തട്ടിപ്പിനിരയാവേണ്ട, യൂസ്‌ഡ് കാർ വാങ്ങുംമുമ്പ് ആക്‌സിഡന്റ് ഹിസ്റ്ററി അറിയാൻ വഴിയുണ്ട്
കാർ വാങ്ങുക എന്ന സ്വപ്‌നം പേറി നടക്കുന്ന അനേകം ആളുകളാണ് നമുക്കിടയിലുള്ളത്. എന്നാൽ പുത്തനൊരു കാർ വാങ്ങുക എന്നത് ഇന്നത്തെ കാലത്ത് അത്ര ഈസിയായുള്ള സംഭവമല്ല. ഒരു സാധാരണ മോശമല്ലാത്ത ഇടത്തരം വാഹനം വാങ്ങണമെങ്കിൽ തന്നെ 7 മുതൽ 8 ലക്ഷം രൂപ വരെയെങ്കിലും മുടക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം.
പണ്ട് വില കുറവായിരുന്നെങ്കിൽ ലോണുകിട്ടാനൊക്കെ പാടായിരുന്നു. ഇന്ന് ലോണുകളും കാര്യങ്ങളുമൊക്കെ അനായാസം തരപ്പെടുമെങ്കിലും പുത്തൻ കാറിന്റെ വില പലർക്കും താങ്ങാനാവുന്ന ഒന്നല്ല. ഇത്തരക്കാർ കൂടുതലും ചെന്നെത്തുന്നത് സെക്കൻഡ് ഹാൻഡ് വാഹനങ്ങളിലേക്കാണ്. ഇന്ത്യയിൽ യൂസ്‌ഡ് കാറുകളുടെ ഡിമാന്റ് കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നും ഇതുന്നെയാണ്. പക്ഷേ പുതിയ ഒന്നിനെ കൂടെക്കൂട്ടുന്നതുപോലെയല്ല സെക്കൻഡ് ഹാൻഡ് മോഡലുകളുടേത്. ഇതൊരൽപം റിസ്ക്ക് പിടിച്ച തീരുമാനമാണ്.

നോക്കിയും കണ്ടുമെല്ലാം വാങ്ങിയില്ലെങ്കിൽ പണിവരുന്ന വഴിയറിയില്ല. വലിയ അപകടങ്ങളിലെല്ലാം പെട്ടവണ്ടികളെല്ലാം പണിതെടുത്ത് ഉയർന്ന വിലക്ക് വിൽക്കുന്നതു പോലെയെല്ലാമുള്ള തട്ടിപ്പുകൾ യൂസ്‌ഡ് കാർ വിപണിയിലെ സ്ഥിരം കാഴ്ച്ചകളാണ്. ഈ തട്ടിപ്പിനെ മറികടക്കാനായി കാറിന്റെ ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഇത്തരം സംഗതികളെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം. പക്ഷേ ഇതിലും വലിയ തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല.
പക്ഷേ ഒരുപരിധി വരെ അപടകം പറ്റിയ കാറുകളെ തിരിച്ചറിയാൻ ആക്‌സിഡന്റ് ഹിസ്റ്ററി പല ഘട്ടങ്ങളിലും ഏറെ സഹായിക്കാറുണ്ട്. യൂസ്ഡ് വാഹനം വാങ്ങുന്നതിനു മുന്നോടിയായി ഇക്കാര്യം പരിശോധിക്കാൻ എന്തെല്ലാം ചെയ്യേണമെന്ന് പറഞ്ഞുതരാം. അതിനു മുമ്പ് ആക്സിഡന്റ് കാറുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് കൃത്യമായി ഒന്നു വിശദീകരിക്കാം. ചെറിയ തട്ടലും മുട്ടലുമൊന്നുമില്ലാതെ വണ്ടി കൊണ്ടുനടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആയതിനാൽ ഇത്തരം വാഹനങ്ങളെയല്ല പൊതുവേ ആക്‌സിഡന്റ് കാറുകൾ എന്ന് വിശേഷിപ്പിക്കുന്നത്.

ഒന്നോ അതിലധികമോ അപകടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വാഹനത്തെയും അതിന്റെ മൊത്തത്തിലുള്ള ഘടനയിലോ ഫ്രെയിമിലോ എന്തെങ്കിലും കേടുപാടുകൾ സംഭവിക്കാൻ കാരണമാവും. ഇത്തരം മോഡലുകളെയാണ് ആക്‌സിഡന്റൽ വാഹനം എന്ന് വിളിക്കാവുന്നവ. കാറിന് ഇൻഷുറൻസുണ്ടെങ്കിൽ ക്ലെയിം ചെയ്‌ത് നന്നാക്കുകയാണ് ഏവരുടേയും പതിവ്. ഈ സാഹചര്യങ്ങളിലെല്ലാം, ഇൻഷുറൻസ് കമ്പനി നാശനഷ്ടം വിലയിരുത്തുന്നു. ശരിയായ പരിശോധനയ്ക്ക് ശേഷം വാഹനം റിപ്പയർ ചെയ്യാനാവുമോ അല്ലെങ്കിൽ ടൊട്ടൽ ലോസാണോ എന്ന കാര്യവും ഇതിൽ പരിശോധിക്കും.
അറ്റകുറ്റപ്പണിയുടെ ചെലവ് വാഹനത്തിന്റെ മൂല്യത്തേക്കാൾ കൂടുതലാണെങ്കിലാണ് അത് ടൊട്ടൽ ലോസായി വിലയിരുത്തുന്നത്. അത്തരം സന്ദർഭങ്ങളിൽ, ഇൻഷുറൻസ് കമ്പനി വാഹനത്തിന്റെ ന്യായമായ മാർക്കറ്റ് മൂല്യം ഉടമയ്ക്ക് നൽകുകയും വണ്ടി കൈവശപ്പെടുത്തുകയും ചെയ്യും. തുടർന്ന് ഇത്തരം കാറുകൾ സ്ക്രാപ്‌യാർഡുകൾക്ക് വിൽക്കുകയും ചെയ്യും. തുടർന്ന് കാർ പുതുക്കിപ്പണിയണോ അതോ പണത്തിനായി സ്ക്രാപ്പ് കച്ചവടം ചെയ്യണോ എന്ന് സ്ക്രാപ്‌യാർഡാണ് തീരുമാനിക്കുന്നത്.

പൊതുവേ ആക്‌സിഡന്റ് വണ്ടികൾക്ക് റീസെയിൽ മൂല്യം കുറവായിരിക്കും. ചിലർ ഇത് ഒറ്റനോട്ടത്തിൽ കണ്ടെത്താനാവാത്ത രീതിയിൽ പുതുക്കിപണിത് കൊള്ളലാഭം കൊയ്യാനും ശ്രമിക്കാറുണ്ട്. തകർന്ന ഭാഗങ്ങളോ മറ്റ് കാര്യങ്ങളോ ഉപഭോക്താവ് കണ്ടെത്താതെ വാങ്ങികൊണ്ട് പോയി പണികിട്ടിയിട്ടുള്ള ഒട്ടേറെ സംഭവങ്ങൾ നാം കേട്ടിട്ടുണ്ടാവും. യൂസ്‌ഡ് കാറുകൾ വാങ്ങുമ്പോൾ ഒരു പ്രൊഫഷണൽ മെക്കാനിക്കിനെക്കൊണ്ട് പരിശോധിക്കുന്നതാണ് ഏറ്റവും ഉചിതം. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിട്ടുണ്ടെന്നും കാർ ഓടിക്കാൻ സുരക്ഷിതമാണെന്നും ഇതിലൂടെ ഉറപ്പാക്കുക.
വണ്ടി വാങ്ങുന്നതിനു മുമ്പ് വാഹനത്തിന്റെ ആക്‌സിഡന്റ് ഹിറ്ററി പരിശോധിക്കുന്നതാണ് ഏറ്റവും നല്ല പരിഹാരം. ഇൻഷുറൻസ് ക്ലെയുമുകൾ ഉണ്ടെങ്കിലും കാര്യങ്ങൾ കൃത്യമായി മനസിലാക്കാം. ചിലർ തകരാറുകൾ മറച്ചുവെക്കാൻ സർവീസ് ഹിസ്റ്ററിയൊന്നും ഇല്ലായെന്ന് പറയാറാണ് പതിവ്. ഇന്ത്യയിലെ ഒരു വാഹനത്തിന്റെ ആക്‌സിഡന്റ് ഹിറ്ററി എങ്ങനെ പരിശോധിക്കാം എന്ന് ഇനി പറഞ്ഞുതരാം.

കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിന്നോ (RC) അല്ലെങ്കിൽ നമ്പർ പ്ലേറ്റിൽ നിന്നോ നിങ്ങൾക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിക്കുമല്ലോ. ഇതുമായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിനായി, "RTO വെബ്സൈറ്റ്" + സംസ്ഥാനത്തിന്റെ പേര് ടൈപ്പ് ചെയ്ത് "വെഹിക്കിൾ ഇൻഫർമേഷൻ" വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുകയാണ് വേണ്ടത്. അതിനു ശേഷx കാറിന്റെ ആക്‌സിഡന്റ് റെക്കോർഡ് പരിശോധിക്കാൻ രജിസ്ട്രേഷൻ നമ്പർ നൽകുക.
കാർ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റ് ഉടനടി നൽകും. കാർ "സ്ക്രാപ്പ്" വാഹനമായി പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും പിന്നീട് നവീകരിച്ച യൂണിറ്റാണോ എന്നും ഇത് വെളിപ്പെടുത്തും. ഹിസ്റ്ററി പരിശോധിക്കാൻ നിങ്ങൾക്ക് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) വെബ്സൈറ്റും സന്ദർശിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ, ഫിറ്റ്നസ്, നികുതി, ഇൻഷുറൻസ് വിശദാംശങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇത് വാഗ്ദാനം ചെയ്യും.

മുകളിൽ സൂചിപ്പിച്ച ഓപ്ഷനുകൾ എന്തെങ്കിലും കാരണങ്ങളാൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഒരു കാറിന്റെ ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കാൻ കഴിയും. വാഹനത്തിന്റെ അപകട ചരിത്രം, മുൻ ഉടമകളുടെ എണ്ണം, അതിന്റെ സർവീസ് ഹിസ്റ്ററി എന്നിവയെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും ഇത് നൽകുന്നുണ്ട്.
ആശയക്കുഴപ്പമുണ്ടാക്കുന്ന അല്ലെങ്കിൽ പൊരുത്തമില്ലാത്ത വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൂടുതൽ വ്യക്തതയ്‌ക്കും എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി ഉടൻ തന്നെ ബന്ധപ്പെട്ട ആർടിഒയെയോ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തെയോ ബന്ധപ്പെടുക. ആക്‌സിഡന്റ് ഹിസ്റ്ററിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന പല വെഹിക്കിൾ ഇൻസ്പെക്ഷൻ ഏജൻസികളും നമ്മുടെ നാട്ടിലുണ്ട്. സൂക്ഷ്മമായ പരിശോധനക്ക് സമയമില്ലെങ്കിലോ അറിയില്ലെങ്കിലോ ഇത് വളരെ ഉപയോഗപ്രദമാവും.


Click it and Unblock the Notifications








