പലർക്കും ഇതൊന്നും അറിയില്ല, വേനൽക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വേനൽചൂട് അതിന്റെ പാരമ്യത്തിലേക്ക് എത്തുകയാണ്. മുന്‍കാലങ്ങളെക്കാള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിനെ പേടിച്ച് പുറത്തിറങ്ങാന്‍ തന്നെ പലര്‍ക്കും മടിയാണ്. എങ്കിലും ജോലിക്ക് പോവുന്നവരും മറ്റ് ഒഴിച്ചുകൂടാനാവാത്ത യാത്രകൾക്കും വാഹനങ്ങളെ ആശ്രയിക്കുന്നവരാണ് അധികം ആളുകളും. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന കാര്യങ്ങളാണ്.
ഉറക്കം, അമിത ക്ഷീണം, നിർജലീകരണം, മാനസിക പിരിമുറുക്കം, പുറം വേദന, കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല ഹൈവേകളിൽ റോഡ് മരീചിക പോലെയുള്ള താൽക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്കരമാക്കും.

വേനൽ ചൂടിൽ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗിൽ ഉറക്കത്തിനുള്ള സാധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാൾ അപകടകരമാണ് പകൽ സമയത്തെ മയക്കം. റോഡിൽ കൂടുതൽ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് തന്നെ കാരണം. വേനല്‍ക്കാലത്ത് വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നമ്മുടെ സ്വന്തം മോട്ടോര്‍ വാഹന വകുപ്പ്. വാഹനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എംവിഡി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ;
റബർ ഭാഗങ്ങളും ടയറും വൈപ്പർ ബ്ലേഡുകളും ഫാൻ ബെൽറ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റിയിടുകയും ചെയ്യുക എന്നത് വേനൽക്കാല ഡ്രൈവിംഗിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ടയർ എയർ പ്രഷർ സ്വല്പം കുറച്ചിടുന്നതാവും ഉചിതം. ഒപ്പം റേഡിയേറ്റർ കൂളന്റിന്റെ അളവും ഇടയ്ക്കിടെ പരിശോധിക്കാം. കഴിയുന്നതും വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

വെയിലത്ത് പാർക്ക് ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ഡാഷ്ബോർഡിൽ കൊള്ളാത്ത രീതിയിൽ പാർക്ക് ചെയ്യുക. പാർക്ക് ചെയ്യുമ്പോൾ ഡാഷ് ബോർഡ് സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഘടിപ്പിക്കുന്നതും നല്ലതാണ്.പാർക്ക് ചെയ്യുമ്പോൾ ഡോർ ഗ്ലാസ് അൽപ്പം താഴ്ത്തി ഇടുകയും വൈപ്പർ ബ്ലേഡ് ഉയർത്തി വക്കുകയും ചെയ്യുക. ഉണങ്ങിയ ഇലകളോ മറ്റ് തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് എംവിഡി ഓർമിപ്പിക്കുന്നു.
വെയിലത്ത് നിർത്തിയിട്ടുള്ള വാഹനങ്ങളിൽ ഉണ്ടാകാവുന്ന ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനായി യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായു സഞ്ചാരം വരുന്ന രീതിയിൽ ഫാൻ ക്രമീകരിക്കുകയും സ്വൽപദൂരം വാഹനം ഓടിയതിനു ശേഷം മാത്രം എസി ഓൺ ചെയ്യുകയും ഗ്ലാസ് കയറ്റിയിടുകയും ചെയ്യുക പോലുള്ള കാര്യങ്ങളും വേനൽക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

പൊതുവേ ഇത്തരം സന്ദർഭങ്ങളിൽ ആദ്യമേ എസി ഓണാക്കി ചൂടിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുന്നതാണ് പതിവ്. പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും വെള്ളം വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക എന്നതും ഓർമിക്കാം. ഡാഷ്ബോർഡിൽ വെയിൽ നേരിട്ട് കൊള്ളുന്ന രീതിയിൽ ഇങ്ങിനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടുത്തത്തിന് ഉള്ള സാധ്യത ഉണ്ടായേക്കാം എന്നതാണ് ഇവ ഒഴിവാക്കാൻ പറയുന്നതിന്റെ കാരണം.
ബോട്ടിലുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കേണ്ട സംഗതിയാണെന്നും മോട്ടോർ വാഹന വകുപ്പ് ഓർമിപ്പിക്കുന്നുണ്ട്. തീപിടിത്തത്തിന് സാധ്യതയുള്ള സാധനങ്ങൾ, സ്പ്രേകൾ, സാനിറ്റൈസർ എന്നിവ ഒരുകാരണവശാലും വേനൽക്കാലത്ത് വാഹനത്തിൽ സൂക്ഷിക്കരുത്. ഇനി കാറുകൾക്ക് പുറമെ യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എംവിഡി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

ദീർഘ ദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളെയും നേരിടാൻ യാത്രയിൽ ഇടക്കിടെ ഇടവേളകൾ എടുക്കുകയും, ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക എന്നതും ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ജലാംശം അടങ്ങിയ പഴവർഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.
കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക. ചായയും മറ്റ് സോഫ്റ്റ് ഡ്രിക്സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കേണ്ടതും ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. നല്ല വെയിലത്ത് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷൻ നടക്കുവാനുള്ള സാധ്യതയുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കുക. ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാർ സ്‌റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുകയും ചെയ്യുക. കണ്ണിൻ്റെ ആയാസം കുറയ്ക്കാൻ ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക.
വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സൺഗ്ലാസ് ധരിക്കുക. പലർക്കും പൊതുവേ മടിയുള്ള കാര്യമാണ് ഇതെങ്കിലും കണ്ണിന്റെ സുരക്ഷയും ചൂടിനെ പ്രതിരോധിക്കാനും ഇവ സഹായിക്കും. അതിനാൽ ഇത് ശീലമാക്കേണ്ടത് അനിവാര്യമാണ്. തണൽ തേടി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിന്റെ അടിയിൽ അഭയം തേടാൻ ഇടയുണ്ട്. അതിനാൽ മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിൻ്റെ അടിഭാഗം ശ്രദ്ധിക്കുക.


Click it and Unblock the Notifications








