ട്രെയിനിലെ കോച്ചുകളുടെ നിറങ്ങൾക്ക് പിന്നിലും ഒരു കാരണമുണ്ട്, എങ്കിലും ഇതൊന്നും നമ്മളറിയാതെ പോയല്ലോ
ജീവിതത്തിൽ ഒരുതവണയെങ്കിലും ട്രെയിൻ യാത്രകൾ ചെയ്യാത്ത മനുഷ്യരുണ്ടാവില്ല അല്ലേ. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗങ്ങളിൽ ഒന്നാണ് തീവണ്ടികൾ എന്ന് ഏവർക്കും അറിയാമല്ലോ. ഇന്ത്യൻ ഗതാഗത സംവിധാനത്തിൻ്റെ ജിവനാഢിയായി അറിയപ്പെടുന്ന ട്രെയിനുകൾക്ക് വളരെ കൌതുകം നിറഞ്ഞ പല കഥകളും പറയാനുണ്ടാവും. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സഞ്ചരിക്കുന്ന ട്രെയിൻ്റെ നിറം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ചുവപ്പ്, നീല, പച്ച എന്നിങ്ങനെ പല നിറങ്ങളിലായി വിവിധ തരം ട്രെയിനുകൾ നാം കണ്ടിട്ടുണ്ടാവുമല്ലോ. ഇവയ്ക്ക് വ്യത്യസ്‌ത നിറങ്ങൾ നൽകാൻ കാരണമെന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.
ഈ നിറങ്ങൾ ക്രമരഹിതമായോ സൗന്ദര്യത്തിനോ വേണ്ടി നൽകിയിരിക്കുന്നതല്ല കേട്ടോ. പകരം അവ ട്രെയിൻ്റെ വിഭാഗം, സൗകര്യങ്ങൾ, ചിലപ്പോൾ അതിൻ്റെ പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന വിഷ്വൽ കോഡിംഗ് സംവിധാനമാണ്. കോച്ചുകൾക്ക് വെറുതെ ഏതെങ്കിലുമൊരു നിറം നൽകിയതല്ല. ഓരോ നിറത്തിനും അതിന്‍റേതായ കർത്തവ്യവും പ്രാധാന്യവുമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ട്രെയിൻ യാത്രകൾ കൂടുതൽ എളുപ്പമായിരിക്കും.

ആളുകൾക്ക് തങ്ങളുടേത് ഏത് കോച്ച് ആണെന്നും അവരുടെ യാത്രയിൽ എന്തൊക്കെ സൗകര്യങ്ങൾ പ്രതീക്ഷിക്കാം എന്നും ഈ സംവിധാനം വഴി മനസിലാക്കാനാവും. ഇന്ത്യയിലെ മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് നീല കോച്ചുകളാണ്. സാധാരണയായി ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ICF) രൂപകൽപ്പനയിൽ പെടുന്ന ഇവ സ്ലീപ്പർ, ജനറൽ നോൺ-എസി ക്ലാസുകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
താങ്ങാനാവുന്ന ടിക്കറ്റ് നിരക്കും പ്രവേശനക്ഷമതയുമാണ് നീല നിറവുമായി ബന്ധപ്പെട്ടിരിക്കുന്നത്. യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും, പ്രത്യേകിച്ച് തിരക്കേറിയ പ്ലാറ്റ്‌ഫോമുകളിൽ എളുപ്പത്തിൽ തിരിച്ചറിയാൻ ഈ നിറം സഹായിക്കുന്നുമുണ്ട്. ജനറൽ കോച്ചുകൾക്കും സ്ലീപ്പർ കോച്ചുകൾക്കുമാണ് നീല നിറം നൽകുന്നത്. കോച്ചുകളുടെ നിറത്തിനും ഒരു കാരണമുണ്ടെന്ന കാര്യം മനസിലായില്ലേ.

ഇനി ചുവന്ന കളറിലുള്ള കോച്ചുകളുടെ കാര്യത്തിലേക്ക് വന്നാൽ ലിങ്ക് ഹോഫ്മാൻ ബുഷ് (LHB) ഡിസൈനുമായി ചുവന്ന കോച്ചുകൾ ബന്ധപ്പെട്ടിരിക്കുന്നു. ആദ്യം ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്യുകയും പിന്നീട് ഇന്ത്യയിൽ നിർമിക്കുകയും ചെയ്തവയാണ് ഈ കോച്ചുകൾ. വേഗത, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാണ് ഈ കോച്ചുകൾ കാണപ്പെടുന്നത്.
ചുവപ്പ് നിറമുള്ളവ സാധാരണയായി എയർ കണ്ടീഷൻ ചെയ്ത കോച്ചുകളെ സൂചിപ്പിക്കുന്നു. പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സേവനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ ഈ നിറം യാത്രക്കാരെ സഹായിക്കുന്നു. നീലയെ അപേക്ഷിച്ച് ഈ കോച്ചുകളിൽ പലപ്പോഴും മികച്ച ഇൻ്റീരിയറുകളും സൗകര്യങ്ങളും ഉണ്ടുതാനും. റെഡ് കോച്ചുകൾ അന്തസും ആധുനികതയുമാണ് പ്രതിനിധീകരിക്കുന്നത്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഉയർന്ന മുൻഗണനയുള്ള റൂട്ടുകളിലാണ് ഇവ സാധാരണയായി വിന്യസിച്ചിരിക്കുന്നത്.

ഇനി പച്ച നിറത്തിലുള്ള കോച്ചുകളും പലരും കണ്ടിട്ടുണ്ടാവും അല്ലേ. കുറഞ്ഞ നിരക്കിൽ എയർ കണ്ടീഷൻ ചെയ്ത യാത്ര നൽകുന്നതിനായി 2005 ൽ അവതരിപ്പിച്ച ഗരീബ് രഥ് എക്സ്പ്രസിലാണ് ആദ്യമായ പച്ച കോച്ചുകൾ പ്രത്യക്ഷപ്പെട്ടത്. പ്രീമിയം എസി നിരക്കുകൾ താങ്ങാനാവാത്തതായി തോന്നുന്ന ഇടത്തരക്കാർക്ക് സുഖസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കിനും ആധുനിക സൗകര്യങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തുകയായിരുന്നു ഇവയുടെ പ്രധാന ലക്ഷ്യം.
നീലയ്ക്ക് മുമ്പ് ഇന്ത്യൻ റെയിൽവേയുടെ ആദ്യകാലങ്ങളിലെ പൊതുവായ നിറമായിരുന്നു മെറൂൺ. ഒരുകാലത്ത് പാസഞ്ചർ ട്രെയിനുകളിൽ പ്രത്യേകിച്ച് 20-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണ് തീവണ്ടികൾക്ക് ഈ നിറം ഉപയോഗിച്ചിരുന്നത്.മെറൂൺ പൈതൃകത്തെയും ഗൃഹാതുരത്വത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് യാത്രക്കാരെ റെയിൽവേയുടെ നീണ്ട ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു. ഇന്ന് അത്ര സാധാരണമല്ലെങ്കിലും, ചില റൂട്ടുകളിൽ ഇപ്പോഴും മെറൂൺ കോച്ചുകൾ കാണാൻ കഴിയും.
ഈ പ്രധാന നിറങ്ങൾക്കപ്പുറം പ്രത്യേക ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി കോച്ചുകൾക്ക് മറ്റ് നിറങ്ങളും നൽകാറുണ്ട്. ലേഡീസ് കമ്പാർട്ടുമെൻ്റുകളെയോ പ്രത്യേക റിസർവ്ഡ് കോച്ചുകളെയോ അടയാളപ്പെടുത്താൻ കോച്ചുകളിൽ ചിലപ്പോൾ മഞ്ഞ വരകൾ ഉപയോഗിക്കാറുണ്ട്. ഇത് തിരക്കേറിയ സ്റ്റേഷനുകളിൽ പോലും കമ്പാർട്ട്മെൻ്റുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു. ഇതൊക്കെയാണ് ട്രെയിനിലെ കോച്ചുകളും അവയുടെ നിറങ്ങളും അർഥമാക്കുന്നതെന്ന് ഇനിയെങ്കിലും ഓർത്തുവെച്ചോളൂ...


Click it and Unblock the Notifications








