പരിധി വരെ തടയുകയും ചെയ്യും.
ശരിയായി മെയിന്റനെൻസ് ചെയ്യുകയാണെങ്കിൽ ഈ കോട്ടിംഗ് സാധാരണയായി വർഷങ്ങളോളം നീണ്ടുനിൽക്കും. അതുവഴി വാക്സിംഗ് ആവശ്യം ഇല്ലാതാക്കുന്നു. ഏകദേശം 5 വർഷം വരെയാണ് സെറാമിക് കോട്ടിംഗിന് പറയുന്ന കാലവധി. നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോലെ സെറാമിക്കിനും ചില ദോഷങ്ങളുമുണ്ട്. ചെറിയ പോറലുകൾക്കെതിരെ ഇത് സംരക്ഷണം നൽകുമെങ്കിലും കല്ലടിച്ചുണ്ടാവുന്ന പ്രശ്നങ്ങൾക്കും വലിയ പോറലുകൾക്കും സെറാമിക് കോട്ടിംഗ് ഫലപ്രദമല്ല.
പിപിഎഫിനേക്കാൾ 5 മടങ്ങ് വിലകുറഞ്ഞതാണെങ്കിലും ഉയർന്ന ഗ്രേഡ് പ്രൊഫഷണൽ സെറാമിക് കോട്ടിംഗ് ഇപ്പോഴും ചെലവേറിയതാണ്. ശ്രദ്ധയോടെയും കുറഞ്ഞ ഓഫ്-റോഡ് പരിതസ്ഥിതിയിലും ഓടിക്കുന്ന ഉടമൾക്ക് ഇത് മികച്ച ഓപ്ഷനാണ്. ഇനി ഇതിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് ചോദിച്ചാൽ സംരക്ഷണമാണ് നിങ്ങളുടെ പ്രധാന മുൻഗണനയെങ്കിൽ പ്രത്യേകിച്ച് റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ തടുക്കുന്നതിന് പിപിഎഫ് ആയിരിക്കും മികച്ചത്.
എന്നാൽ കാറിന്റെ തിളക്കം നിലനിർത്തണമെന്നും അറ്റകുറ്റപ്പണികൾ എളുപ്പമാവുകയും വേണമെന്നുള്ളവർക്ക് സെറാമിക് കോട്ടിംഗ് കൂടുതൽ താങ്ങാനാവുന്ന പരിഹാരമായിരിക്കും. പല മിഡ്-റേഞ്ച് കാറുകൾക്കും ഇവ രണ്ടും കൂടിച്ചേർന്നതാണ് അനുയോജ്യം. അതായത് ഉയർന്ന ഇംപാക്ട് ഏരിയകളിൽ (ബമ്പറുകളും ബോണറ്റും പോലുള്ളവ) പിപിഎഫ് പ്രയോഗിക്കുന്നതും ബാക്കി ഭാഗങ്ങളിൽ ഒരു സെറാമിക് കോട്ടിംഗും കൊടുക്കുന്നതുമാവും നല്ലത്.


Click it and Unblock the Notifications








